Follow Us On

19

April

2024

Friday

ക്രിസ്തു ചിരിച്ച രാത്രി…

ക്രിസ്തു ചിരിച്ച രാത്രി…

ഫാ. മാത്യു അഞ്ചുകണ്ടം

കഴിഞ്ഞകാലങ്ങളുടെ താളുകള്‍ മറിക്കുമ്പോള്‍ ഫാ. മാത്യു അഞ്ചുകണ്ടത്തിലിന്റെ മുമ്പില്‍ തെളിയുന്നത് പ്രതിസന്ധികളുടെയും അത്ഭുതങ്ങളുടെയും അനുഗ്രഹത്തിന്റെയും ഭൂതകാലമാണ്. ചില അനുഭവങ്ങള്‍ ഓര്‍മകളായി പരിണമിക്കുമ്പോള്‍ അവ ഹൃദയഭേദകമായിരിക്കും. മിഷന്‍ പ്രവര്‍ത്തനത്തിലെ അത്തരം ചില ഓര്‍മകളിലേക്കാണ് ഇനിയുള്ള വായന നിങ്ങളെ കൊണ്ടുപോകുന്നത്.

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ അനുഭവ ചരിത്രം തുടങ്ങുന്നത് 1985-കളിലാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സന്തോഷ-ദുഃഖങ്ങളിലേക്ക് ഞാന്‍ കാല്‍വയ്പ്പ് നടത്തുകയായിരുന്നു. അക്കാലത്താണ് ഞാന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ അനുഭവങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ആസാം കലാപം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയ സമയം. ദിവസേനയെന്നോണം കൊല്ലും കൊലയും ബന്ദും നടക്കുന്നു.

അങ്ങനെയൊരു ദിവസം ഗ്രാമപ്രദേശത്തെ ഒരിടത്ത് കുര്‍ബാന ചൊല്ലി രാത്രി തിരിച്ചുവരുന്ന സമയത്ത് കുറച്ച് ചെറുപ്പക്കാര്‍ ഞങ്ങളുടെ വണ്ടി തടഞ്ഞുനിര്‍ത്തി. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ മിഷനറിമാരെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ പുറത്തുള്ളവരാണെന്നും ഇവിടെവന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മരണമാണ് ഉത്തരമെന്നും അവര്‍ അക്രോശിച്ചു. അവസാനം ആസാം വിട്ട് തിരിച്ചു പോകുന്നതായിരിക്കും നല്ലതെന്നു താക്കീതു ചെയ്ത് പോകാന്‍ അനുവദിച്ചു.

1992ല്‍ ബൊങ്കായ്ഗോണ്‍ എന്ന സ്ഥലത്ത് ഒരു സെമിനാരി സ്ഥാപിക്കുവാനായി നിയോഗിക്കപ്പെട്ടതോടെ തിക്താനുഭവങ്ങളുടെ മറ്റൊരു അനുഭവത്തിലേക്ക് എത്തുകയായിരുന്നു. കത്തോലിക്കര്‍ തീരെയില്ലാത്ത, താമസസൗകര്യം പോലും ഇല്ലാതിരുന്ന ഇടത്തായിരുന്നു സ്ഥലം മേടിച്ച് സെമിനാരി പണിയുക എന്ന വലിയ ഉത്തരവാദിത്വവുമായി ഞാന്‍ ചെന്നത്. അവിടെ ജീവിക്കുന്ന ബോഡോ ട്രൈബലുകളുടെ ഭാഷയോ കള്‍ച്ചറോ ഒന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും ദൈവീകമായ പദ്ധതിയുടെ ഭാഗമായി ഞാന്‍ ധൈര്യസമേതം പ്രവര്‍ത്തനം തുടങ്ങി.

രക്ഷാകവചമായി ളോഹ
ഭൂട്ടാന്റെ അതിര്‍ത്തി പ്രദേശമാണ് ബൊങ്കായ്ഗോണ്‍. ഭൂട്ടാനിലെ ഒളിസങ്കേതങ്ങളിലിരുന്ന് ബോഡോ വിഘടനവാദികള്‍ ആക്രമണങ്ങള്‍ നടത്തുക പതിവായിരുന്നു. ഭീതിയുടെ കരിമ്പടമണിഞ്ഞ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുവാന്‍പോലും ഏറെ ബുദ്ധിമുട്ടിയിരുന്നു. ളോഹയെ രക്ഷാകവചമായി സ്വീകരിച്ചായിരുന്നു അന്നെന്റെ യാത്രകള്‍.

നവംബര്‍ മാസത്തെ ഒരു തണുത്ത രാത്രിയായിരുന്നു അന്ന്. ആരോ വാതിലില്‍ മുട്ടി. പരിഭ്രമത്തോടെ ഞാന്‍ വാതില്‍ തുറന്നു. പെട്ടന്ന് നാലഞ്ചുപേര്‍ മുറിയ്ക്കുള്ളില്‍ കയറി വാതിലടച്ചു. അവരുടെ കൈയില്‍ തോക്കും കഠാരയും വെട്ടുകത്തിയും ഉണ്ടായിരുന്നു. ബോഡോ വിഘടനവാദികളായിരുന്നു. എന്നെ ബലമായി കസേരയില്‍ പിടിച്ചിരുത്തി തോക്ക് തലയ്ക്കുനേരെ ചൂണ്ടിപ്പിടിച്ച് കഠാര കഴുത്തില്‍പ്പിടിച്ച് പണം നല്‍കാന്‍ ആവശ്യപ്പെട്ടു.
നിസഹായനായ ഞാന്‍ ചുവരിലെ ക്രിസ്തുവിന്റെ ചിരിക്കുന്ന മുഖത്ത് പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ഥനയോടെ ഇരുന്നു. അവര്‍ എന്റെ മുറി മുഴുവന്‍ തിരഞ്ഞ് പെട്ടിയില്‍ നിന്നും എല്ലാ സാധനങ്ങളും വലിച്ചെറിയുകയും ചെയ്തു.

ഈ സമയം ചില കാലടിയൊച്ചകള്‍ പുറത്ത് മുഴങ്ങി. അതു കേ ട്ടപ്പോള്‍ അവര്‍ എന്നെ വിട്ട് ഓടി. കുറച്ചേറെ സമയം ഞാന്‍ കാത്തിരുന്നിട്ടും ആരും എന്നെത്തേടി വന്നില്ല. പിന്നീട് ആ കാലൊച്ചകള്‍ ഞാന്‍ കേട്ടില്ല.
തിടുക്കപ്പെട്ട് ഞാന്‍ മുറിക്ക് പുറത്തിറങ്ങി നോക്കി. അവിടെ ഇരുട്ട് അല്ലാതെ ആരുമുണ്ടായിരുന്നില്ല. പിന്തിരിഞ്ഞു വന്ന് അലമാരയുടെ അടിയില്‍ ഞാന്‍ പരതി നോക്കി. സെമിനാരിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനായി അധികാരികള്‍ ഏല്‍പ്പിച്ച 10 ലക്ഷം രൂപ അപ്പോഴും ഭദ്രമായി അവിടെ ഉണ്ടായിരുന്നു. ഞാന്‍ ചുവരിലെ യേശുക്രിസ്തുവിന്റെ രൂപത്തിലേക്ക് നോക്കി. ചെറുപുഞ്ചിരിയോടെ അപ്പോഴും ഈ മുഖം തെളിഞ്ഞു നില്‍ക്കുകയായിരുന്നു.

മിഷനിലേക്ക്
വടക്കു കിഴക്കന്‍ ഇന്ത്യയുടെ പ്രവേശന കവാടമെന്ന് അറിയപ്പെടുന്ന ആസാമിലെ ഗുവാഹട്ടി അതിരൂപതയുടെ വികാരി ജനറാളും ഇതേ രൂപതയുടെ കീഴിലുള്ള ഒരു ഇടവകയുടെ വികാരിയായും ഈ ഇടവകയോടനുബന്ധിച്ച് നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലുമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 1950-ല്‍ കോട്ടയം ജില്ലയില്‍ കട്ടച്ചിറ എന്ന ഒരു കൊച്ചുഗ്രാമത്തില്‍ അഞ്ചുകണ്ടത്തില്‍ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് ജനിച്ചത്. നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. 1962-ല്‍ കുടുംബസമേതം മലബാറിലേക്ക് കുടിയേറി കാസര്‍ഗോഡ് ജില്ലയില്‍ മാലക്കല്ലില്‍ താമസമുറപ്പിച്ചു. 1967 ല്‍ ആസാമിലുള്ള ടെസ്പൂര്‍ രൂപതയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നു. 1979-ല്‍ വൈദികനായി. 1985 വരെ ഡെക്കിയജൂളി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായും 1985-86 കാലഘത്തില്‍ ടെസ്പൂര്‍ ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 1992-ല്‍ ടെസ്പൂര്‍ രൂപതയെ വിഭജിച്ച് ഗുവാഹട്ടി രൂപത ഉണ്ടാക്കിയപ്പോള്‍ ഗുവാഹട്ടി രൂപതയുടെ അംഗമായി.

ലോകാവസാനം വരെ കൂടെയുള്ളവന്‍
1995-96 കാലഘട്ടം വൈദികനെന്ന നിലയില്‍ നിസഹായവസ്ഥയുടേതായിരുന്നു. അക്കാലത്താണ് ബോഡോ-സാന്തല്‍ ആദിവാസി കലാപം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയത്. ഇരു വിഭാഗങ്ങളിലും കത്തോലിക്കരുണ്ടായിരുന്നു. നോക്കിനില്‍ക്കാനും സാന്ത്വനപ്പെടുത്താനും സഹായമെത്തിക്കാനും മാത്രം കഴിയുന്ന നിസഹായാവസ്ഥ. അവരുടെ ട്രൈബല്‍ അസ്തിത്വങ്ങള്‍ക്കിടയില്‍ ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.

ഒരു രാത്രിയില്‍ വ്യാപകമായി അക്രമമുണ്ടായി. മിക്ക ഗ്രാമങ്ങളിലും ആദിവാസികളുടെയും സന്താളീസിന്റെയും വീടുകള്‍ കത്തിച്ചു. കൃഷികള്‍ നശിപ്പിച്ചു. കൊലപാതകങ്ങള്‍ അരങ്ങേറി. ഞങ്ങളുടെ നാലഞ്ച് ഇടവകകള്‍ ആ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു. അവിടെ സേവനമനുഷ്ഠിക്കുന്ന വൈദികരെക്കുറിച്ചും സിസ്റ്റേഴ്‌സിനെക്കുറിച്ചും ഇടവകയിലുള്ള ആളുകളെക്കുറിച്ചും ഒരു വിവരവും കിട്ടിയിരുന്നില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയാത്ത അവസ്ഥ. പിറ്റേദിവസം രാവിലെ ഞങ്ങള്‍ മൂന്ന് വൈദിക ര്‍ ജീപ്പില്‍ അവിടേക്ക് പുറപ്പെട്ടു. ഞങ്ങളുടെ നേരെ ആക്രമണം ഉണ്ടാവുമോ ജീവനോടെ തിരിച്ചെത്താന്‍ സാധിക്കുമോ എന്നൊന്നും ഞങ്ങളപ്പോള്‍ ആലോചിച്ചില്ല. ളോഹ രക്ഷാകവചമാക്കി ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് അവിടേക്ക് പോയി. വഴിയില്‍ കണ്ട അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കുറെപ്പേര്‍ കരഞ്ഞു, കുറെപ്പേര്‍ നിസഹായരായി നിന്നു.

ഞങ്ങള്‍ അവരെ സാന്ത്വനിപ്പിച്ചു, സഹായങ്ങള്‍ നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മുമ്പേ അവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഞങ്ങളെ അവര്‍ കൃതജ്ഞതയോടെ യാത്രയാക്കി. ദൗത്യം പൂര്‍ത്തിയാക്കി ഒരു പോറലുപോലും ഏല്‍ക്കാതെ തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും അതിശയമായിരുന്നു. ഇന്നും ആ സംഘത്തിലുണ്ടായ ഞങ്ങളെല്ലാവരും പറയും ‘ലോകാവസാനംവരെ നിങ്ങളുടെകൂടെ ഉണ്ടായിരിക്കും’ എന്ന് അരുള്‍ചെയ്ത യേശുവായിരുന്നു ശക്തിയും പ്രതീക്ഷയുമെന്ന്.

ഒരുപക്ഷേ ഞാന്‍ ഇവിടെ കുറിച്ച അനുഭവങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുത്തുകയോ ഒരു മിഷനറിയാകാന്‍ പ്രേരിപ്പിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഓര്‍ക്കുക ദുരിതം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒരുവശം മാത്രമാണ്. സംതൃപ്തിയുടെയും ദൗത്യ പൂര്‍ത്തീകരണത്തിന്റെയും ഒരു മറുവശം ഇതിനുണ്ട്. ഇതുംകൂടി ചേരുമ്പോഴേ മിഷണറി അസ്തിത്വ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയുള്ളൂ. അതാണ് ദൈവനിശ്ചയം. ദൈവിക പദ്ധതിയും…

തയാറാക്കിയത്:
വിനില്‍ ജോസഫ്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?