Follow Us On

20

May

2022

Friday

ഫാത്തിമാനാഥയുടെ തിരുനാൾ ദിനമായ മേയ് 13 യു.എസിൽ ഉപവാസ പ്രാർത്ഥനാ ദിനം; അഞ്ച് നിയോഗങ്ങൾ കൈമാറി മെത്രാൻ സമിതി

ഫാത്തിമാനാഥയുടെ തിരുനാൾ ദിനമായ മേയ് 13 യു.എസിൽ ഉപവാസ പ്രാർത്ഥനാ ദിനം; അഞ്ച് നിയോഗങ്ങൾ കൈമാറി മെത്രാൻ സമിതി

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് സൂചന നൽകുന്ന യു.എസ് സുപ്രീം കോടതിയുടെ കരടുരേഖ ചോർന്നതിനെ തുടർന്ന് ഉടലെടുത്ത അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്കുവേണ്ടി ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതി. തിരുസഭ ഫാത്തിമാ നാഥയുടെ തിരുനാൾ ആഘോഷിക്കുന്ന മേയ് 13നാണ് അമേരിക്കയിലെ സഭ ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ വിശ്വാസികളോട് നിർദേശിച്ചിരിക്കുന്നത്. അഞ്ച് നിയോഗങ്ങളും ഇതിനായി സഭാ നേതൃത്വം കൈമാറിയിട്ടുണ്ട്.

ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോ വേഴ്‌സസ് വേഡ്’ കേസിലെ കുപ്രസിദ്ധ വിധി റദ്ദാക്കി ഗർഭച്ഛിദ്രത്തെ നിരോധിക്കാനുള്ള ഉത്തരവിന് ജഡ്ജിമാർക്കിടയിൽ ഭൂരിപക്ഷാഭിപ്രായം ഉണ്ടായെന്ന് സൂചന നൽകുന്ന രേഖ മേയ് ആദ്യമാണ് ഒരു യു.എസ് മാധ്യമത്തിന് ചോർന്നു കിട്ടിയത്. വാർത്തകൾ ശരിയാണെങ്കിൽ 1973 മുതൽ അമേരിക്കയിൽ നിലവിലുള്ള ഗർഭച്ഛിദ്ര നിയമം ഇതോടെ ഇല്ലാതാകും. ഇതിന്റെ പശ്ചാത്തലത്തിൽ ഗർഭച്ഛിദ്ര ലോബികൾ രാജ്യവ്യാപകമായ പ്രക്ഷോപങ്ങൾക്ക് ആഹ്വാനം നൽകുകയും ദൈവാലയങ്ങൾക്ക് നേരായ അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെത്രാൻ സമിതി ഉപവാസ പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം നൽകിയത്.

‘നിലവിലെ പിരിമുറുക്കങ്ങൾക്കിടയിൽ, ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മേയ് 13 വെള്ളിയാഴ്ഉപവാസത്തിലും ജപമാല പ്രാർഥനയിലും ഞങ്ങളോടൊപ്പം പങ്കുചേരാൻ രാജ്യമെമ്പാടുമുള്ള കത്തോലിക്കരെ ക്ഷണിക്കുന്നു,’ കത്തോലിക്കരെന്ന നിലയിൽ പ്രാർത്ഥനകളാലും ആവശ്യമുള്ളവർക്ക് സഹായമേകിയും ക്രിസ്തീയസാക്ഷ്യം നൽകണമെന്ന ഓർമപ്പെടുത്തലോടെ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

അഞ്ച് നിയോഗങ്ങൾ ചുവടെ:

1, നമ്മുടെ രാജ്യത്തിനു വേണ്ടി, നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയ്ക്കു വേണ്ടി, ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ മനുഷ്യന്റെ അന്തസും അവകാശങ്ങളും സംരക്ഷിക്കപ്പെടാനും പൊതുനന്മ ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ സർവസജ്ജരാകാനും വേണ്ടി പ്രാർത്ഥിക്കണം.

2, ‘ഡോബ്സ് വേഴ്‌സസ് ജാക്സൺ’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമ വിധിപ്രസ്താവത്തിലൂടെ, ‘റോ വേഴ്‌സസ് വെയ്ഡ്’, ‘പ്ലാൻഡ് പാരന്റ്ഹുഡ് വേഴ്സസ് കാസി’ കേസുമായി ബന്ധപ്പെട്ടുണ്ടായ വിധികൾ (ഗർഭച്ഛിദ്ര അനുകൂല വിധികൾ) തിരുത്തിക്കുറിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.

3, ഗർഭച്ഛിദ്രത്തിനു വേണ്ടി വാദിക്കുന്നവരുടെ ഹൃദയ പരിവർത്തനത്തിനായി പ്രാർത്ഥിക്കണം.

4, കുട്ടികളെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന, മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന, വിവാഹവും കുടുംബവും ആരോഗ്യകരവും അഭിവൃദ്ധി പ്രാപിക്കുന്ന അമേരിക്ക കെട്ടിപ്പടുക്കുപ്പെടുക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുവേണ്ടി പ്രാർത്ഥിക്കണം.

5, സഹായം ആവശ്യമുള്ള അമ്മമാരോടും കുടുംബങ്ങളോടുമൊപ്പം ആയിരിക്കാനും ഗർഭച്ഛിദ്രത്തിന് എതിരായ ബദലുകളെ പ്രോത്സാഹിപ്പിക്കാനും ജീവന്റെ സംസ്‌ക്കാാരം കെട്ടിപ്പടുക്കാനുമുള്ള ഉദ്യമത്തിൽ സഭയ്ക്ക് കരുത്തുപകരാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?