Follow Us On

03

July

2022

Sunday

പത്രോസിന്റെ വിജയം നമുക്കും നേടാം, ചെയ്യേണ്ടത് എന്തെന്നാൽ…

പത്രോസിന്റെ വിജയം നമുക്കും നേടാം, ചെയ്യേണ്ടത് എന്തെന്നാൽ…

‘പത്രോസിനെപ്പോലെ സ്വന്തം ചെയ്തികളോർത്ത് ഉള്ളുരുകി കരഞ്ഞാൽ, തിരിച്ചുനടക്കാൻ സന്നദ്ധനായാൽ രക്ഷയുടെ സാമീപ്യം അകലെയാവില്ല. നോമ്പുകാലം അതിനുള്ള ക്ഷണവും അവസരവുമാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 37

ശിഷ്യപ്രമുഖൻ പത്രോസ് ഈശോയെ തള്ളിപ്പറയുന്നു- നാലു സുവിശേഷങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണിത്. യോഹന്നാന്റെ സുവിശേഷം 18-ാം അധ്യായം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞതിന്റെ ദുഃഖകരമായ വിവരണം നൽകുന്നു. നാമെല്ലാവരും ഈശോയോട് ഒരുതരത്തിലങ്കിൽ മറ്റൊരു തരത്തിൻ അവിശ്വസ്തരായതിനാൽ, പത്രോസിന്റെ ചില നിഴലാട്ടം നമ്മിൽ ചിലപ്പോൾ കണ്ടെത്തിയേക്കാം.

ഒരു ശിഷ്യനായി ഈശോയെ അനുഗമിക്കാൻ പത്രോസ് ആഗ്രഹിച്ചു. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിനൊടുവിൽ യേശു 12 പേരോടുമായി ചോദിച്ചു: ‘നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്,’ (യോഹ. 6: 67-68). അവസാന അത്താഴത്തിൽ അവിടുത്തോടൊപ്പം ഭക്ഷണം കഴിച്ചു, മരണംവരെ ഈശോയെ അനുഗമിക്കുമെന്ന് അവൻ ശഠിച്ചു: ‘നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും,’ (യോഹ 13: 37).

എന്നിരുന്നാലും, തന്റെ ഏറ്റവും മികച്ച ശ്രമങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നിട്ടും, ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ഈശോയ്ക്കുവേണ്ടി തിരഞ്ഞെടുപ്പു നടത്താൻ നിർബന്ധിതനാകുമ്പോൾ പത്രോസ് ദയനീയമായി പരാജയപ്പെടുന്നു. വിശ്വസ്തത, അചഞ്ചലമായ ഇച്ഛാശക്തി, ഈശോയെ അനുഗമിക്കാനുള്ള അദമ്യമായ ആഗ്രഹം എന്നിവ ആവർത്തിച്ചു പ്രകടിപ്പിക്കുന്ന പത്രോസ് എല്ലാത്തരത്തിലും ശിഷ്യഗണത്തിന്റെ തലവനായിരുന്നു.

എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല (മർക്കോസ് 14: 29) എന്ന് പറഞ്ഞ് ഈശോയ്‌ക്കൊപ്പം നിലകൊള്ളുന്ന പത്രോസ്, റോമൻ പടയാളികൾ ഈശോയെ തേടി ഗത്സെമൻ തോട്ടത്തിലെത്തുമ്പോൾ വാളുമായി ഈശോയെ പ്രതിരോധിക്കാനെത്തുന്നു. റോമൻ പട്ടാളക്കാർക്കുനേരെ വാൾ വീശി ഈശോയ്ക്കു രക്ഷാകവചം തീർത്ത പത്രോസ് കുറച്ച് സമയത്തിനുള്ളിൽ ഒരു പരിചാരികയുടെ മുമ്പിൽ ദുർബലനായി കീഴടങ്ങുന്നു. തീർച്ചയായും ഒരു ചെറിയ ഭീഷണിയായി പരിഗണിക്കപ്പെടാവുന്ന ഒരു വേലക്കാരിയായ പെൺകുട്ടിയുടെ ചൂണ്ടുവിരലിലിന് മുമ്പിൽ പാറപോലെയുള്ള പത്രോസ് ഈശോയെ നിഷേധിക്കുന്നു.

വലിയൊരു പാഠം ഇത് നമുക്ക് നൽകുന്നു, പലപ്പോഴും ഈശോയെയും സഭയെയും നാം തള്ളിപ്പറയുന്നത് വലിയ പ്രതിസന്ധികൾക്കു മുമ്പിൽ ആയിരിക്കില്ല. അതെ, ചെറിയ പ്രതിബദ്ധങ്ങൾക്കു നേരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ അറിയാതെ തന്നെ നാമും ഈശോയെ തള്ളിപ്പറയുന്നവരായി മാറാം. താൻ ഈശോയെ നിഷേധിച്ചു പറഞ്ഞു എന്ന ബോധ്യം വന്നപ്പോൾ പത്രോസിനുണ്ടായ പ്രതികരണം ശ്രദ്ധേയമാണ്: ‘കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന് യേശു പറഞ്ഞ വാക്ക് അപ്പോൾ പത്രോസ് ഓർമിച്ചു. അവൻ ഉള്ളുരുകിക്കരഞ്ഞു,’ (മർക്കോസ് 14: 71-72).

ഉള്ളുരുകിക്കരയുന്ന പത്രോസിന്റെ മനോഭാവം, നാം ഏത് അവസ്ഥയിലാണങ്കിലും അനുതാപവും തിരിച്ചുവരാനുള്ള സന്നദ്ധതയും ഉണ്ടെങ്കിൽ ദൈവാനുഗ്രഹം പ്രാപിക്കാനാകുമെന്ന് നമ്മെ പഠിപ്പിക്കുന്നു. ഈശോയെ തള്ളിപ്പറഞ്ഞ പത്രോസിന്റെ പശ്ചാത്താപവും ഒറ്റിക്കൊടുത്ത യൂദാസിന്റെ നിരാശയും തമ്മിലുള്ള അന്തരം ഇവിടെ വ്യക്തമാണ്. ഈശോയെ ഒറ്റിക്കൊടുത്ത യൂദാസ്, അവൻ ശിക്ഷിക്കപ്പെട്ടെന്ന് കണ്ടപ്പോൾ വെള്ളിനാണയങ്ങൾ ദൈവാലയത്തിൽ വലിച്ചെറിഞ്ഞിട്ട് പോയി തൂങ്ങിമരിച്ചു.

നമ്മുടെ പെരുമാറ്റം ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമ്പോൾ യൂദാസിനെപ്പോലെ സ്വയം നശിക്കാനുള്ള പ്രവണത നമ്മിൽ വേലിയേറ്റം സൃഷ്ടിച്ചേക്കാം, അതുകൊണ്ട് നമുക്കോ നമ്മളുമായി ബന്ധപ്പെടുന്നവർക്കോ യാതൊരു ഗുണവും ഉണ്ടാവില്ല. പത്രോസിനെപ്പോലെ സ്വന്തം ചെയ്തികളോർത്ത് ഉള്ളുരുകി കരഞ്ഞാൽ, തിരിച്ചുനടക്കാൻ സന്നദ്ധനായാൽ രക്ഷയുടെ സാമീപ്യം അകലെയാവില്ല.

നോമ്പുകാലം അതിനുള്ള ക്ഷണവും അവസരവുമാണ്. ജീവിതത്തിലുണ്ടാകുന്ന ഓരോ വീഴ്ചകൾക്കപ്പുറവും കൃപയുടെ മഹാമാരി പെയ്തിറങ്ങാനുള്ള സാധ്യതൾ നഷ്ടമാക്കല്ലേ എന്ന് വിശുദ്ധ പത്രോസ് നമ്മെ പഠിപ്പിക്കുന്നു. അതിന് ഒരു കാര്യംമാത്രം ശ്രദ്ധിക്കുക തമ്പുരാന്റെ നോട്ടത്തിനുനേരെ ഒന്നു മുഖം തിരിക്കുക.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?