Follow Us On

19

April

2024

Friday

ഇന്ത്യൻ വംശജനായ വൈദീകൻ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ രൂപതയുടെ തലപ്പത്തേക്ക്!

ഇന്ത്യൻ വംശജനായ വൈദീകൻ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ രൂപതയുടെ തലപ്പത്തേക്ക്!

ഒഹായോ: ഇന്ത്യൻ വംശജനും സിൻസിനാറ്റി അതിരൂപതയുടെ ഭൂതോച്ചാടകനുമായ ഫാ. ഏൾ കെ. ഫെർണാണ്ടസിനെ ഒഹായോയിലെ കൊളംബസ് രൂപതയുടെ ബിഷപ്പായി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വംശജനായ വൈദീകൻ ഒരു അമേരിക്കൻ രൂപതയുടെ ഇടയദൗത്യത്തിലെത്തുന്നത്. യു.എസിലെ പേപ്പൽ ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയറാണ് ഇതുസംബന്ധിച്ച പേപ്പൽ പ്രഖ്യാപനം പരസ്യപ്പെടുത്തിയത്. കൊളംബസ് രൂപതയുടെ 13-ാമത് ഇടയനായ 50 വയസുകാരൻ ഫാ. ഏൾ ഫെർണാണ്ടസിന്റെ മെത്രാഭിഷേകം മേയ് 31ന് നടക്കും.

മുംബൈയിൽനിന്ന് കുടിയേറിയ ഓസ്വാൾഡ്- ടെൽമ ഫെർണാണ്ടസ് ദമ്പതികളുടെ മകനായി 1972 സെപ്തംബർ 21ന് ഒഹായോയിലെ തോലദോയിലാണ് ഏൾ ജനിച്ചത്. 1994ൽ തോലദോ സർവകലാശാലയിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദം നേടിയശേഷം സാൽഫോർഡ് സർവകലാശാലയിൽ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് പൗരോഹിത്യ വിളി തിരിച്ചറിഞ്ഞ് സെമിനാരി അർത്ഥിയായത്. 2002ൽ സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരീസ് ദൈവാലയത്തിൽവെച്ചായിരുന്നു തിരുപ്പട്ട സ്വീകരണം.

അധ്യാപികയായിരുന്ന അമ്മയുടെയും മെഡിക്കൽ ഡോക്ടറായ പിതാവിന്റെയും മാതൃകാപരമായ പ്രാർത്ഥനാ ജീവിതമാണ് തന്റെ വിശ്വാസരൂപീകരണത്തിൽ നിർണായകമായതെന്ന് നിയുക്ത ബിഷപ്പ് ഏൾ സാക്ഷ്യപ്പെടുത്തുന്നു. സിൻസിനാറ്റി അതിരൂപതയിലെ ഹോളി ഏഞ്ചൽസ് ഇടവക വികാരിയായും സിഡ്നിയിലെ ലേമാൻ കാത്തലിക് ഹൈസ്‌കൂളിൽ മതാധ്യാപകനായും സേവനമനുഷ്ഠിച്ച ഇദ്ദേഹം 2004ൽ റോമിലെ അൽഫോൻസിയൻ അക്കാദമിയിൽ മോറൽ തിയോളജിയിൽ ഉന്നത പഠനത്തിന് അയക്കപ്പെട്ടു.

2008 മുതൽ 2016 വരെ മൗണ്ട് സെന്റ് മേരീസ് ഓഫ് വെസ്റ്റ് സെമിനാരിയിൽ മോറൽ തിയോളജി ഡീനും അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു. നാഷണൽ അസോസിയേഷൻ ഓഫ് കാത്തലിക് തിയോളജിക്കൽ സ്‌കൂളുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം, 2015 മുതൽ 2016 വരെ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ‘കരുണയുടെ ജൂബിലി വർഷ’ത്തിൽ കരുണയുടെ മിഷനറിയായും നിയമിക്കപ്പെട്ടിട്ടുണ്ട്.

കൊളംബസിലെ ജോസഫിനം പൊന്തിഫിക്കൽ കോളേജ് ട്രസ്റ്റി അംഗമായിരുന്നു. കൂടാതെ ന്യുൺഷ്യേച്ചറിൽ മൂന്നര വർഷത്തോളം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ലത്തീൻ ഭാഷയിൽ വായനാ പരിജ്ഞാനമുള്ള ഇദ്ദേഹത്തിന് സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലും പ്രാവീണ്യമുണ്ട്. ഒഹായോ സംസ്ഥാനത്ത് 11,310 ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൊളംബസ് രൂപതയിൽ രണ്ട് ലക്ഷത്തിൽപ്പരം കത്തോലിക്കരുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?