Follow Us On

18

April

2024

Thursday

ജോൺപോൾ എന്തെഴുതിയാലും അതിൽ ജീസസ് ഉണ്ടാകും! ജീസസും ജോൺപോളും തമ്മിലുള്ള അടുപ്പം പരസ്യമാക്കി ബാലചന്ദ്രൻ ചുള്ളിക്കാട്

ജോൺപോൾ എന്തെഴുതിയാലും അതിൽ ജീസസ് ഉണ്ടാകും! ജീസസും ജോൺപോളും തമ്മിലുള്ള അടുപ്പം പരസ്യമാക്കി ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: ഈയിടെ മരണമടഞ്ഞ പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോളിന്റെ ക്രിസ്തുവിശ്വാസത്തെ കുറിച്ച് പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ‘ജോൺപോൾ തിരക്കഥ എഴുതാൻ കടലാസെടുത്താൽ അതിൽ ആദ്യം രേഖപ്പെടുത്തുന്നത് ‘ജീസസ്’ എന്നായിരിക്കും’- കൊച്ചിയിലെ പൗരാവലി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അനുസ്മരണാ സമ്മേളനത്തിലാണ്, ജോൺപോളും യേശുക്രിസ്തുവും തമ്മിലുള്ള അടുപ്പം ചുള്ളിക്കാട് പരസ്യമാക്കിയത്.

‘തിരക്കഥ എഴുതാൻ അദ്ദേഹം കടലാസെടുത്താൽ ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും. അത് എന്നും അദ്ദേഹം തെറ്റാതെ, മറക്കാതെ ചെയ്തിരുന്ന ഒരു കാര്യമാണ്. എന്നും ഞാനത് കണ്ടിട്ടുമുണ്ട്.’ അദ്ദേഹത്തിന്റെ മുറിയിൽ എഴുതപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമായ കടലാസുകളിൽ മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട കടലാസുകളിൽവരെ ‘ജീസസ്’ എന്ന മുദ്ര താൻ കണ്ടിട്ടുണ്ടെന്നും ചുള്ളിക്കാട് അനുസ്മരിച്ചു.

പ്രസംഗത്തിന്റെ പ്രസക്തഭാഗം ചുവടെ:

ചില ചിത്രങ്ങളുടെ തിരക്കഥ എഴുതുമ്പോൾ അദ്ദേഹത്തിന്റെ സഹായിയായി ഞാൻ കൂടെ താമസിച്ചിട്ടുണ്ട്. അപ്പോഴെല്ലാം എല്ലാ ദിവസവും പേപ്പറിൽ കുറിച്ച ‘ജീസസ്’ എന്ന മുദ്ര കണ്ടിട്ടുണ്ട്. ആ മുദ്ര അദ്ദേഹത്തിന്റെ അഗാധമായ വിശ്വാസത്തിന്റെ മുദ്രയാണ്.

ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും പോലെ ജോൺപോളും വിജയങ്ങളും പരാജയങ്ങളും ആവോളം കണ്ടിട്ടുള്ള വ്യക്തിയാണ്. വിജയപരാജയങ്ങളെ അദ്ദേഹം സമീപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത രീതിയുടെയെല്ലാം പിന്നിൽ ആഴത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

എൺപതുകളിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് ഏറ്റവും സജീവമായി അദ്ദേഹം തിരക്കഥ എഴുതിയിരുന്നത്. 170ൽപ്പരം തിരക്കഥകൾ എഴുതിയിട്ടുണ്ട്. അദ്ദേഹം ചെയ്ത തിരക്കഥകളുടെ പ്രമേയപരവും സാങ്കേതികവുമായ വൈവിധ്യങ്ങൾ ഭാവിതലമുറ പഠനവിഷയമാക്കേണ്ടതാണ്.

ജീസസിനോട് പത്രോസ് ചോദിക്കുന്നുണ്ട്, ‘വള്ളവും വലയും വിട്ട് മാതാപിതാക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ഞാൻ നിന്നെ പിന്തുടരും; എനിക്കെന്തു കിട്ടും’ എന്ന്. ‘ഞാൻ നിന്നെ നിത്യജീവന് അവകാശിയാക്കും’ എന്നതായിരുന്നു ജീസസിന്റെ മറുപടി, ജോൺ പോളിന്റെ വിശ്വാസം അദ്ദേഹത്തെ നിത്യജീവന് അവകാശിയാക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് എന്റെ വാക്കുകൾ ചുരുക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?