‘ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 42
ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. ഈ ഞായറാഴ്ചയ്ക്ക് ‘പീഡാനുഭവ ഞായർ’ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്ക് (New Exodus) രക്ഷകൻ കടന്നുവരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ തന്റെ പീഡാസഹനങ്ങളിലേക്ക് മാത്രമല്ല, കഷ്ടാനുഭവ ആഴ്ചയിൽ അവിടുത്തെ ആവരണം ചെയ്യുന്ന ഭയാനകമായ ഏകാന്തതയുടെ (ഒറ്റപ്പെടലിന്റെ ) പാതയിലേക്കുകൂടിയാണ് ജറുസലെമിലെ രാജകീയ പ്രവേശനത്തിലൂടെ പതിയെ നടന്നുകയറുന്നത്.
ഓശാനയുടെ ആരവങ്ങൾക്കപ്പുറം തന്നെ കാത്തിരിക്കുന്ന ഭീകരമായ ഏകാന്തത അവിടുത്തെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. പീഡാനുഭവ ആഴ്ചയിലെ ഈശോയുടെ ജീവിത രേഖ പരിശോധിച്ചാൽ ഒറ്റപ്പെടലിൽനിന്ന് മനഷ്യവംശത്തെ കരകയറ്റാൻ അവിടുന്ന് ചെയ്ത പ്രവൃത്തികൾ കാണാനാകും.
ശിഷ്യന്മാരോടൊപ്പം ഈശോ പെസഹാ ഭക്ഷിക്കുന്നു. പെസഹാ വിരുന്നിലെ കാലുകഴുകൽ ശൂശ്രൂഷയിലൂടെ ഒന്നിച്ചു പോകേണ്ടതിന്റെ ആവശ്യകത അവിടുന്ന് ശിഷ്യരെ ഓർമിപ്പിക്കുന്നു. മനുഷ്യൻ ഒരിക്കലും ഒറ്റപ്പെടാതിരിക്കാൻ തന്റെ ശരീരരക്തങ്ങൾ വിഭജിച്ചു നൽകുന്ന വിശുദ്ധ കുർബാന സ്ഥാപിക്കുകയും യുഗാന്ത്യംവരെ മനുഷ്യരോടൊപ്പം ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു: ‘യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,’ (മത്തായി 28: 20).
ഒറ്റപ്പെടുന്നവർക്ക് ശുശ്രൂഷ ചെയ്യാൻ പൗരോഹിത്യം എന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചു. ഭയാനകമായ മരണത്തിന് മുമ്പായി അവിടുന്ന് ഗെത്‌സെമൻ തോട്ടത്തിലേക്ക് പോകുമ്പോൾ, അവിടുത്തെ പ്രിയ ശിഷ്യന്മാരായ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും തന്നോടൊപ്പം ആയിരിക്കാൻ അവിടുന്ന് തിരഞ്ഞെടുത്തു. ഒറ്റപ്പെടൽ അകറ്റാൻ താൻ തിരഞ്ഞെടുത്തവർ ഉറങ്ങുന്ന കാഴ്ച അവന് ഹൃദയ നൊമ്പരമേകി. ‘അവർ ഉറങ്ങുന്നതു കണ്ടു. അവൻ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ?,’ (മത്തായി 26: 40)
ആരും ഒറ്റപ്പെട്ടിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. കുരിശിൻ ചുവട്ടിൽ തന്റെ അമ്മ ഒറ്റയ്ക്കാവുന്നത് അവന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല, അതിനാൽ യോഹന്നാനെ അമ്മയ്ക്കു മകനായും മറിയത്തെ യോഹന്നാന് അമ്മയായും നൽകുന്നു. ഒറ്റപ്പെടൽ ദൈവപുത്രനു പോലും വേദന ഉളവാക്കിയ യാഥാർത്ഥ്യമാണങ്കിൽ നാം എത്രകണ്ട് മറ്റുള്ളവർക്കു താങ്ങും തണലുമായി നിൽക്കണം. 2020ലെ ഓശാന ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ ഇപ്രകാരം ഓർമപ്പെടുത്തി:
‘ആർക്കുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവിടുത്തെ നമുക്കു ഒറ്റിക്കൊടുക്കാതിരിക്കാം, നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രമായ അവിടുത്തെ നമുക്കു ഉപേക്ഷിക്കാതിരിക്കാം. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കാൻ വേണ്ടിയാണ് നാം ഈ ലോകത്തിലായിരിക്കുന്നത്. ജീവിതം മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി വ്യയം ചെയ്തില്ലങ്കിൽ അത് പ്രയോജനരഹിതമാണന്ന് നാം മനസിലാക്കണം. ജീവിതം സ്‌നേഹത്താലാണ് അളക്കപ്പെടുന്നത്, അതിനാൽ ഈ വിശുദ്ധ ദിനങ്ങളിൽ നമ്മുടെ ഭവനങ്ങളിലുള്ള ദൈവസ്‌നേഹത്തിന്റെ പൂർണതയുടെ പ്രതീകമായ ക്രൂശിത രൂപത്തിന്റെ മുമ്പിൽ നമുക്കു നിൽക്കാം, സ്വന്തം ജീവൻ നൽകി നമ്മെ രക്ഷിച്ച ദൈവത്തിന്റെ മുമ്പിൽ. ശുശ്രൂഷിക്കാനുള്ള കൃപ ജിവിതത്തിൽ ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം. സഹിക്കുന്നവരിലേക്കും സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്കും നമുക്ക് എത്തിച്ചേരാം. നമുക്ക് ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കാതെ, മറ്റുള്ളവർക്കുവേണ്ടി എന്തു നന്മ ചെയ്യാൻ കഴിയുമെന്ന് നമുക്കു ചിന്തിക്കാം.’
ആൾക്കൂട്ടത്തിലെ ഓശാന വിളികളെക്കാൾ ആത്മാർത്ഥത നിറഞ്ഞ സ്തുതിയാരാധനകളാണ് ഈശോ ഇഷ്ടപ്പെടുന്നത്. കൂട്ടത്തിലായതുകൊണ്ടു മാത്രം ആർക്കും കൂട്ടുകാരനാവാൻ കഴിയില്ലന്ന് ഈശോയുടെ പീഡാനുഭവം തെളിയിക്കുന്നു. ഒറ്റിന്റെയും ഒറ്റപ്പെടലിന്റെയും ഓർമകൾ വേദന മാത്രമേ മനുഷ്യന് സമ്മാനിച്ചിട്ടുള്ളൂ. ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *