വത്തിക്കാൻ സിറ്റി: കത്തോലിക്കാ ഫാർമസിസ്റ്റുകൾ നിർവഹിക്കുന്ന സ്തുത്യർഹസേവനങ്ങളെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പ. ഫാർമസിസ്റ്റുകൾ കാഴ്ചവെക്കുന്ന സേവനത്തിന്റെ മൂല്യം സമൂഹം കൂടുതൽ തിരിച്ചറിയാൻ കോവിഡ് മഹാമാരിയുടെ നാളുകൾ വഴിയൊരുക്കിയെന്നും പാപ്പ പറഞ്ഞു. കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ വാക്കുകൾ.
പൗരന്മാർക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള പാലം എന്ന് ഫാർമസിസ്റ്റുകളെ പാപ്പ വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. മഹാമാരിയുടെ ദിനങ്ങൾ ഫാർമസിസ്റ്റുകളെ മുൻനിരയിൽ കൊണ്ടുവരികയും പരസ്പരം പിന്തുണയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പുതിയ പ്രചോദനനേകാൻ പ്രതിസന്ധിയുടെ അവസരം കാരണമായെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ഫെഡറേഷനെ അഭിനന്ദിക്കുകയും ഇത് കത്തോലിക്കാ പാരമ്പര്യത്തിന്റെ സവിശേഷതയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഫാർമസിസ്റ്റുകൾ പൊതുനന്മയെപ്രതി രണ്ടു തരം സംഭാവനകൾ കാഴ്ചവെക്കുന്നുണ്ട്. ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുന്നു എന്നതാണ് അതിലൊന്ന്, സാമൂഹിക പിരിമുറുക്കം ലഘൂകരിക്കുന്നു എന്നതാണ് മറ്റൊന്ന്. ഈ പങ്കുവെക്കൽ വളരെ വിവേകത്തോടെയും തൊഴിൽപരമായ വൈദഗ്ധ്യത്തോടെയും നിർവഹിക്കണം. അതോടൊപ്പം ജനങ്ങൾക്ക് സാമീപ്യവും ഉപദേശവും ലഭ്യമാക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ പ്രതിനിധികളെ പാപ്പ അഭിസംബോധന ചെയ്യുന്നു.
‘ജനങ്ങൾ പലപ്പോഴും അവരുടെ നിരാശയിൽ, നിങ്ങളെ സഹായത്തിന്റെയും ഉപദേശത്തിന്റെയും വിവരങ്ങൾക്കായി സമീപിക്കാവുന്നവരുമായി കണ്ടെത്തും. ഞങ്ങൾ തൊട്ടടുത്തുണ്ട് എന്ന ബോധ്യമാണ് ഫാർമസിസ്റ്റുകൾ പകരേണ്ടത്.’ സമഗ്രമായ പരിസ്ഥിതി ബോധ്യം ജനങ്ങൾക്ക് പകരാൻ ഫാർമസിസ്റ്റുകൾക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ചും പാപ്പ പങ്കുവെച്ചു.
‘ദൈവം നമ്മെ വിന്യസിച്ചിട്ടുള്ള നമ്മുടെ പൊതുഭവനത്തെ കൂടുതൽ ബഹുമാനിക്കുന്ന ഒരു ജീവിതശൈലി പഠിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതരീതിയും ഈ ജീവിതശൈലിയുടെ ഭാഗംതന്നെയാണ്.’ വിവിധ സംസ്കാരങ്ങളിലെ അറിവുകളിൽനിന്നും സമ്പ്രദായങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകളെ അഭ്യസിപ്പിക്കാൻ ഫാർമസിസ്റ്റുകൾക്ക് സാധിക്കും. മികച്ച ജീവിതം എന്നത് ചിലർക്കു മാത്രമുള്ള സവിശേഷ അവകാശമല്ല മറിച്ച്, എല്ലാവർക്കും ലഭ്യമാകേണ്ട കാര്യമാണെന്നും പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *