Follow Us On

21

September

2023

Thursday

ക്രിസ്തുവിന്റെ മണമുള്ള ഇടയന്‍മാര്‍

ക്രിസ്തുവിന്റെ  മണമുള്ള ഇടയന്‍മാര്‍

ചോരയുടെ മണമുള്ള വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും മധ്യേ ഉക്രെയ്‌നില്‍ നിന്ന് ഉയര്‍ന്നു കേട്ട സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശാന്തതയുടെയും സ്വരമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്വാസ്ലേവ് ഷെവ്ചുക്കിന്റെ ശബ്ദം. ആഗോള കത്തോലിക്ക സഭയില്‍, ലത്തീന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വ്യക്തിഗത സഭയാണ് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ. ആ സഭയുടെ തലവനാണ് മേജര്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക്ക്. റഷ്യയുടെ സായുധ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ റോമിലേക്കുള്ള യാത്ര റദ്ദാക്കിക്കൊണ്ടാണ് ഉക്രേനിയന്‍ ജനതയുടെ ദുരിതത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ഒപ്പം നിന്നത്. തുടര്‍ന്ന് ഉക്രേനിയന്‍ ജനതയെ ധൈര്യപ്പെടുത്തുന്നതിനായി കീവില്‍ തുടര്‍ന്നുകൊണ്ട് അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നല്ലിടയനായ ഈശോയ്ക്ക് തന്റെ അജഗണത്തോടുള്ള കരുതലിനെ പ്രതിഫലിപ്പിക്കുന്നതാണ്.

തന്റെ അജഗണത്തെ ശക്തിപ്പെടുത്തുന്നതിനായി മേജര്‍ ആര്‍ച്ച്ബിഷപ് അയച്ച കത്തില്‍ ദൈവം ഈ ചരിത്രമുഹൂര്‍ത്തത്തില്‍ തങ്ങളോടൊപ്പമുണ്ടെന്ന് വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. വിശ്വാസികള്‍ താമസിക്കുന്ന ബങ്കറുകളിലേക്ക് വിശുദ്ധ ബലിക്കായി എത്തിയ വൈദികരിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും യുദ്ധക്കെടുതികളുടെ മധ്യത്തില്‍ സഭയുടെ സാന്നിധ്യം വിശ്വാസികള്‍ക്ക് സംലഭ്യമാക്കാന്‍ ആര്‍ച്ച്ബിഷപ് ഷെവ്ചുക്കിന് സാധിച്ചു.
യുദ്ധം ആരംഭിച്ച ആറാംദിനം ഹൃദയഭേദകമായ ഒരു വീഡിയോ ആര്‍ച്ച്ബിഷപ് ഷെവ്ചുക്ക് നവമാധ്യമങ്ങളിലൂടെ വിശ്വാസികളുമായി പങ്കുവച്ചു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ നടത്തുന്ന വിഫലശ്രമത്തെ നിസഹായതയോട നോക്കി കരയുന്ന അമ്മയെയും താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ പ്രസവിക്കുന്നതുമൊക്കെ ഉള്‍പ്പെടുത്തിയ വീഡിയോ യുദ്ധത്തിനെതിരായി ശക്തമായ പൊതുവികാരം രൂപപ്പെടുത്താന്‍ ഇടയായി. എന്നാല്‍ തങ്ങളുടെ രാജ്യത്തിനും സഭയ്ക്കും ആര്‍ച്ച്ബിഷപ് ഷെവ്ചുക്കിന്റെ തന്നെ ജീവനുപോലും ഭീഷണി ഉയര്‍ത്തുന്ന യുദ്ധം ആരംഭിച്ച ശത്രുരാജ്യത്തെക്കുറിച്ച് ആര്‍ച്ച്ബിഷപ് ഒരു വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ‘വിദ്വേഷമല്ല, സ്‌നേഹമാണ് കീഴടക്കുന്നത്. സ്‌നേഹമാണ് ഹീറോകള്‍ക്ക് ജന്മം നല്‍കുന്നത്. വിദ്വേഷം ക്രിമിനലുകള്‍ക്ക് ജന്മം നല്‍കുന്നു. അതുകൊണ്ട് ദുരന്തത്തിന്റെ ഈ കാലഘട്ടം സ്‌നേഹം അഭ്യസിക്കാന്‍ നമുക്ക് ഉപയോഗിക്കാം. വിദ്വേഷം നമ്മെ തടവുകാരാക്കാതിരിക്കട്ടെ. ശത്രുവിനോട് വിരോധം പുലര്‍ത്തുന്നവന്‍ ഇപ്പോള്‍ തന്നെ അവന് കീഴടങ്ങി കഴിഞ്ഞിരിക്കുന്നു. ഉക്രെയ്‌നുവേണ്ടി മാത്രമല്ല, ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. ഫാത്തിമ നാഥ ആവശ്യപ്പെട്ടതുപോലെ റഷ്യയുടെ മാനസാന്തരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.’

ക്രിസ്തുവിന്റെ പരിമളം പരത്തുന്നവയാണ് ആര്‍ച്ച്ബിഷപ് ഷെവ്ചുക്കിന്റെ വാക്കുകളെങ്കില്‍ പാലാ രൂപതയുടെ സഹായമെത്രാനായ മാര്‍ ജേക്കബ് മുരിക്കന്റെ പ്രവൃത്തിയാണ് കേരളസഭയിലും സമൂഹത്തിലും സുഗന്ധം പരത്തിയത്. തെരുവില്‍ അലയുന്നവരെ കുളിപ്പിക്കുകയും മുടിവെട്ടുകയും ചെയ്തുകൊണ്ട് മാര്‍ മുരിക്കന്‍ ശക്തമായ സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്‍കിയത്. വൃക്ക ദാനം ചെയ്തുകൊണ്ട് സ്വന്തം ശരീരം തന്നെ പകുത്ത് നല്‍കാന്‍ തയാറായ മാര്‍ മുരിക്കന്‍ ഒരിക്കല്‍ കൂടെ ക്രിസ്ത്യാനികള്‍ക്ക് യോജിച്ച ജീവിതം നയിക്കുവാന്‍ സഭാമക്കളെ വെല്ലുവിളിക്കുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ രണ്ട് ഇടയന്‍മാരുടെ വാര്‍ത്തകളും മനസിന് തരുന്ന കുളിര്‍മ ചെറുതല്ല. ഇതുപോലെ ക്രിസ്തുവിന്റെ മണമുള്ള ധാരാളം ഇടയന്‍മാരും സന്യസ്തരും അല്മായരും നമ്മുടെ ഇടയിലുമുണ്ട്. അവരില്‍ പലരുടെയും നന്മകള്‍ വാര്‍ത്തയാകുന്നില്ല. വാര്‍ത്തയായാല്‍ തന്നെ അവ എത്തേണ്ടവരുടെ പക്കലേക്ക് എത്തുന്നുമില്ല. നന്മയുടെയും സ്‌നേഹത്തിന്റെയും പ്രവൃത്തികള്‍ ചെയ്യുവാന്‍ ഉത്സാഹിക്കുന്നതിനൊപ്പം ഇത്തരം വാര്‍ത്തകള്‍ കൂടുതലായി പങ്കുവച്ചുകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തുന്നവരായി മാറാന്‍ നമുക്കും പരിശ്രമിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?