Follow Us On

19

April

2024

Friday

സൂര്യനെ നിശ്ചലനാക്കിയ പാതിരി

സൂര്യനെ നിശ്ചലനാക്കിയ  പാതിരി

ബിജു ഡാനിയേല്‍
(ലേഖകന്‍ സണ്‍ഡേ ശാലോം പത്രാധിപ സമിതി അംഗമാണ്)

ശാസ്ത്രപുരോഗതിക്കും മനുഷ്യനന്മയ്ക്കും ഉപകരിക്കുന്ന സ്ഥായിയായ ഏറെ കണ്ടുപിടുത്തങ്ങള്‍ നല്‍കിയിട്ടുള്ള അഗ്രഗണ്യരില്‍ പലരും കത്തോലിക്കാ വൈദികരും സമര്‍പ്പിതരും ബിഷപ്പുമാരും മാര്‍പാപ്പമാരും വിശുദ്ധര്‍ പോലുമാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
സൂര്യന്‍ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനു ചുറ്റും ഭ്രമണം നടത്തുകയുമാണെന്ന സിദ്ധാന്തം 1543-ല്‍ പ്രസിദ്ധീകരിച്ചത് കത്തോലിക്കാ പുരോഹിതനായ നിക്കോളാസ് കോപ്പര്‍നിക്കസാണ്.

അതുവരെയും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം നിശ്ചലമായി നില്‍ക്കു ന്ന ഭൂമിയെ ചുറ്റിക്കറങ്ങുന്നുവെന്നായിരുന്നു വിശ്വസിച്ചിരുന്നത്. പതിനാ ല് നൂറ്റാണ്ടു പഴക്കമുള്ള അരിസ്റ്റോട്ടലിന്റെയും ടോളമിയുടെയും ഭൂകേന്ദ്രിത സിദ്ധാന്തത്തിനാണ് (Geocentric) ഇദ്ദേഹം മാറ്റം വരുത്തിയത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നാണ് അതുവരെയും അറിയപ്പെട്ടിരുന്നത്. സഭാവിശ്വാസത്തെയും ശാസ്ത്രലോകത്തെയും അമ്പരപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ‘കോപ്പര്‍നിക്കന്‍’ വിപ്ലവം എന്നറിയപ്പെടുന്നു.

പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ 1473 ഫെബ്രുവരി 19-ന് ചെമ്പുവ്യാപാരിയായ മീക്കോവേയുടെ മകനായാണ് ജനനം. മീക്കോവേ സിലേസി ഗ്രാമത്തില്‍നിന്നുള്ള ആളായിരുന്നു. ആ ഗ്രാമം കോപ്പര്‍നിക്കി എന്നാണ് അറിയപ്പെട്ടിരുന്നത്. അതാണ് കോപ്പര്‍നിക്കസ് എന്ന കുടുംബപ്പേരിന് കാരണമായി പറയപ്പെടുന്നത്. അമ്മ ബാര്‍ബറ വാസെന്‍ റോഡ് ജര്‍മന്‍ വംശജയായിരുന്നു. നിക്കോളസിന് പത്തുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. അമ്മയുടെ സഹോദരനായ ലൂക്കാസ് വാസെന്റോഡ് ആയിരുന്നു പിന്നീട് കോപ്പര്‍നിക്കസിനെ വളര്‍ത്തിയത്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

ലൂക്കാസ് ക്രൈസ്തവ നിയമങ്ങളില്‍ ഡോക്ടറേറ്റുള്ള പുരോഹിതനായിരുന്നു. 1489-ല്‍ ബാള്‍ട്ടിക് തീരത്തെ വാ ര്‍മിയില്‍ അദ്ദേഹം ബിഷപ്പായി. സഹോദരിയുടെ നാലുമക്കളില്‍ കോപ്പര്‍നിക്കസിനെയും സഹോദരന്‍ ആന്‍ഡ്രയസിനെയും അദ്ദേഹം ക്രാക്കോവ് സര്‍വകലാശാലയില്‍ ചേര്‍ത്തു. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിലായിരുന്നു കോപ്പര്‍നിക്കസിന് ഏറ്റവും താല്‍പര്യമുണ്ടായിരുന്നത്. 1496-ല്‍ അദ്ദേഹം ഇറ്റലിയിലെ ബൊളോണ സര്‍വകലാശാലയില്‍ പഠിക്കാനായി എത്തി. പിന്നീട് പാദുവ യൂണിവേഴ്‌സിറ്റിയില്‍നിന്ന് വൈദ്യശാസ്ത്ര ബിരുദവും, ഫെറാറ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനന്‍ലോയില്‍ ഡോക്ടറേറ്റും 1503 മെയ് 31-ന് കരസ്ഥമാക്കി.

യൂണിവേഴ്‌സിറ്റിക്ക് പുറത്തെ ജ്യോതിശാസ്ത്ര ക്ലാസില്‍

ക്രാക്കോവില്‍ അരിസ്റ്റോട്ടേലിയന്‍ തത്വശാസ്ത്രം പഠിപ്പിക്കാനെത്തിയ ആല്‍ബര്‍ട്ട് ബ്രൂഡ്‌സെവ്‌സ്‌കി യൂണിവേഴ്‌സിറ്റിക്ക് പുറത്തുവച്ച് നടത്തിയ ജ്യോതിശാസ്ത്ര ക്ലാസുകളില്‍ കോപ്പര്‍നിക്കസ് ഏറെ തല്‍പരനായിരുന്നു. പിന്നീട് ബൊളോണയില്‍വച്ച് അക്കാലത്തെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ഡൊമിനിക്കോ മരിയ ഡ നൊവാറയുടെ കൂടെ അദ്ദേഹം വാനനിരീക്ഷണത്തില്‍ പ്രാഗത്ഭ്യം നേടി. കോപ്പര്‍നിക്കസിന്റെ ജ്യോതിശാസ്ത്ര വിപ്ലവത്തിന് അടിത്തറ പാകിയത് ഈ പരിശീലനമായിരുന്നു.

അക്കാലത്ത് ലഭ്യമായിരുന്ന ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളെല്ലാംതന്നെ അദ്ദേഹം വായിച്ചു. ഈ പരിശീലനങ്ങളില്‍ ടോളമിയുടെ പ്രപഞ്ചമാതൃകയെക്കുറിച്ച് കോപ്പര്‍നിക്കസില്‍ സന്ദേഹം ഉയര്‍ന്നു. പ്രപഞ്ചകേന്ദ്രം ഭൂമിയാണെന്നുള്ള ടോളമിയുടെ സിദ്ധാന്തം 13 നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു. ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്ന സൗരകേന്ദ്രവ്യവസ്ഥ (Heliocentric) എന്ന ആശയമാണ് കോപ്പര്‍നിക്കസില്‍ മുളപൊട്ടിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, ടോളമിക്കുംമുമ്പ് പൈതഗോറസിനും അരിസ്റ്റാര്‍ക്കസിനും ഇതേ ആശയമുണ്ടായിരുന്നുവെങ്കിലും അവര്‍ക്കതു തെളിയിക്കാനായിരുന്നില്ല.

1503 മുതല്‍ കോപ്പര്‍നിക്കസ് ഹൈല്‍സ്ബര്‍ഗില്‍ ആയിരുന്നു. അമ്മാവനായ ബിഷപ് ലൂക്കാസ് വാസെന്റോഡിന്റെ സെക്രട്ടറിയും വൈദ്യനുമായി 1512-ല്‍ അദ്ദേഹം കാലം ചെയ്യുന്നതുവരെ. ഇക്കാലത്താണ് അദ്ദേഹം തന്റെ പുതിയ ആശയത്തിന്റെ കരടുരൂപം തയാറാക്കുന്നത്. ബിഷപ്പിന്റെ മരണശേഷം ഫ്രോണ്‍ബര്‍ഗിലേക്ക് മടങ്ങിയ കോപ്പര്‍നിക്കസ് 1514-ല്‍ തന്റെ സിദ്ധാന്തത്തിന്റെ ലഘുരൂപം സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ നല്‍കി. ‘ലഘുസംക്ഷേപം’ (Short Commentory) എന്നാണ് ഇത് അറിയപ്പെടുന്നത്. ഫ്രോണ്‍ബര്‍ഗിലെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ ഗോപുരമുറിയില്‍ ഒരു ചെറിയ വാനനിരീക്ഷണാലയം അദ്ദേഹം രൂപപ്പെടുത്തി. അന്ന് ദൂരദര്‍ശിനി (Telescope) കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. ഗ്രഹങ്ങള്‍ അദൃശ്യമായ ഒരു കേന്ദ്രത്തെ വലംവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിഗഹനമായ പഠനനിരീക്ഷണങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊടുവില്‍ ഭൂമിയല്ല സൂര്യനാണ് ഗ്രഹങ്ങളുടെ ഭ്രമണകേന്ദ്രമെന്ന് കോപ്പര്‍നിക്കസ് ഉറപ്പിച്ചു.

സിദ്ധാന്തം പ്രസിദ്ധീകരിക്കാത്ത ശാസ്ത്രജ്ഞന്‍

1533-ല്‍ ജോഹന്‍ ആല്‍ബ്രെക്ട് വിഡ്മാന്‍സ്റ്റെറ്റര്‍ കോപ്പര്‍നിക്കസ് സിദ്ധാന്തത്തെ അധികരിച്ച് നടത്തിയ പ്രഭാഷണ പരമ്പരയില്‍ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പയും നിരവധി കര്‍ദിനാള്‍മാരും ആകൃഷ്ടരായിരുന്നു. ഈ പ്രഭാഷണം ശ്രവിച്ച കാപ്പുവ ബിഷപ് നിക്കോളാസ് ഷോണ്‍ബര്‍ഗ് (പിന്നീടദ്ദേഹം കര്‍ദിനാളായി) കോപ്പര്‍നിക്കസിനെ അഭിനന്ദിച്ചുകൊണ്ട് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ താന്‍ എഴുതിയത് പ്രസിദ്ധീകരിക്കാന്‍ കോപ്പര്‍നിക്കസ് തയാറായില്ല. കത്തോലിക്കാ സഭയുടെ അംഗീകൃത വിശ്വാസം തകര്‍ത്താല്‍ തിരുസഭയുടെ കോപത്തിന് ഇരയാകുമോയെന്ന് അദ്ദേഹം ഭയപ്പെട്ടു. തന്റെ പഠനങ്ങളെ ആസ്പദമാക്കി പഠിതാക്കളുടെ ഇടയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ കോപ്പര്‍നിക്കസിന്റെ കാതുകളിലും എത്തുന്നുണ്ടായിരുന്നു.

തന്റെ പുസ്തകം പുറത്തിറങ്ങിയാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിമര്‍ശനങ്ങളെ ഭയന്ന അദ്ദേഹം പുസ്തകം പ്രസിദ്ധീകരിക്കാതെ പഠനങ്ങള്‍ നിരന്തരം തുടര്‍ന്ന്, അത് പുനരാഖ്യാനം ചെയ്തുകൊണ്ട് മുപ്പതുവര്‍ഷം തള്ളിനീക്കി. കോപ്പര്‍നിക്കസ് എഴുതിയ കയ്യെഴുത്തുപ്രതി പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രാഗില്‍നിന്നു കണ്ടുകിട്ടിയപ്പോഴാണ് ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹം നടത്തിയ തിരുത്തിയെഴുത്തുകള്‍ വ്യക്തമായത്. ജ്യോതിശാസ്ത്രപഠനങ്ങള്‍ക്കായി കോപ്പര്‍നിക്കസ് ക്രാക്കോവില്‍വച്ച് വിപുലപ്പെടുത്തിയ ലൈബ്രറി 1650-ലെ സ്വീഡിഷ് കയ്യേറ്റത്തിലൂടെ ഇപ്പോള്‍ ഉപ്‌സാല യൂണിവേഴ്‌സിറ്റിക്ക് സ്വന്തമാണ്. 1537-ല്‍ വാര്‍മി യ ബിഷപ് മൗറിഷ്യസ് ഫെര്‍ബര്‍ കാലം ചെയ്തപ്പോള്‍ ആ പദവിയിലേക്ക് പരിഗണിക്കപ്പെട്ട നാലുപേരില്‍ ഒരാള്‍ നിക്കോളാസ് കോപ്പര്‍നിക്കസ് ആയിരുന്നു. ബിഷപ് ഫെര്‍ബറുടെ പിന്‍ഗാമിയായി ജോഹാന്നസ് ഡാന്റിസ്‌കസ് നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നതിനാലാണ് കോപ്പര്‍നിക്കസിന് ആ സ്ഥാനം ലഭിക്കാതിരുന്നത്.

1539-ല്‍ ലൂഥറന്‍ വിശ്വാസിയായ റെറ്റിക്കസ് എന്ന ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ കോപ്പര്‍നിക്കസിന്റെ സിദ്ധാന്തം പുസ്തകമാക്കാനായി നിര്‍ബന്ധിക്കുകയും അദ്ദേഹംതന്നെ അതിന് മുന്‍കൈ എടുക്കുകയും ചെയ്തു. അങ്ങനെ 1543-ല്‍ കോപ്പര്‍നിക്കസ് മരിച്ച അതേവര്‍ഷം അദ്ദേഹത്തിന്റെ മരണശേഷം ചരിത്രം മാറ്റിമറിച്ച ‘ഓണ്‍ ദി റവലൂഷന്‍സ്’ (De Revolutionibus Orbium Coelestium) ആകാശമണ്ഡലങ്ങളുടെ ഭ്രമണത്തെപ്പറ്റി (On the Revolutions of the Celestial Spheres) ശാസ്ത്രരംഗത്ത് വന്‍വിപ്ലവം സൃഷ്ടിച്ച് പുറത്തുവന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?