Follow Us On

23

November

2020

Monday

എന്നെക്കണ്ട് മദർ തെരേസ സ്വർഗത്തിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും.

എന്നെക്കണ്ട് മദർ തെരേസ സ്വർഗത്തിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും.

ജീവിതത്തിന്റെ പ്രതിസന്ധികളിൽ താങ്ങാൻ ദൈവം എപ്പോഴും മാലാഖമാരെ അയക്കാറുണ്ട്. അവർക്ക് മനുഷ്യരുടെ മുഖങ്ങളായിരിക്കുമെന്നുമാത്രം. അത്തരമൊരു മാലാഖയുടെ ഇടപെടലാണ് ഗൗതം ലൂയിസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വിമാനത്തിൽ ഡോ. പെട്രീഷ്യയോടൊപ്പം യാത്രചെയ്യുമ്പോൾ ആ കുഞ്ഞു മനസിൽ ഒരു ആഗ്രഹം മൊട്ടിട്ടു. തനിക്കും പൈലറ്റാകണം. തന്റെ വികലാംഗത്തെക്കുറിച്ച് അവൻ ഓർത്തില്ല. മദർ തെരേസ നൽകിയ സ്‌നേഹംകൊണ്ട് തന്റെ പോരായ്മകളെല്ലാം അവൻ മറന്നുപോയിരുന്നു.
”അനാഥാലത്തിൽ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളർത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അങ്ങനെയൊരു കടുംകൈ ചെയ്യാൻ അമ്മയെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസിൽ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്‌നേഹിക്കാൻ തുടങ്ങുമ്പോൾ ലോകം എത്ര മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസ് പറയുന്നു. ആ വാക്കുകൾ കേൾക്കുമ്പോൾ മദർ തെരേസ സ്വർഗത്തിലിരുന്ന് ആനന്ദാശ്രുക്കൾ പൊഴിക്കുന്നുണ്ടാകും. താൻ പകർന്നുകൊടുത്ത മൂല്യങ്ങൾ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കുന്ന ഗൗതമിനെ ഓർത്ത്.
ജീവിതകാലത്തുതന്നെ മദർ തെരേസയെ ലോകം വിശുദ്ധയെന്ന് വിളിച്ചത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരങ്ങളിൽ ഒന്നാണ് ഈ ചെറുപ്പക്കാരൻ. ഗൗതം ലൂയിസിനെ ലോകം ഇന്ന് പലവിധത്തിൽ അറിയും. പോളിയോ ബാധിച്ച് ഒരു കാൽ തളർന്നെങ്കിലും പൈലറ്റായി. പോളിയോയ്ക്ക് എതിരെ ബോധവല്ക്കരണം നടത്തുന്ന ലോകാരോഗ്യ സംഘടനയുടെ ബ്രാന്റ് അംബാസിഡർ കൂടിയാണ് ഈ 39-കാരൻ. ഗൗതമിനെ ചരിത്രം വിലയിരുത്താൻ പോകുന്നത് പ്രതികൂലങ്ങളെ അതിജീവിച്ച് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ മാത്രമായിരിക്കില്ല, അങ്ങനെയുള്ളവർ അനേകരുണ്ട്. അവരിൽ പലരിൽനിന്നും ഇദ്ദേഹത്തെ മാറ്റിനിർത്തുന്ന പ്രധാന ഘടകം ജീവിതത്തിലുണ്ടായ വിപരീത അനുഭവങ്ങളെ ഹൃദയംകൊണ്ട് സ്വീകരിക്കാനും അത്തരം അനുഭവങ്ങൾ സമ്മാനിച്ചവരെ സ്‌നേഹിക്കാനും കഴിയുന്ന മനസ് സ്വന്തമാക്കുവാൻ കഴിഞ്ഞു എന്നതായിരിക്കും. അവിടംകൊണ്ടും തീരുന്നില്ല ഗൗതമിന്റെ പ്രത്യേകതകൾ.
തന്നെപ്പോലെ ശാരീരിക പരിമിധികളുടെ നടുവിൽ കഴിയുന്നവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചു. അംഗവൈകല്യമുള്ളവരെ പൈലറ്റാകാൻ പരിശീലിപ്പിക്കുന്ന ഫ്‌ളൈയിംഗ് സ്‌കൂളിന്റെ ഉടമസ്ഥൻകൂടിയാണ് ഗൗതം. തന്നെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കൈപിടിച്ചു നടത്തിയവരെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന മനസ് ഉണ്ടെന്നതാണ് ഗൗതമിനെ വേറിട്ടുനിർത്തുന്ന മറ്റൊരു ഘടകം.
മെമ്മറീസ് ഓഫ് മദർ
അനാഥാലയത്തിന്റെ കോണിൽ മുട്ടിൽ ഇഴഞ്ഞുനടന്നിരുന്ന ഒരു കുട്ടിയുടെ മനസിലേക്ക് സ്വപ്‌നങ്ങൾ പകരുകമാത്രമല്ല, എല്ലാവരെയും സ്‌നേഹിക്കാനും പരിമിതികളെ അതിജീവിക്കാനുമുള്ള പാഠങ്ങളാണ് മദർ തെരേസയിൽനിന്നും പകർന്നുകിട്ടിയത്. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഗൗതമിന് വത്തിക്കാനിൽനിന്ന് ക്ഷണം ലഭിച്ചിരുന്നു. മദറിന്റെ പുണ്യങ്ങൾക്ക് സ്വർഗം അടിവരയിടുമ്പോൾ ആ അമ്മയുടെ പുണ്യപാദങ്ങൾ പതിഞ്ഞ മണ്ണിൽ അമ്മയുടെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ ഗൗതം ലണ്ടനിൽനിന്നും കൊൽക്കത്തയിലേക്ക് പോകുകയായിരുന്നു.
‘മൈ മെമ്മറീസ് ഓഫ് മദർ തെരേസ’ എന്ന പേരിൽ ഇപ്പോൾ കൊൽക്കത്തയിൽ മദർ തെരേസയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ പ്രദർശനം നടത്തുകയാണ് ഗൗതം. ഓഗസ്റ്റ് 26-ന് തുടങ്ങിയ പ്രദർശനം അവസാനിക്കുന്നത് ഒക്‌ടോബർ ഒന്നിനാണ്. ഇത് സാധാരണ ഒരു പ്രദർശനമല്ല, കൊൽക്കത്തയുടെ തെരുവിൽനിന്നാരംഭിച്ച് ലോകത്തിന്റെ നെറുകയിൽവരെ എത്തിയ മദർ തെരേസയുടെ കാരുണ്യം നിറഞ്ഞ ജീവിതത്തിന്റെ ചില മുഹൂർത്തങ്ങളാണ് മികച്ചൊരു ഫോട്ടോഗ്രാഫർകൂടിയായ ഗൗതം ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നത്.
അതിൽ സ്വന്തം ജീവിതവും തന്നെപ്പോലെ തെരുവിന്റെ ഇരുണ്ട കോണുകളിൽ കഴിഞ്ഞ അനേകരെ വെളിച്ചത്തിലേക്ക്-ലോകത്തിന്റെ വിശാലതയിലേക്ക് കൊണ്ടുവന്നതിന്റെ നേർസാക്ഷ്യങ്ങളുണ്ട്. ഇത്ര ഉയർന്ന നിലയിലുള്ള ഒരാൾ സമയം വെറുതെ പാഴാക്കുകയാണോ എന്നാണ് അവിടെ എത്തുന്ന ചിലരുടെ നോട്ടങ്ങളുടെ അർത്ഥമെന്ന് ഗൗതമിന് മനസിലാകുന്നുണ്ട്. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് കൊൽക്കത്തയിൽ ഫോട്ടോ പ്രദർശനത്തിന് സമയം ചെലവഴിക്കുന്നതിൽ അല്പംപോലും കുണ്ഠിതമില്ല ഈ ചെറുപ്പക്കാരന്.
മദർ തെരേസ എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ തെരുവിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരുപക്ഷേ, മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടി ജീവിക്കേണ്ടി വരില്ലായിരുന്നോ എന്നാണ് അയാളുടെ മുഖഭാവം വിളിച്ചുപറയുന്നത്. ഏഴുവയസുവരെയുള്ള ജീവിതം ഓർത്തുവയ്ക്കുവാൻ മാത്രം നിറമുള്ളതൊന്നും അവന് സമ്മാനിച്ചിട്ടില്ല. ഒന്നൊഴിച്ച് അനാഥാലയത്തിലൂടെ മുട്ടിലിഴഞ്ഞു നടന്നിരുന്നപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഒരു പ്രാവശ്യമെങ്കിലും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചിരുന്ന പാവങ്ങളുടെ അമ്മയുടെ സാമീപ്യം. അതുമതി ഗൗതമിന് ലോകം ഏല്പിച്ച മുറിവുകളെ മറക്കാനും വേദനയ്ക്ക് കാരണക്കാരായവരെ സ്‌നേഹിക്കാനും.
അനാഥാലയത്തിലേക്ക്…
കൗമാരത്തിൽ ഒളിച്ചുപിടിക്കാൻ ശ്രമിച്ച ഭൂതകാലം ലോകത്തോട് വിളിച്ചുപറയാൻ ഗൗതമിന് ഇപ്പോൾ മടിയില്ല. മൂന്ന് വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച ഗൗതം ലൂയിസ് കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിൽ എത്തുന്നത്. ലോകത്തിന്റെ ദൃഷ്ടിയിൽ പ്രയോജനരഹിതനെന്നുകരുതി ആരോ ഉപേക്ഷിച്ചതോ അല്ലെങ്കിൽ ഗൗതമിന്റെ വാക്കുകൾപ്പോലെ നിവൃത്തികേടുകൊണ്ട് ഉപേക്ഷിക്കപ്പെടുകയോ ആയിരുന്നു. എന്തുതന്നെയായിരുന്നാലും തന്റെ മാതാപിതാക്കളുടെ മുഖങ്ങളോ അവരുടെ സ്‌നേഹത്തോടെയുള്ള തലോടലോ അവന്റെ മനസിൽ ഇല്ല. അത്തരം അനുഭവങ്ങളിലൂടെയൊന്നും അവൻ കടന്നുപോയിട്ടില്ല. അവന്റെ ഭൂതകാലം സിസ്റ്റേഴ്‌സിനും അന്യമാണ്.
തെരുവിൽ കരഞ്ഞുകൊണ്ടിരുന്ന അവനെ ഏതോ മനുഷ്യസ്‌നേഹി അവിടെ എത്തിച്ചതാകാം. പോളിയോ തളർത്തിയതുമൂലം തറയിലൂടെ ഇഴഞ്ഞുനടക്കാനെ അവന് കഴിയുമായിരുന്നുള്ളൂ. അവിടെ എത്തി ആറ് മാസത്തോളം അവൻ ആരോടും സംസാരിച്ചിരുന്നില്ല. മൂന്ന് വയസുകാരന് നേരിടേണ്ടിവന്ന ദുരിതങ്ങളായിരിക്കും സംസാരിക്കാൻപോലും അവനെ ഭയപ്പെടുത്തിയത്. തറയിലൂടെ ഇഴഞ്ഞു നടക്കുമ്പോൾ മനസിൽ ഉണ്ടായിരുന്ന ചിന്ത ഇപ്പോഴും ഗൗതമിന്റെ ഓർമയിലുണ്ട്.
തറയിൽ കിടന്ന് തല ഉയർത്തി നോക്കുമ്പോൾ എല്ലാവർക്കും തന്നെക്കാൾ ഒരുപാട് ഉയരമുണ്ടെന്ന് തോന്നുമായിരുന്നു. എന്നാൽ മദർ തെരേസ അടുത്തുവരുമ്പോൾ മാത്രം അങ്ങനെയൊരു ചിന്ത ഉടലെടുത്തിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും തറയിലിരുന്ന് വിശേഷങ്ങൾ തിരക്കുമ്പോൾ മദറും തന്റെ ഒപ്പമേ ഉള്ളൂവെന്നായിരുന്നു അവന്റെ വിചാരം. വർഷങ്ങൾ കഴിഞ്ഞെങ്കിലും കൊച്ചുമനസിൽ പതിഞ്ഞ അന്നത്തെ ചിത്രം ഇന്നലത്തേതുപോലെ ഓർമയിൽ നിറഞ്ഞുനില്ക്കുന്നു. മദറിന്റെയും മറ്റ് സിസ്റ്റേഴ്‌സിന്റെയും സ്‌നേഹപൂർവമായ ഇടപെടലുകളാണ് സ്ട്രച്ചറിൽ നടക്കാനും സ്വപ്‌നങ്ങൾ കാണാനും അവനെ പ്രാപ്തനാക്കിയത്.
മനുഷ്യരുടെ മുഖമുള്ള മാലാഖമാർ
ജീവിതത്തിന്റെ പ്രതിസന്ധികളിൽ താങ്ങാൻ ദൈവം എപ്പോഴും മാലാഖമാരെ അയക്കാറുണ്ട്. അവർക്ക് മനുഷ്യരുടെ മുഖങ്ങളായിരിക്കുമെന്നുമാത്രം. അത്തരമൊരു മാലാഖയുടെ ഇടപെടലാണ് ഗൗതം ലൂയിസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. മനുഷ്യന് മാത്രമേ തെറ്റുപറ്റുകയുള്ളൂ ദൈവത്തിന് അങ്ങനെ സംഭവിക്കുകയില്ലെന്നും ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. മദർ തെരേസയുടെ ഭവനത്തിൽ വോളന്റിയറായി സേവനം ചെയ്യാൻ താല്പര്യമുണ്ടെന്നു കാണിച്ചുകൊണ്ടുള്ള 27-കാരിയായ ഡോ. പെട്രീഷ്യ ലൂയിസിന്റെ കത്ത് ഇന്ത്യൻ അധികൃതകർക്ക് ലഭിച്ചു. അങ്ങനെ സേവനം ചെയ്യാൻ താല്പര്യപ്പെടുന്ന ഡോക്ടർമാർ എണ്ണത്തിൽ കുറവായിരുന്ന ആ സമയത്ത് ഉടൻതന്നെ വിസ അനുവദിച്ചു.
മെഡിക്കൽ ഡോക്ടർ ആയിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ, പെട്രീഷ്യ ന്യൂക്ലിയർ ഫിസിക്‌സിലും ഇന്റർനാഷൽ ലോയിലും പിഎച്ച്ഡി നേടിയതുകൊണ്ടാണ് ഡോക്ടർ എന്ന് ചേർത്തിരുന്നത്. പെട്രീഷ ഇന്ത്യയിൽവച്ചാണ് ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലെത്തിയ നേഴ്‌സായ ജെയിൻ വെബിനെ കണ്ടുമുട്ടുന്നത്. റിഹാബിലിേറ്റഷൻ സെന്ററുകളുമായി ബന്ധപ്പെട്ടായിരുന്നു ജെയിന്റെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ച് ദരിദ്രമായ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ ചികിത്സ. അങ്ങനെയാണവർ ഗൗതമിനെ കാണുന്നത്. അവൻ എളുപ്പത്തിൽ പെട്രീഷ്യയുടെ ഓമനയായി മാറി. തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത മാതൃ സ്‌നേഹമായിരുന്നു ഭാഷയുടെ പരിമിതികൾ ഉണ്ടെങ്കിലും അവന് പെട്രീഷയിൽനിന്നും ലഭിച്ചത്. അല്ലെങ്കിലും സ്‌നേഹത്തിന് ഭാഷയുടെയോ അക്ഷരങ്ങളുടെയോ ആവശ്യമില്ലല്ലോ. ആ കണ്ണുകളിൽ നിന്നും തന്നോടുള്ള സ്‌നേഹം വായിച്ചെടുക്കാൻ അവന് കഴിയുമായിരുന്നു.
അങ്ങനെ രണ്ടു വർഷങ്ങൾ കടന്നുപോയി. സ്ട്രച്ചറിൽ ചാടിച്ചാടി നടക്കുന്ന ഓമനത്തമുള്ള ഗൗതമിന്റെ മുഖം പെട്രീഷ്യയുടെ മനസിൽ നൊമ്പരമായി വളർന്നുകൊണ്ടിരുന്നു. ഒരിക്കൽ മദർ തെരേസയുടെ അടുത്ത് ഡോ. പെട്രീഷ്യ ഒരു വാഗ്ദാനം നടത്തി. ഗൗതമിന്റെ മുഴുവൻ വിദ്യാഭ്യാസ ചെലവുകളും സ്‌പോൺസർ ചെയ്യാൻ തയ്യാറാണെന്നായിരുന്നത്. വളരെ നല്ലത്, അവന് നല്ല വിദ്യാഭ്യാസത്തോടൊപ്പം ഒരമ്മയുടെ സ്‌നേഹംകൂടി അത്യാവശ്യമാണെന്നയിരുന്നു മദറിന്റെ മറുപടി. പെട്രീഷ്യ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യം. എന്നാൽ അത് ദൈവസ്വരമാണെന്ന് അവൾ തിരിച്ചറിഞ്ഞു. ഗൗതമിനെ ദത്തെടുക്കാൻ പെട്രീഷ്യ തയാറായി.
നിയമത്തിന്റെ നൂലാമാലകൾ പൂർത്തിയാക്കി 1984-ൽ ഗൗതമിനെയുംകൊണ്ട് ആ ന്യൂക്ലിയർ സയന്റിസ്റ്റ് ന്യൂസിലന്റിലെ ഓക്കലന്റിലേക്ക് യാത്രയായി. അവന് അപ്പോൾ ഏഴുവയസായിരുന്നു. ഗൗതമിന്റെ ജീവിതത്തിലെ വർണക്കാഴ്ചകൾ അവിടെനിന്നും ആരംഭിക്കുന്നു. വിമാനത്തിൽ ഡോ. പെട്രീഷ്യയോടൊപ്പം യാത്രചെയ്യുമ്പോൾ ആ കുഞ്ഞു മനസിൽ ഒരു ആഗ്രഹം മൊട്ടിട്ടു. തനിക്കും പൈലറ്റാകണം. തന്റെ വികലാംഗത്തെക്കുറിച്ച് അവൻ ഓർത്തില്ല. മദർ തെരേസ നൽകിയ സ്‌നേഹംകൊണ്ട് തന്റെ പോരായ്മകളെല്ലാം അവൻ മറന്നിരുന്നു.
ചാൾസ് രാജകുമാരന്റെ സ്‌കൂൾ
18 മാസം ന്യൂസിലാന്റിലായിരുന്നു. ആ സമയത്തിനുള്ളിൽ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് യാത്രയായി. ചാൾസ് രാജകുമാരൻ പഠിച്ച അതേ സ്‌കൂളിലായിരുന്നു ഗൗതമിനെ ചേർത്തത്. സഹപാഠികൾ അതുപോലെ ഉന്നതകുലജാതന്മാരായിരുന്നു. കുറച്ചുകൂടി മുതിർന്നു കഴിഞ്ഞപ്പോൾ പല കൂട്ടുകാരും ഇന്ത്യയെക്കുറിച്ചുള്ള കഥകൾ അവനോടു പറഞ്ഞു. അവരിൽ പലരുടെയും ആഗ്രഹമായിരുന്നു മുതിർന്നു കഴിയുമ്പോൾ ഇന്ത്യ സന്ദർശിക്കുക എന്നത്. കൊൽക്കത്തയുമായി ഗൗതമിന് ഉണ്ടായിരുന്ന ബന്ധം കൂട്ടുകാരുടെ സംഘത്തിൽ അവനെ ഹീറോയാക്കി. എന്നാൽ, അനാഥാലയത്തിൽ കഴിഞ്ഞിരുന്ന ബാല്യം അവരുടെ മുമ്പിൽ തുറന്നുവയ്ക്കാൻ അവൻ മടിച്ചു. ബിസിനസ് മാനേജ്‌മെന്റിൽ ഡിഗ്രി പൂർത്തിയാക്കിയ ഗൗതം ഒരു മ്യൂസിക്ക് കമ്പനിയിൽ മൂന്ന് വർഷം ജോലി ചെയ്തു.
വർഷങ്ങൾക്കുമുമ്പ് വിമാനത്തിലിരുന്ന് നടത്തിയ ഒരു കൊച്ചു പ്രാർത്ഥന അവൻ മറന്നുപോയെങ്കിലും ദൈവം അപ്പോഴും ഓർത്തുവച്ചിരുന്നു. അത് ദൈവം വീണ്ടും അവനെ ഓർമിപ്പിച്ചു. പൈലറ്റാകാനുള്ള ആഗ്രഹം തന്റെ വളർത്തമ്മയുടെ അടുത്ത് അറിയിച്ചു. അവരും ഒപ്പം നിന്നു. പൈലറ്റ് പരിശീലനത്തിൽ വിമാനം ടെയ്ക്ക്ഓഫ് ചെയ്യുന്നതിന് പ്രത്യേകമായി ഡിസൈൻ ചെയ്ത കൺട്രോളാണ് ഉപയോഗിച്ചത്. അവിടെനിന്നും വിജകരമായി കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് തന്നെപ്പോലെ അംഗവൈകല്യം മൂലം വിഷമിക്കുന്ന അനേകരെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് വികലാംഗർക്കുവേണ്ടി ‘ഫ്രീഡം ഇൻ ദി എയർ’ എന്ന പേരിൽ ഫ്‌ളൈയിംഗ് സ്‌കൂൾ ലണ്ടനിൽ തുറന്നത്.
വിപരീത സാഹചര്യങ്ങളെ മറികടന്ന് പൈലറ്റ് ആയ വിവരം സ്വന്തം ബോഗ്ലിൽ ഗൗതം ലൂയീസ് എഴുതി. പ്രതിസന്ധികളിലൂടെ പോകുന്നവർക്ക് പ്രചോദനവും കരുത്തും നൽകുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാൽ, അതിലും വലിയ അത്ഭുതമാണ് അവനെ കാത്തിരുന്നത്. അമേരിക്കയിലെ റോട്ടറി ഇന്റർനാഷണൽ അധികൃതർ അതു വായിച്ചു. ദിവസങ്ങൾക്കുള്ളിൽ അവരുടെ കത്ത് ഗൗതമിനെ തേടിയെത്തി. ലോകാരോഗ്യ സംഘനയുമായി ചേർന്നുള്ള അവരുടെ പോളിയോ നിർമാർജനയജ്ഞത്തിൽ സഹകരിക്കാമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു കത്ത്. ”തമാശപറയരുത്, എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല.” എന്നായിരുന്നു ഗൗതമിന്റെ മറുപടി. എന്നാൽ, റോട്ടറി അധികൃതരുടെ മനസിൽ ഉണ്ടായിരുന്ന പദ്ധതി മറ്റൊന്നായിരുന്നു. പോളിയോ ബാധിച്ചൊരാൾ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് പറയുമ്പോൾ ജനങ്ങളിലേക്ക് ആശയം എളുപ്പത്തിൽ എത്തും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പ്രത്യാശകൊണ്ട് നിറയ്ക്കാൻ മറ്റാരേക്കാളും കഴിയും.
അതേക്കുറിച്ച് അറിഞ്ഞപ്പോൾ മറ്റു തിരക്കുകൾ മാറ്റിവച്ച് ബോധവല്ക്കരണത്തിനായി ഗൗതം ഇന്ത്യയിലേക്ക് വന്നു. 2007 നവംബറിലായിരുന്നു അതിനായുള്ള ആദ്യ സന്ദർശനം. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാമ്പയിൻ. ഇതിനിടയിൽ ഒരാഴ്ച കൊൽക്കത്തയിലേക്കും പോയി. ഏഴ് വയസുവരെ താൻ ജീവിച്ച പ്രദേശങ്ങളുടെ ചിത്രങ്ങളും പോളിയോ ബാധിച്ച് സ്‌ട്രെച്ചറിന്റെ സഹായത്തോടെ നടക്കുന്ന ഏഴ് വയസുകാരന്റെ ചിത്രങ്ങളും ശേഖരിക്കാൻ. ബോധവല്ക്കരണത്തോടൊപ്പം സ്വന്തം ജീവിതത്തിലേക്കുള്ള തിരിച്ചുനടപ്പുകൂടിയായിരുന്നു ഗൗതം ലൂയിസിനത്. ഇത്തവണ കൊൽക്കത്തയിൽ എത്തിയ ഗൗതം ആദ്യത്തെ ദിവസങ്ങൾ അവിടെയുള്ള അനാഥാലയങ്ങൾ സന്ദർശിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു മാറ്റിവച്ചത്. തന്റെ ഇന്നലെകളെ ഒരിക്കൽക്കൂടി ഓർമിക്കാനും ദൈവത്തിന്റെ മഹാകരുണയ്ക്ക് നന്ദി പറയാനും.
ജോസഫ് മൈക്കിൾ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?