Follow Us On

20

May

2022

Friday

പാക്കിസ്ഥാൻ: തോമാശ്ലീഹായുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ കത്തോലിക്കാ സഭയ്ക്ക് പ്രഥമ ദൈവാലയം

പാക്കിസ്ഥാൻ: തോമാശ്ലീഹായുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ കത്തോലിക്കാ സഭയ്ക്ക് പ്രഥമ ദൈവാലയം

ഇസ്ലാമാബാദ്: ക്രിസ്തുശിഷ്യനും അപ്പസ്‌തോലനുമായ വിശുദ്ധ തോമസ് സുവിശേഷം പ്രസംഗിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന തക്സിലയിൽ കത്തോലിക്കാ സഭയ്ക്ക് പ്രഥമ ദൈവാലയം. പാക് പഞ്ചാബിന്റെ ഭാഗമായ റാവൽപിണ്ടിയിലെ പ്രമുഖ നഗരമാണ് തക്‌സില. ഏതാണ്ട് രണ്ടര പതിറ്റാണ്ടുനീണ്ട കഠിനശ്രമത്തിന് ഒടുവിൽ നിർമാണ അനുമതി ലഭിച്ചതോടെയാണ് ദൈവാലയം എന്ന പ്രദേശവാസികളുടെ സ്വപ്‌നം യാഥാർത്ഥ്യമായത്.

വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ നാമധേയത്തിലുള്ള ദൈവാലയം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് കൂദാശ ചെയ്യപ്പെട്ടത്. ഇസ്ലാമാബാദ്- റാവൽപിണ്ടി ആർച്ച്ബിഷപ്പ് ജോസഫ് അർഷാദിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ നിരവധി വൈദീകർ സഹകാർമികരായിരുന്നു. ഖന വ്യവസായങ്ങൾക്ക് പേരുകേട്ട തക്‌സില കന്റോൺമെന്റിൽ പുതിയ ദൈവാലയം ഉയർന്നത് പ്രദേശവാസികളെ സംബന്ധിച്ചടത്തോളം വലിയ അഭിമാന നിമിഷമാണ്.

ദൈവാലയം ഇല്ലാതിരുന്ന ഈ പ്രദേശത്ത് പുതിയ ദൈവാലയം സ്ഥാപിക്കാൻ സാധിച്ചതിനെ ചരിത്രനിമിഷമെന്നാണ് സഭാ നേതൃത്വം വിശേഷിപ്പിക്കുന്നത്. ‘ദൈവം ഞങ്ങൾക്കു നൽകിയ സ്ഥലത്ത്, നീണ്ട 25 വർഷത്തെ ശ്രമഫലമായി നേടിയെടുത്ത അനുമതിയോടെ ദൈവാലയം നിർമിക്കാനായി എന്നത് വലയി അത്ഭുതംതന്നെയാണ്,’ ഇടവക വികാരി ഫാ. ജെയിംസ് ഷാമൗണിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

ഈ ദൈവാലയത്തിന്റെ പൂർത്തീകരണം എന്നത് ഒരു ജനതതിയുടെ വിശ്വാസ പരീക്ഷണത്തിന്റെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം, വിശ്വാസത്തിന്റെ വിത്തു വിതയ്ക്കാൻ ഏഷ്യാ ഭൂഖണ്ഡം തിരഞ്ഞെടുത്തതിനെപ്രതി ക്രിസ്തുശുഷ്യനായ വിശുദ്ധ തോമസ് അപ്പസ്‌തോലനോട് തങ്ങൾ നന്ദിയുള്ളവരാണെന്നും കൂട്ടിച്ചേർത്തു. ഇസ്ലാമിക രാജ്യമെന്ന് പറയപ്പെടുമ്പോഴും ക്രിസ്തുവർഷാരംഭത്തിൽതന്നെ ക്രിസ്തുവിശ്വാസം പ്രചരിച്ച പ്രദേശംതന്നെയാണ് ഒരുകാലത്ത് ഭാരതത്തിന്റെ ഭാഗംതന്നെയായിരുന്ന പാക്കിസ്ഥാൻ.

അതിൽതന്നെ ഏറെ സവിശേഷമാണ് തക്‌സില. 1935ൽ തക്‌സിലയ്ക്ക് സമീപമുള്ള സിർകപ്പിൽനിന്ന് കണ്ടെത്തിയ കല്ലുകൊണ്ട് നിർമിച്ച പ്രാചീന കുരിശ്, പണ്ടുമുതൽതന്നെ ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതിന്റെ തെളിവാണ്. 1935ൽ പ്രദേശത്തുനിന്ന് കണ്ടെത്തി, റാവൽപിണ്ടി ഡപ്യൂട്ടർ കമ്മീഷണറായിരുന്ന കുത്‌ബെർത്തിന്റെ പത്‌നിക്ക് കൈമാറിയ പ്രാചീന കുരിശ് ഇപ്പോൾ ലാഹോറിലെ ആംഗ്ലിക്കൻ കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?