Follow Us On

20

May

2022

Friday

മിഷന്‍ പഞ്ചാബ്

മിഷന്‍  പഞ്ചാബ്

ഫാ. മാത്യു കുമ്പുക്കല്‍ സിഎസ്ടി
ജൈത്തോ മിഷന്‍ സ്റ്റേഷന്‍, പഞ്ചാബ്

കേരള കത്തോലിക്കാ സഭയുടെ ഉത്തരേന്ത്യന്‍ മിഷന്‍ ദൗത്യങ്ങളില്‍ നിര്‍ണ്ണായകമായ ഒരേടാണ് ചെറുപുഷ്പ സന്യാസ സമൂഹം. 1970-കളുടെ ആരംഭത്തിലാണ് ഗോരഖ്പൂര്‍, പഞ്ചാബ് പ്രദേശങ്ങളില്‍ ചെറുപുഷ്പ സഭ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. ചെറുപുഷ്പ സഭയുടെ പഞ്ചാബ്- രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ്ണജൂബിലിയുടെ നിറവിലാണ്.

സിഎസ്ടി പഞ്ചാബ് – രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത് 1973 ലാണ്. ഈ കാലയളവിനുള്ളില്‍ വിവിധയിടങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍, കിടപ്പു രോഗികള്‍ക്കായുള്ള സാന്ത്വന ചികിത്സാ കേന്ദ്രങ്ങള്‍, ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാകേന്ദ്രങ്ങള്‍, മിഷന്‍ ആശുപത്രികള്‍ തുടങ്ങിയവയിലൂടെ ആതുരസേവന രംഗത്ത് ചെറുപുഷ്പ മിഷനറിമാര്‍ തനതായ മുദ്രപതിപ്പിച്ചിരിക്കുന്നു. അഞ്ച് നദികളുടെ നാടായ പഞ്ചാബിന്റെ കാര്‍ഷിക പൈതൃകവും പ്രകൃതിയോടുള്ള ആഭിമുഖ്യവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തന രീതിയാണ് ഈ മിഷനറി സമൂഹത്തെ ആ ദേശത്തിന് വളരെ പ്രിയപ്പെട്ടവരാക്കിയത്.

പഞ്ചാബിന്റെയും രാജസ്ഥാന്റെയും മക്കള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ മഹത്തായ ചരിത്രമാണ് അഞ്ചു പതിറ്റാണ്ട് നീണ്ട ഈ മിഷന്‍ യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഈ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ചരിത്രം ചെറുപുഷ്പ സന്യാസിമാരുടെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കാതെ എഴുതാനാവില്ല. പ്രത്യക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ക്കപ്പുറം കുഗ്രാമങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ അനൗപചാരിക വിദ്യാലയങ്ങളുണ്ട്. വിദ്യാഭ്യാസം സ്വപ്‌നം മാത്രമാകുമായിരുന്ന നൂറുകണക്കിന് പാവപ്പെട്ട കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് എത്തിക്കാന്‍ ഈ മിഷനറി സമൂഹത്തിന് കഴിഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും ഉപരിപഠനത്തിനുമായി സ്‌കോളര്‍ഷിപ്പുകളും അനുബന്ധ പദ്ധതികളും നടപ്പാക്കിയിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇക്കാലത്ത് മുദ്രാവാക്യമായി മാറിയ, ബേട്ടി ബചാവോ, ബേട്ടി പഠാവോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പഞ്ചാബിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പ്പെട്ടിരുന്നു.

ചരിത്രത്തിലേക്ക്
അങ്കമാലിക്കടുത്ത് മൂക്കന്നൂരില്‍ 1931 ല്‍ ഫാ. ബസിലീയൂസ് പാണാട്ട് അച്ചന്‍ സ്ഥാപിച്ച ചെറുപുഷ്പസഭ അടിസ്ഥാനപരമായി ഒരു മിഷനറി സമൂഹമാണ്. അഖിലലോക മിഷന്‍ മധ്യസ്ഥയായ വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമത്തില്‍ സ്ഥാപിതമായ ഈ സഭയിലെ അംഗങ്ങള്‍ ഇന്ത്യയില്‍ വിവിധ ദേശങ്ങളിലും ലോകത്തില്‍ പല രാജ്യങ്ങളിലും മിഷന്‍പ്രവര്‍ത്തനം നടത്തിവരുന്നു.

1973 ല്‍ പഞ്ചാബിലെ ജലന്തര്‍ രൂപതാധ്യക്ഷന്‍ മാര്‍ സിംഫോറിയന്‍ കീപ്പുറത്തിന്റെ ക്ഷണപ്രകാരം അന്നത്തെ ചെറുപുഷ്പാധികാരികള്‍ നാലുപേരെ മിഷന്‍പ്രവര്‍ത്തനത്തിനായി പഞ്ചാബിലേക്ക് അയച്ചു. ഫാ. ഡൊമിനിക്ക് കൊക്കാട്ട് (എമെരിറ്റസ് ബിഷപ് ഗോരഖ്പൂര്‍), ഫാ. ജോണ്‍ കുടിലില്‍, ഫാ. ജോസഫ് ചാത്തനാട്ട്, ഫാ. ബ്രൂണോ പഴൂപറമ്പില്‍ എന്നിവരായിരുന്നു പഞ്ചാബിലെ ആദ്യത്തെ ചെറുപുഷ്പ മിഷനറിമാര്‍.

അവരുടെ പ്രവര്‍ത്തനങ്ങള്‍കണ്ട് സിംഫോറിയന്‍ പിതാവ് പഞ്ചാബിന്റെ തെക്ക് പടിഞ്ഞാറുപ്രദേശമായ മുക്സറിലും ഫരീദ്കോട്ട് ജില്ലയിലും ചെറുപുഷ്പസഭയ്ക്ക് സ്വതന്ത്രമായി മിഷന്‍ പ്രവര്‍ത്തനം നടത്തുവാന്‍ അനുവാദം നല്‍കി. മുക്സര്‍ പട്ടണത്തിലെ ഒരു ഭാഗത്ത് 1956 ല്‍ ബ്ര. എഡ്മണ്ട് ഛഎങ പണിത ഭവനവും അതോടുകൂടിയുണ്ടായിരുന്ന സ്ഥലവും സിഎസ്റ്റി വൈദികര്‍ ഏറ്റെടുത്ത് 1974 ല്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്രൈസ്തവവിശ്വാസം കടന്നുചെല്ലാത്ത ആ പ്രദേശത്ത് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനും ചെറിയൊരു ഡിസ്പെന്‍സറിയും സ്‌കൂളും ദൈവാലയവും സ്ഥാപിച്ചുകൊണ്ട് ജനജീവിതത്തിലേക്ക് കടന്നുചെന്നു. അവിടെ നിന്നും ആരംഭിച്ച ചെറുപുഷ്പസഭയുടെ പഞ്ചാബ് -രാജസ്ഥാന്‍ മിഷന്‍ പ്രവര്‍ത്തനം വി. കൊച്ചുത്രേസ്യായുടെയും സഭാസ്ഥാപകന്‍ ബസീലിയൂസ് അച്ചന്റെയും സ്വര്‍ഗീയമധ്യസ്ഥതയില്‍ പടര്‍ന്നുപന്തലിച്ച് ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്.

വെല്ലുവിളികള്‍
ആരംഭഘട്ടത്തില്‍ വളരെയധികം വെല്ലുവിളികളും പ്രതിസന്ധികളും മിഷനറിമാര്‍ക്ക് നേരിടേണ്ടിവന്നു. സിഎസ്റ്റി വൈദികരുടെയും അവരെ സഹായിക്കുവാനായി ആദ്യമായി എത്തിച്ചേര്‍ന്ന മലങ്കര കത്തോലിക്കാ സഭയില്‍ നിന്നുള്ള ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്‌സിന്റെയും പ്രവര്‍ത്തനത്തില്‍ വന്ന പുരോഗതി മനസിലാക്കിയ സിംഫോറിയന്‍ പിതാവ് മോഗ, ഫിറോസ്പൂര്‍, ഫരീദ്‌കോട്ട്, മുക്‌സര്‍ തുടങ്ങി നാല് ജില്ലകള്‍കൂടി മിഷന്‍പ്രവര്‍ത്തനത്തിനായി സിഎസ്ടി സഭയെ ഏല്‍പ്പിച്ചു. ആരംഭം മുതല്‍ സുവിശേഷം ജനങ്ങളില്‍ എത്തിക്കുന്നതിലായിരുന്നു ചെറുപുഷ്പ മിഷനറിമാര്‍ ശ്രദ്ധക്രേന്ദ്രീകരിച്ചിരുന്നത്.

അതിന്റെ ഫലമായി ജലന്തര്‍ രൂപതയില്‍ തന്നെ ഈ പ്രദേശത്ത് 15 ഇടവകകളും അനേകം മിഷന്‍ സ്റ്റേഷനുകളും ഉണ്ടായി. അതില്‍ എട്ട് ഇടവകളുടെയും അവയുമായി ബന്ധപ്പെട്ട മിഷന്‍ സ്റ്റേഷനുകളുടെയും ചുമതല സിഎസ്റ്റി വൈദികര്‍ക്കാണ്. അതോടൊപ്പം തന്നെ ഫരീദബാദ് രൂപതയ്ക്കുവേണ്ടി ഒമ്പത് മിഷന്‍ സ്റ്റേഷനുകള്‍ സിഎസ്റ്റി വൈദികര്‍ സ്ഥാപിച്ചു.

രാജസ്ഥാനിലേക്ക്
1986-ല്‍ മലോട്ട് എന്ന സ്ഥലത്ത് മൈനര്‍ സെമിനാരി സ്ഥാപിക്കുകയും 2010 ല്‍ അബോഹര്‍ എന്ന സ്ഥലത്ത് നോവിഷ്യേറ്റ് സ്ഥാപിക്കുകയും ചെയ്തു. കൂടുതല്‍ വൈദിക വിദ്യാര്‍ഥികള്‍ പഞ്ചാബിലേക്കും രാജസ്ഥാന്‍ മിഷനിലേക്കും വന്നു. 1992 ല്‍ ചെറുപുഷ്പസഭയുടെ പഞ്ചാബ്-രാജസ്ഥാന്‍ പ്രദേശത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇതിനെ ഒരു മിഷന്‍ റീജിയണ്‍ ആയി മാറ്റുകയും 2003 ല്‍ മിഷന്‍ പ്രൊവിന്‍സായി ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ പേര് ക്രിസ്തുജോതി പ്രൊവിന്‍സ് എന്നാണ്. ഇപ്പോള്‍ ക്രിസ്തുജോതി പ്രെവിന്‍ഷ്യല്‍ ഹൗസ് സ്ഥിതിചെയ്യപ്പെടുന്നത് രാജസ്ഥാനിലെ ഹനുമാന്‍ഗഢ് എന്ന സ്ഥലത്താണ്.

1986-ല്‍ ആയിരുന്നു ചെറുപുഷ്പ വൈദികര്‍ രാജസ്ഥാനിലേക്ക് മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. രാജസ്ഥാനിലെ അജ്മീര്‍ രൂപതാധ്യക്ഷന്‍ മാര്‍ ഇഗ്‌നേഷ്യസ് മെനേസിസ് പിതാവിന്റെ ക്ഷണപ്രകാരം ഫാ. ജോണ്‍ കുടിലിന്റെയും ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തില്‍ ശ്രീഗംഗാനഗര്‍ ജില്ലയില്‍ ആദ്യത്തെ മിഷന്‍പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളില്‍ ചെറുപുഷ്പസഭയുടെ പ്രവര്‍ത്തനം ഗംഗാനഗര്‍, ചുറു എന്നീ ജില്ലകളില്‍ ആയിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായ ഇഗ്‌നേഷ്യസ് പിതാവ് ആറ് ജില്ലകള്‍ കൂടി മിഷന്‍പ്രവര്‍ത്തനത്തിനായി ചെറുപുഷ്പസഭയെ ഏല്പിച്ചു. 2005 ജൂലൈ 20 ന് അജ്മീര്‍ രൂപത വിഭജിച്ച് ജയ്പൂര്‍ രൂപത സ്ഥാപിതമായി. ഇന്ന് അജ്മീര്‍, ജയ്പൂര്‍ രൂപതകളിലായി 23 ചെറുപുഷ്പ വൈദികര്‍ 14 മിഷന്‍കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്.

ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍
ചെറുപുഷ്പ മിഷനറിമാര്‍ ഇപ്പോള്‍ അജപാലന ശുശ്രൂഷയോടൊപ്പം ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷപ്രഘോഷണം നടത്തുകയും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്തുവരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പ്രാപ്തരാക്കാന്‍ അംഗന്‍വാടി, തയ്യല്‍ ക്ലാസുകള്‍, പ്രസ്, ചെറുകിട കുടില്‍വ്യവസായങ്ങള്‍ എന്നിവയും പല മിഷന്‍സ്റ്റേഷനുകളുടെ നേതൃത്തില്‍ നടത്തിവരുന്നുണ്ട്. പഞ്ചാബി ഭാഷയില്‍ പ്രസിദ്ധീകരണരംഗത്തും മാധ്യമരംഗത്തും പ്രവര്‍ത്തിച്ചുകൊണ്ട് സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുവാനുള്ള മിഷനറിമാരുടെ പരിശ്രമം വളരെയധികം വിജയിച്ചിരിക്കുന്നു.

ഒക്ടോബര്‍ മാസത്തില്‍ സിഎസ്റ്റി മിഷനിലെ എല്ലാ ഇടവകകളിലെയും കുട്ടികളെ ചേര്‍ത്ത് ലിറ്റില്‍വേ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തേരേസ്യന്‍ മുക്സര്‍ മേളയില്‍ ഏകദേശം 1,000 കുട്ടികളും 3,000-മേല്‍ മുതിര്‍ന്നവരും പങ്കെടുത്തുവരുന്നത് മിഷന്‍പ്രവര്‍ത്തനത്തിലെ വലിയൊരു വിജയമാണ്. മിഷന്‍ പ്രവര്‍ത്തനത്തില്‍ സിഎസ്റ്റി സമൂഹത്തെ നയിക്കുന്ന ജലന്തര്‍ രൂപത അഡ്മിനിസ്റ്റേറ്റര്‍ ബിഷപ് ആഗ്‌നല്ലോ പിതാവിനും അജ്മീര്‍ രൂപതയുടെ പിതാവായ തോമസ് പയസ് ഡിസൂസയ്ക്കും എമരിറ്റെസ് ഇഗ്നേഷ്യസ് മെനേസിസ് പിതാവിനും ജയ്പൂര്‍ രൂപതയുടെ പിതാവായ ബിഷപ് ഓസ്വാള്‍ഡ് ലൂയിസിനും ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യക്കോസ് പിതാവിനും മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ പിതാവിനും കൃതജ്ഞത അര്‍പ്പിക്കുന്നു.

പഞ്ചാബില്‍ സിഎസ്റ്റി വൈദികര്‍ മിഷന്‍പ്രവര്‍ത്തനം ആരംഭിച്ചതിന്റെ സുവര്‍ണ്ണജൂബിലിയിലേക്ക് സഭ പ്രവേശിച്ചിരിക്കുകയാണ്. ചെറുപുഷ്പ സഭയുടെ പഞ്ചാബ് – രാജസ്ഥാന്‍ ക്രിസ്തുജ്യോതി പ്രോവിന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ ഏപ്രില്‍ 21ന് ഹനുമാന്‍ഗഢില്‍ ജലന്ധര്‍ രൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് അഗ്‌നലോ ഗ്രേഷ്യസ് നിര്‍വഹിച്ചു.

അജ്മീര്‍ രൂപതയുടെ ബിഷപ് എമരിറ്റസ് ഇഗ്നേഷ്യസ് മെനേസിസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍, ചെറുപുഷ്പ സഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ജോജോ വരകുകാലായില്‍ സിഎസ്റ്റി, ചെറുപുഷ്പസഭ പഞ്ചാബ്-രാജസ്ഥാന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സാജു കൂത്തോടിപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ 50 അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ പഞ്ചാബ്- രാജസ്ഥാന്‍ മിഷനിലൂടെ ദൈവം നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുകയാണ് ഓരോ മിഷനറിയും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?