റോം: അതേ ദിനം, അതേ സമയം- ഇറ്റാലിയൻ നഗരമായ നേപ്പിൾസിന്റെ മധ്യസ്ഥൻ വിശുദ്ധ ജാനുയേരിയസിന്റെ രക്തം ഇത്തവണയും ഒഴുകി! പതിവുപോലെ, മേയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ചതന്നെയാണ് (ഈ വർഷം ഏപ്രിൽ 30) രക്തസാക്ഷികൂടിയായ വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം സംഭവിച്ചത്. നാലാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിസിന്റെ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം വിവരിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.
മഹാമാരിയുടെ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ നേപ്പിൾസ് കത്തീഡ്രൽ നിറഞ്ഞുകവിഞ്ഞ വിശ്വാസീഗണത്തെ സാക്ഷിയാക്കി നേപ്പിൾസ് ആർച്ച്ബിഷപ്പ് ഡൊമിനിക്കോ ബട്ടാഗ്ലിയയാണ് അത്ഭുതം ആവർത്തിച്ച വിവരം വെളിപ്പെടുത്തിയത്. കത്തീഡ്രലിന് അകത്തും പുറത്തുമായി നിലയുറപ്പിച്ച വിശ്വാസികൾ കരഘോഷത്തോടെ അറിയിപ്പിനെ വരവേറ്റു. ജാനുയേരിയസിന്റെ രക്തകട്ട സൂക്ഷിച്ചിരിക്കുന്ന പേടകം അദ്ദേഹം പ്രദർശിപ്പിക്കുകയും തുടർന്ന് നഗരത്തെ ആശീർവദിക്കുകയും ചെയ്തു.
മഹാമാരിമൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടക്കാതെപോയ പ്രദക്ഷിണത്തിനും ഇത്തവണ നേപ്പിൾസ് നഗരം സാക്ഷ്യം വഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പണവും നടന്നു. വിശുദ്ധ ജാനുയേരിയസിന്റെ രക്തം, നിരപരാധികളുടെ രക്തം ഒഴുകുന്നതിന് തടയിനാടുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ മറ്റേതൊരു കാലത്തേക്കാൾ കൂടുതലായി ഇന്ന് നമ്മെ ക്ഷണിക്കുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാൾ ദിനമായ സെപ്റ്റംബർ 19, മേയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബർ 16 എന്നിവയാണ് ആ ദിനങ്ങൾ. 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പ ഇവിടെ സന്ദർശനം നടത്തിയപ്പോൾ രക്തകട്ടയുടെ പകുതി ഭാഗം ദ്രാവമായി മാറിയതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച പുണ്യാത്മാവാണ് വിശുദ്ധ ജാനുയേരിയസ്. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയിൽ ശേഖരിച്ചത്. 1389മുതൽ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുതമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *