വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന ജനതയെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചും ലോകസമാധാനത്തിനായുള്ള അനുദിന ജപമാല അർപ്പണം തുടരാനുള്ള ആഹ്വാനം ലോകജനതയെ ഓർമിപ്പിച്ചും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ റെജീനാ ചേലി പ്രാർത്ഥനയുടെ സമാപനത്തിലാണ്, ലോകസമാധാനത്തിനായുള്ള തന്റെ പ്രാർത്ഥനകൾ വീണ്ടും പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചത്.
ആയുധംകൊണ്ട് ഒരിക്കലും സാധ്യമാക്കാൻ കഴിയാത്ത സമാധാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്ന ഓർമപ്പെടുത്തലോടെയാണ്, ലോക സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥന പാപ്പ ആവർത്തിച്ചത്. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ ദുരന്തമനുഭവിക്കുന്ന നിരവധി ജനങ്ങളുടെ സമാധാനത്തിനായുള്ള അഗാധമായ ആഗ്രഹം പരിശുദ്ധ കന്യകയുടെ മുന്നിൽ ആത്മീയമായി മുട്ടുകുത്തി, ഞാൻ അവളെ ഭരമേൽപ്പിക്കുന്നു.’
വാഴ്ത്തപ്പെട്ട ബർത്തൊലൊ ലോംഗൊ, ഇറ്റലിയിലെ പൊംപെയിൽ സ്ഥാപിച്ച ജപമാല നാഥയുടെ ദൈവാലയത്തിൽ തിരുനാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, അക്കാര്യം അനുസ്മരിച്ചുകൊണ്ടാണ് ലോകസമാധാനത്തിനായി പാപ്പ വീണ്ടും ദൈവമാതാവിന്റെ മാധ്യസ്ഥം തേടിയത്. ‘വിശിഷ്യാ, യുക്രേനിയൻ ജനതയുടെ സഹനങ്ങളും കണ്ണീരും ഞാൻ പരിശുദ്ധ കന്യകയുടെ മുന്നിൽ സമർപ്പിക്കുന്നു. യുദ്ധ ഭ്രാന്തിന്റെ പിടിയിൽനിന്ന് ലോകം മുക്തമാകാൻ, സമാധാനം സംജാതമാകാൻ നാമെല്ലാവരും എല്ലാ ദിവസവും ജപമാല ചൊല്ലുന്നത് തുടരണം.’
സമാധാനം ആഗ്രഹിക്കുകയും ആയുധങ്ങൾ ഒരിക്കലും ശാന്തി കൊണ്ടുവരില്ലെന്ന് അറിയുകയും ചെയ്യുന്ന ജനമനസ്സ് രാഷ്ട്രനേതാക്കൾ അറിയാതെ പോകാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോകസമാധാനത്തിനായി വിശിഷ്യാ, യുക്രേനിയൻ ജനതയ്ക്കായി എല്ലാദിവസവും ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ വണക്കമാസത്തോട് അനുബന്ധിച്ച് പാപ്പ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് അനുദിന ജപമാല അഭംഗുരും തുടരണമെന്ന പാപ്പയുടെ ഓർമപ്പെടുത്തൽ.
Leave a Comment
Your email address will not be published. Required fields are marked with *