വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിൽ ലോകസമാധാനത്തിനായി വിശിഷ്യാ, യുക്രേനിയൻ ജനതയ്ക്കായി ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം ‘റെജീന കൊയ്ലി’ പ്രാർത്ഥന നയിക്കവേയായിരുന്നു പാപ്പയുടെ അഹ്വാനം. യുക്രൈനിൽ കഷ്ടപ്പെടുന്ന എല്ലാവരെയും, വിശിഷ്യാ, കുട്ടികളെയും പ്രായമായവരെയും ദൈവസമക്ഷം സമർപ്പിക്കുകയും ചെയ്തു പാപ്പ.
‘മേയ്മാസ വണക്കത്തിന് തുടക്കം കുറിക്കുന്ന സാഹചര്യത്തിൽ, ലോകസമാധാനത്തിനായി ഈ മാസം ഉടനീളം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ എല്ലാ സമൂഹങ്ങളെയും വ്യക്തികളെയും ഞാൻ ക്ഷണിക്കുന്നു. ഈ നിമിഷം എന്റെ ചിന്തകൾ ‘മേരിയുടെ നഗര’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുക്രൈനിലെ മരിയൂപോളിലേക്ക് തിരിയുന്നു. ക്രൂരമായ ബോംബാക്രമണത്തിൽ അവിടം തകർക്കപ്പെട്ടിരിക്കുന്നു. അവിടെ കുടുങ്ങിപ്പോയവരുടെ സുരക്ഷിത മോചനത്തിനായി മാനുഷിക ഇടനാഴികൾ തുറക്കാൻ ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു.’
യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് നാടുകടത്തുന്നു എന്ന ഭയാനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്ന കാര്യവും പാപ്പ കൂട്ടിച്ചേർത്തു. വേദനിക്കുന്ന ജനങ്ങളെപ്രതിയുള്ള തന്റെ ഉത്കണ്ഠ വ്യക്തമാക്കിയ പാപ്പ, സൈനീകവും വാക്കാലുള്ളതുമായ സംഘർഷാവസ്ഥ ഒഴിവാക്കാൻ നാം ഇച്ഛാശക്തി പ്രകടിപ്പിക്കുന്നുണ്ടോ, ആയുധങ്ങളെ നിശബ്ദമാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടോ എന്ന ചോദ്യവും ഉയർത്തി. അക്രമത്തിന്റെ യുക്തിക്കും സായുധ പോരാട്ടത്തിന്റെ വൈകൃതാവസ്ഥയ്ക്കും വഴങ്ങരുതെന്നും പാപ്പ അഭ്യർത്ഥിച്ചു.
അതേസയം, റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം യുക്രേനിയൻ തലസ്ഥാനമായ കീവിൽനിന്ന് ഇതുവരെ 1150 സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടും പുറത്തുവന്നു. കീവ് റീജ്യണൽ പൊലീസ് മേധാവി ആൻഡ്രി നെബിറ്റോവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടുക്കുന്ന ഈ വിവരമുള്ളത്. സാധാരണക്കാരിൽ 70%വും കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നും ഇതിൽ ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയത് ബുച്ച പട്ടണത്തിൽനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റഷ്യൻ സൈന്യം സാധാരണ ജനങ്ങളെ കൊന്നുതള്ളുന്നുവെന്ന യുക്രേനിയൻ ആരോപണം ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.
Leave a Comment
Your email address will not be published. Required fields are marked with *