Follow Us On

20

May

2022

Friday

പാരമ്പര്യ ഘടകങ്ങളുടെ പ്രവാചകന്‍

പാരമ്പര്യ ഘടകങ്ങളുടെ പ്രവാചകന്‍

– ബിജു ഡാനിയേല്‍

ജീവജാലങ്ങളില്‍ പാരമ്പര്യമായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകള്‍ക്ക് മാതാപിതാക്കന്മാരുടെ രക്തമാണ് കാരണമെന്നാണ് 1900 വരെ കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്നും ജീവജാലങ്ങളില്‍ കണികാരൂപത്തിലുള്ള ജൈവഘടകങ്ങളുടെ സാന്നിധ്യമാണ് പാരമ്പര്യ സവിശേഷതകളായി തുടരുന്നതെന്നുമായിരുന്നു പുതിയ പ്രഖ്യാപനം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടത്തിയ ഈ പ്രഖ്യാപനം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. പ്രസ്തുത പ്രഖ്യാപനത്തിന്റെ ഉപജ്ഞാതാവ് ഒരു കത്തോലിക്കാ പുരോഹിതനാണെന്നുള്ളത് ഏറെ അതിശയകരവുമായി.

പാരമ്പര്യ ശാസ്ത്രത്തിന്റെ (Genetics) പിതാവായി അറിയപ്പെടുന്ന ഗ്രഗര്‍ മെന്‍ഡല്‍, അഗസ്റ്റീനിയന്‍ സന്യാസിയായ കത്തോലിക്കാ പുരോഹിതനാണ്. 28,000 സസ്യങ്ങളില്‍ അദ്ദേഹം നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ ജീവജാലങ്ങളുടെ പാരമ്പര്യ സ്വഭാവങ്ങള്‍ പ്രവചിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചു. അതിന് സഹായകമായ അടിസ്ഥാന ഘടകമായി മെന്‍ഡല്‍ കണ്ടുപിടിച്ച ‘ജൈവഘടകങ്ങള്‍’ ഇന്ന് ‘ജീനുകള്‍’ എന്ന് അറിയപ്പെടുന്നു.

ഗ്രഗര്‍ മെന്‍ഡലിന്റെ പഠനഗവേഷണങ്ങള്‍ 1856-63 കാലഘട്ടത്തിലാണ് നടന്നതെങ്കിലും അദ്ദേഹം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ട് ചിരപ്രതിഷ്ഠ നേടുന്നത് 1900-ലാണ്. മെന്‍ഡലിന്റെ കണ്ടുപിടിത്തങ്ങള്‍ ശരിയാണെന്നു സ്വതന്ത്ര പഠനത്തിലൂടെ ശരിവച്ച ഹ്യൂഗോ ഡി വ്രീസ് (ഹോളണ്ട്), കാള്‍ കോറന്‍സ് (ജര്‍മനി), ഇ. ഫോണ്‍ ഷെര്‍മാര്‍ക്ക് (ഓസ്ട്രിയ) എന്നീ സസ്യശാസ്ത്രജ്ഞരാണ് മെന്‍ഡല്‍ തിയറിയുടെ ഔ ദ്യോഗിക പ്രഖ്യാപനം അദ്ദേഹം മരി ച്ച് 16 വര്‍ഷം കഴിഞ്ഞു നടത്തിയത്.

ബാല്യത്തിലെ പൂന്തോട്ടക്കാരന്‍

ഗ്രഗര്‍ മെന്‍ഡല്‍ ജനിച്ചത് 1822 ജൂ ലൈ 22-നാണ്. അദ്ദേഹത്തിന്റെ ജനനസ്ഥലമായ ഓസ്ട്രിയിലെ ഹെയ്ന്‍ സെന്‍ഡോര്‍ഫ് ഇന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഹെയ്ന്‍സിസ് എന്നറിയപ്പെടുന്നു. പിതാവ് കര്‍ഷകനായ ആന്റണ്‍ മെ ന്‍ഡലും മാതാവ് റോസിന്‍ മെന്‍ഡലുമായിരുന്നു. ബാല്യത്തില്‍ പൂന്തോട്ടക്കാരനായി ജോലി ചെയ്യുമ്പോള്‍ത്തന്നെ തേനീച്ച വളര്‍ത്തലിലും മെന്‍ഡല്‍ പരിശീല നം നേടിയിരുന്നു. യുവാവായപ്പോള്‍ ഔലമൂച്ച് സര്‍വകലാശാലയിലെ ഫിലോസഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് ഫിലോസഫിയും ഊര്‍ജതന്ത്രവും പഠിച്ചു.

സ്വന്തം ഉത്തരം എഴുതിയപ്പോള്‍

ഫിലോസഫി ഫാക്കല്‍റ്റിയില്‍ മെന്‍ഡല്‍ പ്രവേശനം നേടിയപ്പോള്‍, പ്രകൃതിയുടെയും കൃഷിയുടെയും ചരിത്രപഠനത്തിനുള്ള വിഭാഗത്തില്‍ ജോഹാന്‍ കാള്‍ നെസ്റ്റ്‌ലര്‍ ആയിരുന്നു മേധാവി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെടികളിലും മൃഗങ്ങളിലും പ്രത്യേകിച്ച് ആടുകളില്‍ കാണുന്ന പാരമ്പര്യ സ്വഭാവ ഗുണങ്ങളെക്കുറിച്ച് ആഴമായ പഠനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഈ അവസരത്തില്‍ ഫിസിക്‌സ് അധ്യാപകനായ ഫ്രൈഡ്‌റിച്ച് ഫ്രാന്‍സിന്റെ ശുപാര്‍ശപ്രകാരം മെന്‍ഡല്‍ ബ്രണോയിലെ അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേര്‍ന്നു. വൈദികപരിശീലനകാലത്ത് ഹൈസ്‌കൂള്‍ അധ്യാപകന്റെ ജോലിയില്‍ താല്‍ക്കാലികമായി പ്രവേശിച്ചു. ഹൈസ്‌കൂളില്‍ സ്ഥിരനിയമനത്തിനുള്ള പരീക്ഷയില്‍ അദ്ദേഹം വിജയിച്ചില്ല. തുടര്‍പഠനത്തിനായി അദ്ദേഹം വിയന്നയിലേക്ക് യാത്രയായി.

അവിടെനിന്നും ഫിസിക്‌സ് അധ്യാപനത്തിനുള്ള യോഗ്യതയുമായിട്ടാണ് തിരികെ വന്നത്. ഹൈസ്‌കൂള്‍ അധ്യാപകനാകാനുള്ള യോഗ്യതാപരീക്ഷയില്‍ അദ്ദേഹം വീണ്ടും പരാജിതനായി. ചോദ്യങ്ങള്‍ക്ക് സ്വന്തനിലയില്‍ ഉത്തരങ്ങള്‍ എഴുതിയതാണ് പരാജയകാരണം. ബോണ്‍ ജൊഹാന്‍ മെന്‍ഡല്‍ എന്ന പേര് ആശ്രമത്തില്‍ ചേര്‍ന്നപ്പോള്‍ ഗ്രഗര്‍ ജൊഹാന്‍ മെന്‍ഡല്‍ എന്നുമാറ്റി. 1846 ഡിസംബര്‍ 25-ന് പൗരോഹിത്യം ലഭിച്ചു. ശാസ്ത്രം, സംസ്‌കാരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിരുന്ന ആ സന്യാസാശ്രമം മെന്‍ഡലിന്റെ ഗവേഷണപഠനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു.

അലട്ടുന്ന ചോദ്യങ്ങള്‍

സസ്യങ്ങളുടെ സ്വഭാവഗുണങ്ങള്‍ അടുത്ത തലമുറയിലും എങ്ങനെ തുടരുന്നു? പുതിയ നിറമുള്ള പൂക്കള്‍ എങ്ങനെ ഉണ്ടാകുന്നു? പ്രകൃതിയിലെ വൈവിധ്യങ്ങളുടെ കാരണമെന്താണ്? പാരമ്പര്യ ഗുണങ്ങളുടെ കാരണമെന്താണ്? മെന്‍ഡലിനെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. വിയന്നയില്‍നിന്നു മടങ്ങിയെത്തിയ ഉടന്‍തന്നെ അദ്ദേഹം പരീക്ഷണങ്ങള്‍ ആരംഭിച്ചു. പയര്‍ ചെടികളിലെ ഏഴു സ്വഭാവ ഗുണങ്ങളിലാണ് അദ്ദേഹം പരീക്ഷണം നടത്തിയത്. ചെടിയുടെ ഉയരം, കായുടെ പുറംതോടിന്റെ ആകൃതിയും നിറവും, വിത്തിന്റെ ആകൃതിയും നിറവും, പൂവിന്റെ സ്ഥാനവും നിറവും.
വ്യത്യസ്തയിനം സസ്യങ്ങള്‍ തമ്മിലുള്ള പ്രജനനം നടക്കുമ്പോള്‍ രണ്ടാം തലമുറയിലെ നാലില്‍ ഒന്ന് മറഞ്ഞിരിക്കുന്ന സ്വഭാവമുള്ളതായിരിക്കും (Recessive). രണ്ടെണ്ണം സങ്കരയിനവും (Hybrid) അടുത്തത് പ്രകടഗുണം (Dominent) ഉള്ളതുമായിരിക്കും. ഇത് ‘വേര്‍തിരിവിന്റെ നിയമം’ (Law of segregation) എന്നും സ്വതന്ത്രശേഖരണ നിയമം (Law of independent assorted) എന്നുമുള്ള നിഗമനങ്ങളോടുകൂടിയ ‘മെന്‍ഡലിന്റെ പിന്തുടര്‍ച്ചാനിയമ’മായി (Mendels law of inheritance) സസ്യശാസ്ത്രത്തില്‍ നിലനില്‍ക്കുന്നു.

മെന്‍ഡല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ എലികളില്‍ നടത്താന്‍ ആഗ്രഹിച്ചു. സന്യാസ വൈദികന്‍ ജന്തുലൈംഗികത പഠിക്കുന്നതിന് തദ്ദേശീയ ബിഷപ് അനുമതി നല്‍കാതിരുന്നതിനാല്‍ അദ്ദേഹം പഠനങ്ങള്‍ സസ്യജാലങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചു. കൂടാതെ കാലാവസ്ഥയിലും ജ്യോതിശാസ്ത്രത്തിലും ഏറെ പഠനങ്ങള്‍ അദ്ദേഹം നടത്തി. കാലാവസ്ഥാ കേന്ദ്രീകൃതമായ ധാരാളം പഠനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 1865-ല്‍ ഓസ്ട്രിയന്‍ മെറ്റീരിയോളജിക്കല്‍ സൊസൈറ്റിയും അദ്ദേഹം ആരംഭിച്ചു.

‘എന്റെ സമയം വരും’

നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ 1865 ഫെബ്രുവരി എട്ടിനും മാര്‍ച്ച് എട്ടിനുമായി ഏതാണ്ട് നാല്‍പതോളം ശാസ്ത്രജ്ഞരാണ് മെന്‍ഡലിന്റെ ഉജ്വലപ്രഭാഷണം കേട്ടത്. ‘സങ്കരയിന സസ്യങ്ങളിലെ പരീക്ഷണങ്ങള്‍’ (Experiment on Plant Hybridization) എന്ന പ്രബന്ധാവതരണം കേട്ട അവരിലാര്‍ക്കുംതന്നെ ജനിതകശാസ്ത്രത്തിന്റെ പൊരുള്‍ പിടികിട്ടിയില്ല. പ്രാദേശിക ദിനപത്രത്തില്‍ ചെറിയ വാര്‍ത്തകള്‍ വന്നു എന്നതൊഴിച്ചാല്‍ കാര്യമായ പ്രതികരണങ്ങളൊന്നുംതന്നെ അതുളവാക്കിയില്ല. 1866-ല്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ പിന്തുടര്‍ച്ചയിലെ സ്വാധീനത്തേക്കാളുപരി സങ്കരയിന പ്രജനനത്തിനായിരുന്നു ശ്രദ്ധ കിട്ടിയതും. അടുത്ത 35 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നുപ്രാവശ്യം മാത്രമാണ് മെന്‍ഡല്‍ തിയറി എവിടെയെങ്കിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടത്.

പരിണാമസിദ്ധാന്തം 1859-ല്‍ അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ മെന്‍ഡലിന്റെ പഠനത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ഗ്രഗര്‍ ജൊഹാന്‍ മെന്‍ഡല്‍ വളരെ മുമ്പുതന്നെ പ്രസിദ്ധനാകുമായിരുന്നു. എന്നിരുന്നാലും, ”എന്റെ സമയം വരും” എന്ന് തികഞ്ഞ പ്രതീക്ഷയോടെ തന്റെ സുഹൃത്തായ ഗുസ്താവ് വോണ്‍ നീസലിനോട് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച പ്രതീക്ഷ സഫലമാകാന്‍ മെന്‍ഡലിന്റെ മരണശേഷം ഒന്നര പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നുവെന്നുമാത്രം.

1868-ല്‍ ആശ്രമാധിപനായി ഉയര്‍ത്തപ്പെട്ടതോടെ അദ്ദേഹത്തിന്റെ പഠനപരീക്ഷണങ്ങളെല്ലാം അവസാനിച്ചു. ആശ്രമത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ ഏറെ ഭാരപ്പെടുത്തി. സന്യാസ സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള നിയമം 1874-ല്‍ നിലവില്‍വന്നു. ഈ നിയമത്തെ മെന്‍ഡല്‍ ശക്തമായി എതിര്‍ത്തു. അതു വലിയ സാമൂഹിക പ്രശ്‌നമായി മാറി. ഇതുമൂലം ക്രൈസ്തവസഭയിലും പൊതുസമൂഹത്തിലും മെന്‍ഡല്‍ ഒറ്റപ്പെട്ടു. 1884 ജനുവരി ആറിന് തന്റെ 61-ാം വയസില്‍ കിഡ്‌നിരോഗിയായി അദ്ദേഹം മരണമടഞ്ഞു. തുടര്‍ന്ന് ചുമതലയേറ്റ ആശ്രമാധിപന്‍ നികുതിപ്രശ്‌നത്തിന് വിരാമമിടാനായി മെന്‍ഡലിന്റെ ശേഖരത്തിലുണ്ടായിരുന്ന എല്ലാ രേഖകളും കത്തിച്ചു ചാമ്പലാക്കി. പാരമ്പര്യ ശാസ്ത്രത്തിന് അഥവാ ജനിതക ശാസ്ത്രത്തിന് ആദ്യമായി ഗണിതശാസ്ത്രപരമായ അടിത്തറ നല്‍കിയത് മെന്‍ഡലിന്റെ പ്രവര്‍ത്തനങ്ങളാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?