Follow Us On

03

July

2022

Sunday

പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

‘പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഈശോ നൽകുന്ന ഏക പ്രതിവിധി ഉണർന്നിരുന്ന് പ്രാർത്ഥിക്കുക എന്നതാണ്. നോമ്പിലെ വിശുദ്ധ ദിനങ്ങളിൽ ഉണർവുള്ളവരാകാം, പ്രലോഭനങ്ങളെ അകറ്റി കൃപ നിറഞ്ഞവരാകാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 35

നോമ്പിലെ അഞ്ചാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്ന ഈ ഞായറാഴ്ച ഗത്‌സെമനിയിൽ തീവ്രദുഃഖത്താൽ പ്രാർത്ഥിക്കുന്ന ഈശോ ആയിരിക്കട്ടെ നമ്മുടെ മാതൃകയും പ്രചോദനവും.

‘അനന്തരം യേശു അവരോടൊത്ത് ഗത്‌സെമനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യൻമാരോടു പറഞ്ഞു: ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക. അവൻ പത്രോസിനെയും സെബദിയുടെ ഇരുപുത്രൻമാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി. അവൻ അവരോടു പറഞ്ഞു: തീവ്രദുഃഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങൾ എന്നോടൊത്ത് ഉണർന്നിരിക്കുക. അവൻ അൽപ്പദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നു വീണു പ്രാർത്ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ. അനന്തരം അവൻ ശിഷ്യൻമാരുടെ അടുത്തേക്കുവന്നു. അപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്,’ (മത്തായി 26: 36-41)

നമ്മുടെ രക്ഷകനായ ഈശോ ഒരു തോട്ടത്തിൽ പീഡാസഹനത്തിനുവേണ്ട കരുത്തു ലഭിക്കാൻ പ്രാർത്ഥിച്ചൊരുങ്ങുന്നു. ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ യഥാർത്ഥ സ്‌നേഹപദ്ധതിയിൽനിന്ന് പിന്തിരിഞ്ഞത് ഒരു തോട്ടത്തിലാണ്; ഇതാ മറ്റൊരു തോട്ടത്തിൽ, ലോകരക്ഷകനായ ഈശോ കുരിശിന്റെ കൃപകൾ നമുക്ക് നേടിത്തരാൻ പ്രാർത്ഥിച്ചൊരുങ്ങുന്നു. ആർ കെന്റ് ഹ്യൂഗ്‌സ് എന്ന അമേരിക്കൻ ദൈവശാസ്ത്രജ്ഞൻ ഏദൻ തോട്ടവും ഗത്‌സെമൻ തോട്ടവും തമ്മിലുള്ള ചില താരതമ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്:

‘ആദ്യത്തെ ആദം ഒരു തോട്ടത്തിൽ ജീവിതം ആരംഭിച്ചു, അവസാനത്തെ ആദമായ ഈശോ തന്റെ ജീവിതാവസാനം ഒരു തോട്ടത്തിലെത്തി. ഏദനിൽ ആദം പാപം ചെയ്തു, ഗത്‌സെമനിയിൽ രക്ഷകൻ പാപത്തെ ജയച്ചു. ഏദനിൽ ആദം പരാജിതനായി, ഗത്‌സേമനിയിൽ ഈശോ വിജയിച്ചു. ഏദനിൽ ആദം സ്വയം ഒളിച്ചു, ഗത്‌സെമനിയിൽ നമ്മുടെ കർത്താവ് ധൈര്യത്തോടെ തന്നെത്തന്നെ വെളിപ്പെടുത്തി.’

എങ്ങനെ പ്രാർത്ഥിക്കണമെന്ന് ഗത്‌സെമനിയിൽ ഈശോ നമ്മെ പഠിപ്പിക്കുന്നു, പ്രാർത്ഥനയ്ക്കായി സ്വസ്ഥതയും ഏകാന്തതയും പിന്തുടരേണ്ടതിന്റെ ആവശ്യകത അവിടുന്ന് നമുക്ക് കാണിച്ചുതരാൻ ‘ഈശോ അൽപ്പദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നു വീണു പ്രാർത്ഥിച്ചു’. ദൈവത്തെ പിതാവ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഈശോയുടെ പ്രാർത്ഥന. തന്റെ ജീവിതത്തിൽ വരാനിരിക്കുന്നതെല്ലാം പിതാവിന്റെ സ്വർഗീയ ഹിതത്തിന് വീണ്ടും ഭരമേൽപ്പിക്കുന്നു. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ പിതാവ് അയച്ച പുത്രൻ പിതൃഹൃദയത്തോടു ചേർന്നു നിൽക്കാൻ അവിടുന്നുമായി ഗത്‌സെമനിയിൽ ഒരു ഉടമ്പടി സ്ഥാപിക്കുന്നു: ‘അവിടുത്തെ ഹിതംപോലെയാകട്ടെ.’ കുരിശുമരണത്തിനായുള്ള ഈശോയുടെ ‘ഫിയാത്താ’യിരുന്നു അത്.

‘വിശുദ്ധ മണിക്കൂർ’ എന്നറിയപ്പെടുന്ന കത്തോലിക്കാ പ്രാർത്ഥനാ പാരമ്പര്യത്തിന്റെ മൂലരൂപം ഗത്‌സെമൻ തോട്ടത്തിലെ ഈശോയുടെ പ്രാർത്ഥനയിൽനിന്നാണ് ആവിർഭവിക്കുന്നത്. തന്നോടൊപ്പം ഉണർന്നിരുന്നു പ്രാർത്ഥിക്കാൻ ഈശോ നമ്മെ ക്ഷണിക്കുന്നു. ഉണർവോടുകൂടിയുള്ള പ്രാർത്ഥനകൾക്കു മുമ്പിൽ പ്രലോഭകൻ വഴി മാറി ഓടിയകലും.

ഈശോയുടെ ആഹ്വാനം സ്വീകരിച്ച് വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്ക്, എല്ലാ വ്യാഴാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കുമായിരുന്നു. കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും ‘മിഷനറീസ് ഓഫ് ചാരിറ്റീസി’ലെ സഹോദരിമാരും പ്രേക്ഷിത ദൗത്യത്തിന് കരുത്തു നേടിയിരുന്നത് ഉണർവോടെ എല്ലാ ദിവസവും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തിയാണ്.

ഗത്‌സെമൻ തോട്ടത്തിലെ ഈശോയുടെ പ്രാർത്ഥനയുടെ ആദ്യ മണിക്കൂറിൽ ശിഷ്യന്മാർ ഉറങ്ങിയതിനെപ്പറ്റി ഫുൾട്ടൺ ഷീൻ ഇപ്രകാരം എഴുതുന്നു: ‘അന്നുമുതൽ സഭയുടെ ചരിത്രത്തിൽ പലപ്പോഴും, തിന്മ ഉണർന്നിരുന്നു, പക്ഷേ ശിഷ്യന്മാർ ഉറങ്ങുകയായിരുന്നു. അതിനാലാണ് ഈശോയുടെ ഏകാന്തവും കഠിന വേദന നിറഞ്ഞതുമായ ഹൃദയത്തിൽനിന്ന് എന്നോടൊപ്പം ഒരു മണിക്കൂർ കാണാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? എന്ന നെടുവീർപ്പ് ഉണ്ടായത്.’

തന്റെ മൗതീകശരീരമായ സഭയ്ക്കു വേണ്ടിയുള്ള ഈശോയുടെ പ്രാത്ഥനയായി ഗത്‌സെമൻ തോട്ടത്തിലെ ഈശോയുടെ പ്രാർത്ഥനയെ നമുക്ക് വ്യാഖാനിക്കാം. അന്ധകാരത്തിന്റെ കാര്യസ്ഥന്മാർ നന്മയെ വിഴുങ്ങാൻ തയാറെടുക്കുമ്പോൾ, പ്രകാശത്തിന്റെ ദാസന്മാർ തളർന്ന് ഉറങ്ങിയാൽ തോൽവി സുനിശ്ചയമാകും. താൻ സഹിക്കാനിരിക്കുന്ന പീഡാസഹനങ്ങളെക്കാൾ ശിഷ്യന്മാരുടെ കഷ്ടപ്പാടുകളാണ് ഈശോയുടെ ദുഃഖത്തിന് കാരണമെന്ന് വിശുദ്ധ ജെറോം പഠിപ്പിക്കുന്നു. അപ്പോസ്തലന്മാരെ കുറിച്ചുള്ള വേദന, സഭയ്ക്കു വേണ്ടിയുള്ള അവിടുത്തെ വേദനയായിരുന്നു.

പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഈശോ നൽകുന്ന ഏക പ്രതിവിധി ഉണർന്നിരുന്ന് പ്രാർത്ഥിക്കുക എന്നതാണ്. നോമ്പിലെ വിശുദ്ധ ദിനങ്ങളിൽ ഉണർവുള്ളവരാകാം, പ്രലോഭനങ്ങളെ അകറ്റി കൃപ നിറഞ്ഞവരാകാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?