Follow Us On

20

May

2022

Friday

ക്രിസ്തുവിനെ തള്ളിപ്പറയില്ല, അതിലും ഭേദം വധശിക്ഷ വരിക്കുന്നതാണ്; ക്രിസ്തുവിശ്വാസം പ്രഘോഷിച്ച് പാക് യുവതി

ക്രിസ്തുവിനെ തള്ളിപ്പറയില്ല, അതിലും ഭേദം വധശിക്ഷ വരിക്കുന്നതാണ്; ക്രിസ്തുവിശ്വാസം പ്രഘോഷിച്ച് പാക് യുവതി

ലണ്ടൻ: വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട്‌ ജയിലിൽ ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയമാകുമ്പോഴും ക്രിസ്തുവിശ്വാസം തള്ളിപ്പറയാതെ സധൈര്യം പിടിച്ചുനിന്ന പാക് യുവതിയുടെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ ഇരകളായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും എട്ടു വർഷത്തിനുശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്ത ഷഫ്കാത്ത് ഇമ്മാനുവൽ^ ഷാഗുഫ്ത കൗസർ ദമ്പതികളെ ഓർമയില്ലെ! അതിലെ ഷാഗുഫ്ത കൗസർ തന്നെ ആ ധീരവനിത.

ജയിലിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ വിവരിക്കവേ, പങ്കുവെച്ച ആ ഒറ്റ വാക്യംമതി അവളുടെ ക്രിസ്തുവിശ്വാസത്തിന്റെ ആഴം വ്യക്തമാക്കാൻ: ‘ക്രിസ്തുവിനെ തള്ളിപ്പറയുന്നതിലും ഭേദം വധശിക്ഷ വരിക്കുന്നതാണ്.’ പീഡിത ക്രൈസ്തവരെ സഹായിക്കുന്ന പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് (എ.സി.എൻ) കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് അവൾ ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ ജൂണിൽ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ഇവർ ബ്രിട്ടന്റെ സംരക്ഷണയിലാണിപ്പോൾ.

‘ഇസ്ലാം മതം സ്വീകരിച്ചാൽ എന്റെ വധശിക്ഷ ജീവപര്യന്തമായി മാറ്റാമെന്നും പിന്നീട് ജയിൽ മോചനം അനുവദിക്കാമെന്നും പലതവണ പറഞ്ഞിരുന്നു. ഇല്ല എന്നുതന്നെയായിരുന്നു എപ്പോഴും എന്റെ മറുപടി. കാരണം, ഉത്ഥിതനായ യേശുക്രിസ്തു മാത്രമാണ് എന്റെ രക്ഷകൻ. ഞാൻ ഒരിക്കലും എന്റെ മതവിശ്വാസം കൈവിടില്ല. യേശുക്രിസ്തുവിനെ തള്ളിപ്പറയുന്നതിവേക്കാൾ ഭേദം തൂക്കിലേറ്റപ്പെടുന്നതാണ്,’ ഷാഗുഫ്ത കൗസർ പറഞ്ഞു.

ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും തങ്ങളെക്കൊണ്ട് കുറ്റസമ്മതമൊഴി പറയിക്കുകയായിരുന്നു എന്നും അവർ പറയുന്നു: ‘കുറ്റസമ്മതത്തിന് തയാറായില്ലെങ്കിൽ എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ എന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി. ഞങ്ങൾ രണ്ടുപേരും നിരപരാധികളാണെങ്കിലും ഒടുവിൽ അദ്ദേഹം കുറ്റസമ്മതം നടത്താൻ നിർബന്ധിതനാകുകയായിരുന്നു.’ കോടതിയിൽ അവസാന വാദങ്ങൾ പൂർത്തിയാക്കാൻ തങ്ങളുടെ അഭിഭാഷകനെ അനുവദിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രവാചകനെ നിന്ദിക്കുന്ന സന്ദേശം അയച്ചെന്ന വ്യാജ ആരോപണത്തെ തുടർന്നാണ് പഞ്ചാബിലെ ഗോജ്റ നിവാസികളായ ഇവർ 2013ൽ അറസ്റ്റിലായത്. അപകടത്തെ തുടർന്ന് അരയ്ക്കു കീഴെ തളർന്ന വ്യക്തിയാണ് ഷഫ്കാത്ത്. കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ഇവരോട് ശത്രുതയുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. 2014ൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. എട്ടു വർഷത്തിനുശേഷം അവരുടെ നിരപരാധിത്വം ലാഹോർ ഹൈക്കോടതി തിരിച്ചറിഞ്ഞതാണ് ശിക്ഷാ മുക്തരാകാൻ വഴിതെളിച്ചത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?