വത്തിക്കാൻ സിറ്റി: തിരുസഭയുടെ വിശുദ്ധാരാമത്തിലേക്ക് മേയ് 15ന് 10 പുണ്യാത്മാക്കൾകൂടി ഉയർത്തപ്പെടുമ്പോൾ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയിലൂടെ പ്രഥമ അൽമായ വിശുദ്ധനെ ലഭിക്കുന്ന ആനന്ദത്തിലാണ് ഭാരതത്തിലെ വിശ്വാസീസമൂഹം. നവ വിശുദ്ധരുടെ ഛായാചിത്രങ്ങൾ ഇടംപിടിക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിൽ ക്രമീകരിക്കുന്ന ബലിവേദിയിൽ വത്തിക്കാൻ സമയം രാവിലെ 10.00നാണ് (03.55 AM ET/.8.55 AM BST/05.55 PM AEST/1.25 PM IST) വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ. നവ വിശുദ്ധരുടെ രാജ്യത്തുനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് പാപ്പയായിരിക്കും മുഖ്യകാർമികൻ.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.25ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾ ‘ശാലോം വേൾഡി’ൽ തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം വിശുദ്ധ പദവി തിരുക്കർമങ്ങൾക്ക് ഇതാദ്യമായാണ് വത്തിക്കാൻ വേദിയാകുന്നത്. വിശുദ്ധാരാമത്തിലേക്ക് പ്രവേശിതരാകുന്നതിൽ അഞ്ച് പേർ ഇറ്റലിയിൽനിന്നും മൂന്നു പേർ ഫ്രാൻസിൽ നിന്നുമുള്ളവരാണ്; ഇന്ത്യ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തർ വീതവും. മൂന്നു പേർ രക്തസാക്ഷികളാണ്, ആറു പേർ സന്യാസ സഭകൾക്ക് രൂപം കൊടുത്തവരും.
ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽവെച്ച് 1916 ഡിസംബർ ഒന്നിന് തീവ്രവർഗീയത പുലർത്തുന്ന ഒരുസംഘം ഗോത്രവംശജരാൽ കൊല്ലപ്പെട്ട ട്രാപിസ്റ്റ് സഭാംഗം വാഴ്ത്തപ്പെട്ട ചാൾസ് ഡെ ഫുക്കോൾഡ്, 1942ൽ നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മ എന്നിവരാണ് മറ്റ് രണ്ട് രക്തസാക്ഷികൾ. ഹൈന്ദവ വിശ്വാസം വെടിഞ്ഞ് ക്രിസ്തുവിശ്വാസം സ്വീകരിച്ച തിരുവിതാംകൂർ കൊട്ടാരം ഉദ്യോഗസ്ഥൻ നീലകണ്ഠ പിള്ള എന്ന ദേവസഹായം പിള്ള 1952ലാണ് അരുംകൊല ചെയ്യപ്പെട്ടത്.
വാഴ്ത്തപ്പെട്ട മേരി റിവിയർ, വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ, വാഴ്ത്തപ്പെട്ട സെസാർ ഡെ ബുസ്, വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ, വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ, വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ എന്നിവരാണ് വിശുദ്ധാരാമത്തിലേക്ക് പ്രവേശിതരാകുന്ന മറ്റുള്ളവർ.
ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ദേശീയതലത്തിലുള്ള കൃതജ്ഞതാ ബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങളാണ് ഭാരത സഭ ക്രമീകരിക്കുന്നത്. കൂടാതെ, തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 24ന് രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ) തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ജൂൺ 24ന് കുടുംബങ്ങളെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന തിരുക്കർമങ്ങളിൽ പങ്കുചേർന്ന്, രാജ്യത്തിനുവേണ്ടി ദേവസഹായത്തിന്റെ മാധ്യസ്ഥം തേടാൻ രാജ്യത്തും പുറത്തുമുള്ള വിശ്വാസീസമൂഹത്തിന് സഭ ആഹ്വാനം നൽകിയിട്ടുണ്ട്.
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച ആരുവായ്മൊഴിയിൽവെച്ച്, പെന്തക്കോസ്താ തിരുനാൾ ദിനമായ ജൂൺ അഞ്ചിനാണ് ദേശീയതലത്തിലുള്ള കൃതജ്ഞതാബലി. കൂടാതെ, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിവുപകരുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ക്വിസ്, ഉപന്യാസ മത്സരങ്ങളും ഒരുക്കുന്നുണ്ട്. ദേവസഹായം പിള്ള ജീവിതകാലം ചെലവഴിച്ച കോട്ടാർ രൂപതയുമായി സഹകരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *