Follow Us On

20

May

2022

Friday

വാഴ്ത്തപ്പെട്ട മരിയ റെസ്റ്റിറ്റിയൂത്താ കാഫ്ക

വാഴ്ത്തപ്പെട്ട മരിയ റെസ്റ്റിറ്റിയൂത്താ  കാഫ്ക

– ചെറുപുഷ്പം റോബി

വിയന്നായിലെ ഒരു പുകയിലഷോപ്പില്‍ സെയില്‍സ് ഗേളായിരുന്നു മരിയ. അപ്പോഴാണ് അവളുടെ മനസില്‍ നഴ്‌സാകണം എന്ന ആഗ്രഹം ഉദിച്ചത്. ‘ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ക്രിസ്റ്റ്യന്‍ ചാരിറ്റി’ എന്ന സന്യാസസമൂഹം നടത്തുന്ന ഹോസ്പിറ്റലില്‍ അവള്‍ നഴ്‌സിങ്ങ് പരിശീലനം ആരംഭിച്ചു. സിസ്റ്റേഴ്‌സിന്റെ ഭക്തിയും ശുശ്രൂഷാചൈതന്യവും കണ്ട മരിയ ഒടുവില്‍ ആ സമൂഹത്തില്‍ത്തന്നെ അംഗമായി ചേര്‍ന്ന് ഒരു സമര്‍പ്പിതയായി മാറി.
എപ്പോഴും ഉത്സാഹഭരിതയും തമാശക്കാരിയും ആയിരുന്ന അവള്‍ എന്നും പാവങ്ങള്‍ക്കുവേണ്ടിയും അശരണരായ രോഗികള്‍ക്കുവേണ്ടിയും നിലനിന്നു. ക്രമേണ വളരെ വിദഗ്ധയായ ഒരു സര്‍ജിക്കല്‍ നഴ്‌സായി അവള്‍ മാറി. ഈ സമയത്താണ് നാസികള്‍ ഓസ്ട്രിയ കയ്യേറിയതും ക്രൂരമായ അടിച്ചമര്‍ത്തല്‍ഭരണം ആരംഭിച്ചതും. നാസികള്‍ അവരുടെ കോണ്‍വെന്റ് അടച്ചുപൂട്ടിച്ചു.

ഹോസ്പിറ്റലിന്റെ മുറികളില്‍നിന്നും ക്രൂശിതരൂപം എടുത്തുമാറ്റുവാന്‍ നാസികള്‍ നിര്‍ബന്ധിച്ചിട്ടും അവര്‍ തയാറായില്ല. അതോടെ സിസ്റ്റര്‍ നാസികളുടെ നോട്ടപ്പുള്ളിയായി. അധിനിവേശത്തിനും അടിച്ചമര്‍ത്തലിനും എതിരെ സംസാരിച്ചു എന്നതിന്റെ പേരില്‍ സിസ്റ്റര്‍ അറസ്റ്റു ചെയ്യപ്പെട്ടു. 1942-ലെ വിഭൂതി തിരുനാള്‍ ദിനത്തിലാണ് ഹിറ്റ്‌ലറിന്റെ ‘ഗസ്റ്റപോ’ പോലീസ് സിസ്റ്ററിനെ തടവിലാക്കിയത്. എട്ടുമാസത്തോളം ജയിലിലെ നാമമാത്രമായ റേഷന്‍ സ്വീകരിച്ച് അവര്‍ ജീവന്‍ നിലനിര്‍ത്തി. അപ്പോള്‍പോലും തനിക്കു കിട്ടുന്ന റേഷന്റെ അധികഭാഗവും സഹതടവുകാരിയായ ഒരു ഗര്‍ഭിണിക്കും കുഞ്ഞിനുമായി പങ്കുവച്ച് അവരെ രക്ഷിച്ചു.

1942 ഒക്‌ടോബര്‍ 28-ന് നാസി ട്രൈബൂണല്‍ സിസ്റ്റര്‍ മരിയ റെസ്റ്റിറ്റിയൂത്തായെ വധശിക്ഷയ്ക്ക് വിധിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകള്‍ സിസ്റ്ററിന്റെ ശിക്ഷ ഇളവ് ചെയ്ത് ജീവന്‍ രക്ഷിക്കുന്നതിനായി ഭരണകൂടത്തിന്റെ മുന്നില്‍ സമര്‍ദ്ദം ചെലുത്തിയെങ്കിലും നാസികള്‍ വഴങ്ങിയില്ല. സിസ്റ്ററിന്റെ വധശിക്ഷവഴി മറ്റു സമര്‍പ്പിതരെ ഭയപ്പെടുത്താമെന്ന് അവര്‍ കരുതി. പക്ഷേ ഒടുവില്‍ ഒരൊറ്റ ഉപാധിയോടെ സിസ്റ്ററിനെ വെറുതെ വിടാമെന്ന് അവര്‍ അറിയിച്ചു. അതിതാണ് – സന്യാസജീവിതം ഉപേക്ഷിക്കണം. പക്ഷേ സിസ്റ്റര്‍ റെസ്റ്റിറ്റിയൂത്താ ആ നിര്‍ദേശം പാടേ തള്ളിക്കളഞ്ഞു. ഗില്ലറ്റിനു മുന്നില്‍ തല വയ്ക്കുന്നതിനുമുമ്പ് സിസ്റ്റര്‍ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ യേശുവിനുവേണ്ടിയാണ് ജീവിക്കുന്നത്. അവിടുത്തേക്കുവേണ്ടി മരിക്കുകയും ചെയ്യുന്നു.”

ഒരു രക്തസാക്ഷിയായി സിസ്റ്റര്‍ ആദരിക്കപ്പെടാതിരിക്കാന്‍ ശവശരീരം മറ്റനവധി മൃതശരീരങ്ങളുടെ കൂട്ടത്തിലാക്കി സ്ഥലം തിരിച്ചറിയാത്തവിധം നാസികള്‍ മറവു ചെയ്തു. 1998 ജൂണ്‍ 21-നാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സിസ്റ്റര്‍ മരിയ റെസ്റ്റിറ്റിയൂത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
ഹോസ്പിറ്റല്‍ മുറികളില്‍നിന്ന് ക്രൂശിതരൂപം മാറ്റിയിരുന്നെങ്കില്‍, കന്യാസ്ത്രീജീവിതം ഉപേക്ഷിക്കാന്‍ തയാറായിരുന്നെങ്കില്‍, രാഷ്ട്രീയ അടിച്ചമര്‍ത്തലിനെതിരെ നിശബ്ദയായിരുന്നെങ്കില്‍ സിസ്റ്ററിന് സുഖകരമായി ജീവിക്കാമായിരുന്നു. എന്നാല്‍ അവര്‍ തനിക്കുവേണ്ടിയായിരുന്നില്ല ജീവിച്ചിരുന്നത് – ക്രിസ്തുവിനുവേണ്ടിയായിരുന്നു.

വിശ്വാസത്തിനുവേണ്ടി ഉറച്ച നിലപാടുകളെടുക്കുവാനും ഒത്തുതീര്‍പ്പുകള്‍ക്കുമുന്നില്‍ കീഴ്‌വഴങ്ങാതിരിക്കുവാനും നമുക്ക് സാധിക്കണമെങ്കില്‍ ഒരേയൊരു മാര്‍ഗമേയുള്ളൂവെന്ന് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റെസ്റ്റിറ്റിയൂത്താ പറഞ്ഞുതരുന്നു. ‘സ്വയ’ത്തിന് മരിച്ച് ക്രിസ്തുവിനുവേണ്ടി ജീവിക്കുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?