Follow Us On

28

March

2024

Thursday

പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 46

സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്ന് ചരിത്ര സംഭവങ്ങളാണ് കടന്നുപോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്‌നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്‌നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്ന് സ്‌നേഹത്തിന്റെ പുതുവിപ്ലവത്തിനു ജീവിതത്തിലുടെ പ്രഭ വിതറേണ്ട സുന്ദര സുദിനം.

സുവിശേഷത്തിൽ ഈശോ ‘അത്യധികം ആഗ്രഹിച്ച’ ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ വിരുന്നാണ്. ‘അവൻ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു,’ (ലൂക്കാ 22:15). ഈശോ അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ, അതാണല്ലോ നാം ഇന്ന് ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. ഈശോ അത്യധികം ആഗ്രഹിച്ച ഈ തിരുനാളിന് മൂന്നു ആത്മീയ ഇതളുകളുണ്ട്, അഥവാ മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അത്യധികം ആവശ്യമുള്ള മൂന്നു അമൂല്യ ദാനങ്ങൾ: വിശുദ്ധ കുർബാന, പൗരോഹിത്യം, സ്‌നേഹത്തിന്റെ നവ പ്രമാണം. ലോകത്തിന് അത്യാവശ്യമുള്ള മൂന്നു ആത്മീയ സമ്പത്തുകൾ.

വിശുദ്ധ കുർബാന

പഴയ നിയമ പെസഹായുടെ ഓർമയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. പഴയ പെസഹാ, ദൈവത്തിന് ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നുവെങ്കിൽ മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്‌നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹായായ വിശുദ്ധ കുർബാന. പഴയ നിയമ പെസഹായിൽ കുഞ്ഞാട് ബലിവസ്തു ആയെങ്കിൽ, പുതിയ നിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന് വാഗ്ദത്ത നാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയ നിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്ക് ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു.

ദൈവം മനുഷ്യവംശത്തിന് നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹായാണ് നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാന. ആർസിലെ വികാരിയായ വിശുദ്ധ ജോൺ മരിയാ വിയാനി പറയുന്നു: ‘തന്നെക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനെക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു.’ ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നത് യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനംവരെ നിത്യം നിലനിൽക്കുന്ന വാഗ്ദാനവുമാണത്. ‘യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,’ (മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്.

പാവങ്ങളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസാ നമ്മെ ഓർമിപ്പിക്കുന്നു: ‘ക്രൂശിത രൂപത്തിലേക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്‌നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്ന് നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.’ ദൈവസ്‌നേഹത്തിന് വിശുദ്ധ കുർബാന അർപ്പണത്തിലുടെ നാം പ്രത്യുത്തരം നൽകണം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന പ്രവണത വർദ്ധിക്കുന്ന ആധുനിക സംസ്‌കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വിശുദ്ധ കുർബാനയുടെ ശോഭയെ നമുക്ക് ഉയർത്തിപ്പിടിക്കാം.

പൗരോഹിത്യം

ഈശോ അത്യധികം ആഗ്രഹിച്ച പെസഹാ തിരുനാളിലെ രണ്ടാമത്തെ ഇതൾ ശുശ്രൂഷാ പൗരോഹിത്യമാണ്. യേശുവിന്റെ പൗരോഹിത്യം സഭയിൽ സവിശേഷമായി തുടർന്നു കൊണ്ടുപോകാനുള്ള നിയോഗം സ്വീകരിച്ചവരാണ് പുരോഹിതർ. പെസഹാ ദിനത്തിൽ ഈശോ സ്ഥാപിച്ച രണ്ടാമത്തെ കൂദാശ. വിശുദ്ധ കുർബാനയും പൗരോഹിത്യവും ഈശോ അത്യധികം ആഗ്രഹിച്ച കൂദാശകളാണ്. പൗരോഹിത്യം ഒരേ സമയം വിളിയും വെല്ലുവിളിയുമാണ്. വിശുദ്ധ കുർബാനയാകുന്ന ബലിയുടെ അർപ്പകനെന്ന നിലയിൽ ഈശോയുടെ എന്നേക്കുമുള്ള ബലിയുമായി പുരോഹിതൻ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു.

ഓരോ പുരോഹിതനും അപരനുവേണ്ടി അർപ്പിക്കപ്പെടുന്ന ബലിവസ്തു ആകണമെന്ന് പെസഹാ ദിനം ഓർമിപ്പിക്കുന്നു. ബെനഡിക്ട് 16-ാമൻ പാപ്പ സ്‌നേഹത്തിന്റെ കൂദാശ എന്ന ചാക്രിക ലേഖനത്തിൽ ‘ഈശോയോടുകൂടെ ലോകത്തിന്റെ ജീവനുവേണ്ടി മുറിക്കപ്പെട്ട അപ്പമാകാൻ ഓരോ പുരോഹിതനും വിളിക്കപ്പെട്ടിരിക്കുന്നു,’എന്ന് തിരുസഭയെ ഓർമിപ്പിക്കുന്നു. അപരനുവേണ്ടി ബലിയാകേണ്ട ഇടയ ധർമത്തിൽ ഓരോ പുരോഹിതനും ശക്തി പകരേണ്ടത് വിശ്വാസികളുടെ കടമയും ഉത്തരവാദിത്വവുമാണ്. പുരോഹിതരുടെ ബലഹീനതകളാൽ ഉടഞ്ഞുപോകുന്ന പളുങ്കുപാത്രമല്ല ക്രിസ്തീയ പൗരോഹിത്യം.

മാനുഷിക ദൃഷ്ടിയിൽ അതിന്റെ ശോഭ മങ്ങിയെക്കാം, പക്ഷേ, ദൈവം അത്യധികം ആഗ്രഹിച്ച വ്യക്തികളാണ് ഓരോ പുരോഹിതനും. പഴികൾ ചാരി പൗരോഹിത്യത്തിന്റെ ശോഭയ്ക്കു മങ്ങലേൽപ്പിക്കാൻ നിരവധി കാരണങ്ങൾ നമ്മുടെ സാഹചര്യങ്ങളിൽ കണ്ടേക്കാം. വിധി പ്രസ്താവിക്കും മുമ്പ് ‘നിത്യപുരോഹിതനായ ഈശോയെ അങ്ങയുടെ ദാസന്മാരായ വൈദീകർക്ക് യാതൊരാപത്തും വരുത്താതേ…’ എന്ന പ്രാർത്ഥന നാം അർത്ഥം മനസ്സിലാക്കി ഒന്നു ചെല്ലണം. വിശുദ്ധ ജോൺ മരിയ വിയാനിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: ‘മതത്തെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദീകര ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദീകരില്ലാതാകുന്നോ അവിടെയെല്ലാം ബലികളും ഇല്ലാതാകും. എവിടെ ബലികൾ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു.’

സ്‌നേഹത്തിന്റെ പുതുപ്രമാണം

പെസഹാ തിരുനാളിലെ മൂന്നാമത്തെ ഇതൾ പരസ്‌നേഹത്തിന്റെ പുത്തൻ പ്രമാണമാണ്. ‘നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും,’ (യോഹന്നാൻ 13:35). വിശുദ്ധ കുർബാനയിൽ പിറവി കൊള്ളുന്ന പുതിയ ഇസ്രായേലായ സഭയ്ക്ക് ഈശോ നൽകുന്ന ഏക പ്രമാണമാണിത്. സ്‌നേഹത്തിന്റെ പാരമ്യം വ്യക്തമാക്കാൻ അവിടുന്ന് ശിഷ്യന്മാരുടെ കാലുകൾ കഴുകി. അപരനെ വലിയവനാക്കുമ്പോഴെ, സ്വയം പരിത്യജിക്കുമ്പോഴെ, ഇല്ലാതാകുമ്പോഴെ ക്രിസ്തീയ സ്‌നേഹം അതിന്റെ പൂർണതയിലെത്തൂ.

പെസഹാ ദിനത്തിൻ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ സ്‌നേഹത്തിന്റെ പ്രായോഗിക ഭാഷ ശുശൂഷയുടേതാണന്ന് അവിടുന്ന് അടിവരയിടുക ആയിരുന്നു. അതിനാലാണ് ക്ലെയർവോയിലെ വിശുദ്ധ ബർണാഡും മിലാനിലെ വിശുദ്ധ അബ്രോസും കാൽകഴുകൽ ശുശ്രൂഷയെ എട്ടാമത്തെ കൂദാശയായി വിശേഷിപ്പിക്കുന്നത്. അപരനെ വളർത്താൻ, അപനെ സമാശ്വസിപ്പിക്കാൻ, അവന്റെ കണ്ണീരൊപ്പാൻ, അവനു മഹത്വം നൽകാൻ ഞാൻ ചെറുതാകുമ്പോൾ ഞാൻ ഈശോ അത്യധികം ആഗ്രഹിച്ച വ്യക്തിയായി മാറും.

പെസഹാ തിരുകർമങ്ങളിൽ നാം പങ്കു ചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്‌നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞ് വിലമതിക്കാനും സ്‌നേഹത്തിന്റെ നവ പ്രമാണത്തെ ഹൃദയം നിറഞ്ഞ് ആശ്ലേഷിക്കാനും നമുക്കു പരിശ്രമിക്കാം. അതുവഴി നാം ഈശോ അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും നമ്മുടെ ഇടവക ഈശോ അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ ഈശോ അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമായി പരിണമിക്കും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?