Follow Us On

22

February

2024

Thursday

സൂര്യനെ തോല്പിച്ച കുരിശുമായ്….

സൂര്യനെ തോല്പിച്ച കുരിശുമായ്….

പരുമല തിരുമേനി എന്നു വിളിക്കപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ ചിത്രമെടുക്കാനെത്തിയതായിരുന്നു ഡിക്രൂസ് സായിപ്പ്. അഞ്ചു ദിവസത്തോളം ശ്രമിച്ചിട്ടും ഫോട്ടോ എടുക്കാൻ സാധിച്ചില്ല. അമിതമായ വെളിച്ചമായിരുന്നു കാരണം. തന്റെ ദുഃഖം ഡിക്രൂസ് സായിപ്പ് തിരുമേനിയോട് പറഞ്ഞു. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ മലങ്കരയിലെ മെത്രാന്മാരുടെ പാരമ്പര്യവേഷം കാണിക്കുന്നതിനായി ദിവാൻ പേഷ്‌കാർ ഗാമയ്യായുടെ ആവശ്യപ്രകാരം എത്തിയതായിരുന്നു കൊട്ടാരത്തിലെ സർക്കാർ ഫോട്ടോഗ്രാഫറായ ഡിക്രൂസ് സായിപ്പ്.
സായിപ്പിന്റെ വിഷമം കേട്ടപ്പോൾ തിരുമേനി ധ്യാനനിമഗ്നനായി. ഒരു നിമിഷം! കൈയിലുണ്ടായിരുന്ന സ്വർണക്കുരിശ് ആകാശത്തിലേക്കുയർത്തി കുരിശിന്റെ ആകൃതിയിൽ വാഴ്ത്തി. വിസ്മയമെന്നേ പറയേണ്ടൂ. കത്തി ജ്വലിച്ചുനിന്ന സൂര്യന്റെമേൽ കാർമേഘം വന്നുമൂടി. നല്ല പാകമായ വെളിച്ചം. സ്റ്റുഡിയോ ലൈറ്റായാൽപോലും ഇത്ര നന്നാവില്ല. ഡിക്രൂസ് വേഗത്തിൽ പശ്ചാത്തലം ക്രമീകരിച്ച് പരുമല തിരുമേനിയുടെ ഫോട്ടോ എടുത്തു. നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും മേഘം എങ്ങോ പോയിമറഞ്ഞു. കത്തി ജ്വലിക്കുന്ന സൂര്യഗോളം മാത്രം.
തിരുവനന്തപുരം സെന്റ് ജോർജ് യാക്കോബായ ദൈവാലയ അങ്കണത്തിൽ 1902 ജനുവരിയിലായിരുന്നു സംഭവം. പരുമല തിരുമേനി കറുത്ത കുപ്പായം ധരിച്ച് അംശവടിയും തൊപ്പിയും കുരിശുമാലയുമണിഞ്ഞ് സ്ലീബാ കൈയിൽ പിടിച്ച് ഇടതുഭാഗത്തേക്ക് അല്പം ചെരിഞ്ഞുനിൽക്കുന്ന ചിത്രമായിരുന്നു ഡിക്രൂസ് സായിപ്പിന്റേത്. ഈ ചിത്രം തന്നെയാണ് തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ പ്രസിദ്ധീകരിച്ചത്. ഈ ചിത്രം നോക്കി ആർട്ടിസ്റ്റുകൾ തിരുമേനിയുടെ ചിത്രം വരച്ച് വിശ്വാസികളുടെ ഇടയിലേക്കെത്തിച്ചു. തിരുമേനി പരമഭക്തൻ മാത്രമല്ല, ദിവ്യപുരുഷനുമായിരുന്നു. അന്നത്തെ ചിത്രമെടുപ്പ് ഒരു അത്ഭുത സംഭവംതന്നെയായിരുന്നുവെന്ന് ഡിക്രൂസ് സായിപ്പ് സാക്ഷ്യപ്പെടുത്തി.
മലങ്കരയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസിന്റെ കബർ സ്ഥിതി ചെയ്യുന്ന പരുമല ഇന്ന് ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രമാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പള്ളത്തട്ട കുടുംബത്തിൽപെട്ട ചാത്തുരുത്തി തറവാട്ടിൽ 1848 ജൂൺ 15-ന് ജനിച്ച ‘കൊച്ചയിപ്പോര’ എന്ന ഗീവർഗീസാണ് പിന്നീട് പരുമല തിരുമേനി ആയി പ്രസിദ്ധനായത്. കൊച്ചുമത്തായിയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച കൊച്ചയിപ്പോര 1858-ൽ കോറൂയോ സ്ഥാനമേറ്റ് ആധ്യാത്മികതയുടെ പ്രകാശനാളങ്ങൾ ബാല്യത്തിൽത്തന്നെ ഏറ്റുവാങ്ങി, പതിമൂന്നാം വയസിൽ യുയാക്കിം മാർ കൂറിലോസിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. ഇടവക വികാരിയുടെ ചുമതല സ്വീകരിച്ച് വൈദികനായി പ്രവർത്തിക്കുന്നിനെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടത് ദയറാവാസമായിരുന്നു. വെട്ടിയ്ക്കൽ ദയറായിൽ ചെലവഴിച്ച പ്രാർത്ഥനയുടെയും ഏകാന്തധ്യാനത്തിന്റെയും നിമിഷങ്ങൾ പരുമല തിരുമേനിയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.
1872-ൽ ജോസഫ് മാർ ദിവന്നാസിയോസിൽനിന്ന് റമ്പാൻപട്ടം സ്വീകരിച്ചു. 1876 ഡിസംബർ പത്തിന്- തന്റെ 28-ാം വയസ്സിൽ- അന്ത്യോക്യാ പാത്രിയർക്കീസായിരുന്ന പൗലോസ് തൃതീയൻ, പറവൂർ ദൈവാലയത്തിൽവച്ച് എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്തു. അന്ന് മലങ്കരയിലുണ്ടായിരുന്ന ഏഴ് മെത്രാൻമാരിൽ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്ന അദ്ദേഹം നാൽപതുദിവസം വെട്ടിയ്ക്കൽ ദയറായിൽ ധ്യാനത്തിലും പ്രാർത്ഥനയിലും ചെലവഴിച്ചു. നിരണം ഭദ്രാസനാധിപനായി പരുമല കേന്ദ്രമാക്കിയാണ് മാർ ഗ്രിഗോറിയോസ് പ്രവർത്തിച്ചത്. ഭദ്രാസന ഭരണത്തോടൊപ്പം വൈദികരെ പരിശീലിപ്പിക്കുന്നതിനും സാധുജന പരിപാലനത്തിനും വിദ്യാഭ്യാസ പ്രവർത്തനത്തിനും സുവിശേഷ പ്രചരണത്തിനും പരുമല തിരുമേനി നേതൃത്വം നൽകി. നോമ്പ്, പ്രാർത്ഥന, ഉപവാസം എന്നിവയിൽ അധിഷ്ഠിതമായ വിശുദ്ധ ജീവിതശൈലിയിലൂടെ പരുമല തിരുമേനി വിഖ്യാതനായി.
ജീവിച്ചിരുന്നപ്പോൾത്തന്നെ വിശുദ്ധനായി അറിയപ്പെട്ടിരുന്ന തിരുമേനി 1902 നവംബർ രണ്ടിന് കാലം ചെയ്തു. പരുമല തിരുമേനി ഇഹലോകവാസം വെടിഞ്ഞപ്പോൾ പരുമലയിൽ നിലവിളിയായിരുന്നുവെന്നും ആകാശത്തേക്ക് അഗ്നി പറന്നുയർന്നുവെന്നും പറയപ്പെടുന്നു. തിരുമേനിയുടെ ജീവിതവിശുദ്ധിയെ ആദരിച്ച് മലങ്കര ഓർത്തഡോക്‌സ് സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. തിരുമേനിയുടെ ജീവിതവീക്ഷണം വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ കൽപനകളും പ്രഭാഷണങ്ങളും. മലയാളത്തിൽ അച്ചടിച്ച ലക്ഷണമൊത്ത ആദ്യത്തെ യാത്രാവിവരണമായ ‘ഊർശ്ലേം യാത്രാവിവരണ’ത്തിന്റെ കർത്താവ് പരുമല തിരുമേനിയാണ്.
ജയ്‌സ് കോഴിമണ്ണിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?