Follow Us On

20

May

2022

Friday

ജനാധിപത്യത്തിനായി ശബ്ദിച്ച കർദിനാൾ സെന്നിനു നേരേ കമ്മ്യൂണിസ്റ്റ് ചൈന; അറസ്റ്റ് ചെയ്യപ്പെട്ട കർദിനാളിന് രാത്രി വൈകി ജാമ്യം

ജനാധിപത്യത്തിനായി ശബ്ദിച്ച കർദിനാൾ സെന്നിനു നേരേ കമ്മ്യൂണിസ്റ്റ് ചൈന; അറസ്റ്റ് ചെയ്യപ്പെട്ട കർദിനാളിന് രാത്രി വൈകി ജാമ്യം

ഹോങ്കോംഗ്: ചൈനയുടെ ഭാഗമെങ്കിലും സ്വയം ഭരണാധികാരമുള്ള ഹോങ്കോംഗിൽ ജനാധിപത്യത്തിനായി ശബ്ദിക്കുകയും ജനാധിപത്യ വാദികളെ സംരക്ഷിക്കാൻ ഇടപെടുകയും ചെയ്ത കർദിനാൾ ജോസഫ് സെന്നിനെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ദുരൂഹ നീക്കം. ഹോങ്കോംഗിലെ ബിഷപ്പ് എമരിത്തൂസും 90 വയസുകാരനുമായ കർദിനാൾ സെന്നിനെ ഇക്കഴിഞ്ഞ ദിവസമാണ് ഹോങ്കോംഗിലെ നാഷണൽ സെക്യൂരിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം കർദിനാളിന് ജാമ്യം നൽകിയെങ്കിലും, അറസ്റ്റിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇടപെടലാണെന്നും വിട്ടയക്കാനുള്ള കാരണം അന്താരാഷ്ട്ര സമ്മർദമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ചൈന ഹോങ്കോംഗിൽ നടപ്പാക്കിയ ‘ദേശീയ സുരക്ഷാ നിയമം’ അനുസരിച്ചുള്ള അറസ്റ്റിൽ, വിദേശശക്തികളുമായി കൂട്ടുചേർന്നു എന്ന കുറ്റമാണ് കർദിനാളിനുനേരെ ആരോപിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്ഷോഭർക്ക് നിയമസഹായം ലഭ്യമാക്കിയിരുന്ന ‘612 ഹുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന ട്രസ്റ്റിന്റെ ഭാരവാഹിയായിരുന്നു കർദിനാൾ. അതുമായി ബന്ധപ്പെടുത്തിയാണ് കുറ്റാരോപണം നടത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്ഷോപകർക്ക് നിരവധി സഹായങ്ങൾ ലഭ്യമാക്കിയിരുന്ന ട്രസ്റ്റ് 2019ൽ പ്രവർത്തനം നിർത്തുകയായിരുന്നു. പ്രമുഖ ഗായകൻ ഡെനിസ് ഹോ ഉൾപ്പെടെയുള്ള ട്രസ്റ്റിൻന്റെ മറ്റ് മുൻ ഭാരവാഹികളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ബുധനാഴ്ച രാത്രി 11.00 മണിയോടെയാണ് കർദിനാളിന് ജാമ്യം അനുവദിച്ചത്. അദ്ദേഹം പ്രതികരണം ഒന്നും നൽകാതെ വാഹനത്തിൽ കയറി മടങ്ങുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജനാധിപത്യ പ്രക്ഷോപങ്ങളെ അടിച്ചമർത്തി ഹോങ്കോംഗിനുമേൽ ചൈനീസ് ഭരണകൂടം ‘ദേശീയ സുരക്ഷാനിയമം’ അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയ 2019 കാലഘട്ടത്തിൽ ഉൾപ്പെടെ ചൈനയുടെ നിശിത വിമർശകനായികരുന്നു കർദിനാൾ. അതിന്റെ പ്രതികാര നടപടിയായാണ് ഇപ്പോഴത്തെ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

വിഘടനവാദവും ഭീകരവാദവും തടയാൻ അനിവാര്യമാണെന്ന വാദം ഉയർത്തി ഹോങ്കോംഗിൽ ചൈന കൊണ്ടുവന്ന ‘ദേശീയ സുരക്ഷാ നിയമ’ത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പുതിയ നിയമപ്രകാരം മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലയുറപ്പിക്കുന്നവരെ വ്യാജ ആരോപണങ്ങളിൽ കുരുക്കാനുള്ള സാധ്യതകൾ അന്നുതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പ്രസ്തുത നിരീക്ഷണം ശരിവെക്കുന്നു ഇപ്പോഴത്തെ അറസ്റ്റ്. മാത്രമല്ല, ഈ നിയമ പ്രകാരം ഹോങ്കോംഗിന്റെ ജനാധിപത്യ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന കർദിനാൾ സൈൻ ഉൾപ്പെടെയുള്ളവരെ വിചാരണയ്ക്ക് എളുപ്പം വിധേയരാക്കാമെന്നും അന്നുതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

അതിന്റെ പശ്ചാത്തലത്തിൽ, പുതിയ നിയമപ്രകാരം അറസ്റ്റും വിചാരണയും നേരിടാൻ താൻ തയാറാണെന്ന് വ്യക്തമാക്കി 2020 ജൂണിൽ ഫേസ്ബുക്ക് പേജിൽ കർദിനാൾ പോസ്റ്റ് ചെയ്ത വീഡിയോയും വലിയ വാർത്തയായിരുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997ലാണ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്. ഹോങ്കോംഗിനായി പ്രത്യേക ഭരണസംവിധാനങ്ങളുണ്ടെങ്കിലും ഹോങ്കോംഗിനുമേൽ ചൈനയുടെ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെ ഹോങ്കോംഗിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ഉൾപ്പെടെ അടിച്ചമർത്തിയാണ് വിവാദ നിയമം പ്രാബല്യത്തിലാക്കിയതും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?