Follow Us On

04

June

2023

Sunday

ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

‘കർത്താവിനെ സ്തുതിക്കുന്നവനിൽനിന്ന് കർത്താവിനെ വഞ്ചിക്കുന്നവനിലേക്കുള്ള പരിണാമം, സൂക്ഷിച്ചില്ലെങ്കിൽ ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണന്ന ബോധ്യം അനുദിനം നമ്മെ നയിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 36

യഹൂദമതത്തിൽ സർവ സാധാരണയായി കണ്ടിരുന്ന ഒരു നാമമാണ് യൂദാസ്. ‘കർത്താവിനെ സ്തുതിക്കുക’ എന്നാണ് ഈ പേരിന്റെ അർത്ഥം. കർത്താവിനെ സ്തുതിക്കുന്നവനിൽനിന്ന് കർത്താവിനെ വഞ്ചിക്കുന്നവനിലേക്കുള്ള പരിണാമം സൂക്ഷിച്ചില്ലെങ്കിൽ ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണന്ന് നോമ്പുകാലം നമ്മോട് പറഞ്ഞുതരുന്നു.

മത്തായിയുടെ സുവിശേഷം 26-ാം അധ്യായം 14 മുതൽ 25 വരെയുള്ള വാക്യങ്ങളിൽ യൂദാസിന്റ വഞ്ചനയെക്കുറിച്ച് പ്രതിപാദിക്കുന്നു. യൂദാസ് മറ്റ് ശിഷ്യരേക്കാൾ മോശമായിരുന്നിരിക്കണം എന്നാണ് നാം പലപ്പോഴും വിചാരിക്കുന്നത്. അത് ശരിയായിരുന്നെങ്കിൽ ‘നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും’ എന്ന് ഈശോ പറഞ്ഞപ്പോൾ എല്ലാവരും അവനെ സംശയിക്കുമായിരുന്നു.

പക്ഷേ, യൂദാസ് അവരിൽനിന്ന് മോശമായി വേറിട്ടുനിന്നവനായിരുന്നില്ല. അതുകൊണ്ടുതന്നെ അവരാരും യൂദാസിനെ സംശയിച്ചുമില്ല. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ഈശോ പറയുമ്പോൾ ശിഷ്യമാർ ‘അതീവ ദുഃഖിതരായി; കർത്താവേ, അത് ഞാൻ അല്ലല്ലോ എന്ന് ഓരോരുത്തരും അവനോട് ചോദിക്കാൻ തുടങ്ങി,’ (മത്തായി 26: 22) എന്ന് തിരുവചനം സാക്ഷിക്കുന്നു.

ഒരു വലിയ അപ്പസ്‌തോലനാകാൻ ആവശ്യമായതെല്ലാം യൂദാസിനുണ്ടായിരുന്നു. മഹത്തായ ഒരു ഹൃദയമുണ്ടായിരുന്നതിനാലാവണം ഈശോ അവനെ തിരഞ്ഞെടുത്തത്. ദൈവം ഒരിക്കലും ആരെയും പരാജയത്തിലേക്ക് നയിക്കുന്നില്ല. അപ്പോൾ അവന് എന്താണ് സംഭവിച്ചത്. ശിഷ്യത്വത്തിന്റെ ഒരു ഘട്ടത്തിൽ യൂദാസിന് ജാഗ്രതക്കുറവുണ്ടായി. ഈശോയുമായുള്ള സൗഹൃദത്തിൽനിന്ന് ചെറുതായി അകലാൻ തുടങ്ങി.

ഈശോയുടെ ശിഷ്യനായിരിക്കുമ്പോഴും ഗുരുമുഖത്തുനിന്ന് ദൃഷ്ടി മാറിയപ്പോൾ ജാഗ്രതക്കുറവ് സംഭവിച്ചു. ഏകാഗ്രത നഷ്ടപ്പെട്ട അവന് ജീവിത തകർച്ചയുണ്ടാകുന്നു, ലോകചരിത്രത്തിലെ കൊടുക്രൂരയ്ക്ക് അവൻ പങ്കാളിയാകുന്നു. ചെറിയ ചെറിയ ജാഗ്രത കുറവുകൾ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുമ്പോൾ കൂടെ നടക്കുമ്പോഴും മറ്റുള്ളവർ അത് ശ്രദ്ധിച്ചെന്നു വരില്ല.

ലാഘവത്തോടെ ചെറുതായി, ചെറിയ കാര്യങ്ങളിൽ നാം കാണിക്കുന്ന ഉപേക്ഷകൾ പിന്നീട് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിലേക്കും അവസാനം യൂദാസിലേക്കും നമ്മെ എത്തിച്ചേക്കാം. ക്രിസ്തീയ ജീവിതത്തിൽ മുന്നോട്ട് പോകുന്നതിന് ജാഗ്രത വളരെ ആവശ്യമാണ്. ചെറിയ കാര്യങ്ങൾ തുടർച്ചായി അവഗണിച്ചാൽ ജിവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരും എന്നു സാരം.

യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ ഈശോയുടെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം കുടിക്കുകയും ചെയ്യണമെന്ന സത്യം വിശ്വസിക്കാൻ യൂദാസിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഈശോ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു- ‘എന്നാൽ, വിശ്വസിക്കാത്തവരായി നിങ്ങളിൽ ചിലരുണ്ട്. അവർ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവൻ ആരെന്നും ആദ്യം മുതലേ അവൻ അറിഞ്ഞിരുന്നു, (യോഹ. 6: 64).

പിന്നീട് പന്ത്രണ്ടുപേരോടുമായി ഈശോ ചോദിച്ചു: ‘നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?,’ (യോഹ. 6: 67). കൂട്ടത്തിൽനിന്ന് പുറത്തുപോകാനും സത്യസന്ധനായി തുടരാനും യൂദാസിന് ഈശോ അവസരം നൽകിയതാണ്, പക്ഷേ, ഒരു കപട ശിഷ്യനായി അവൻ ശിഷ്യഗണത്തിൽ തുടരുന്നു. കാപട്യക്കാരനായ അവനെ ഈശോ വിശേഷിപ്പിക്കുക ‘പിശാച്’ എന്നാണ്- ‘നിങ്ങളിൽ ഒരുവൻ പിശാചാണ്,’ (യോഹ. 6: 70). ഈ കപടതയാണ് ദൈവപുത്രനെ ഒറ്റിക്കൊടുക്കുക എന്ന വഞ്ചനയിലേക്ക് യൂദാസിനെ നയിക്കുന്നത്.

ഈശോയിലുള്ള വിശ്വാസത്തിൽ വളരുന്നതിന് ശിഷ്യൻ ശ്രമിച്ചില്ലെങ്കിൽ ഒറ്റുകാരനായി മാറിയാലും അതിൽ അതിശയിക്കേണ്ടതില്ല. നമ്മുടെ ക്രിസ്തീയ വിശ്വാസമാണ് നമുക്ക് ദൈവത്തിൽനിന്ന് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം. ഈ ബോധ്യത്തോടെ ആ വിശ്വാസം വളർത്തുന്നതിനും ശക്തമാകുന്നതിനും ജാഗ്രതയോടെ ശ്രമിച്ചില്ലെങ്കിൽ യൂദാസിന്റെ പാത നമ്മെയും കാത്തിരിക്കുന്നുണ്ടെന്നത് വിസ്മരിക്കരുത്.

നോമ്പുകാലം സവിശേഷമായ രീതിയിൽ ക്രൈസ്തവ സാക്ഷ്യം നൽകേണ്ട സമയമാണ്. ക്രൈസ്തവരാണെന്ന് വെളിപ്പെടുത്താൻ നാം മടി കാണിക്കുമ്പോൾ ചെറിയ രീതിയിലെങ്കിലും ഈശോയെ നാം ഒറ്റിക്കൊടുക്കുന്നു. ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും അനുഭവം എപ്പോഴും ക്രൈസ്തവ ബോധ്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള ധൈര്യം നമുക്കു നൽകട്ടെ.

ഞാൻ ക്രൈസ്തവനാണന്ന് ഏറ്റുപറയുകയും മറ്റുള്ളവർ ‘ഞാൻ’ ക്രിസ്തുവിന്റെ അനുയായിയാണന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന നിമിഷങ്ങളിൽ അവ സന്തോഷപൂർവം അംഗീകരിക്കാനും തദനുസരണം ജീവിക്കാനും നാം ശ്രദ്ധിക്കണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?