Follow Us On

19

April

2024

Friday

ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധൻ ദേവസഹായം ജീവിതം പങ്കുവെക്കാൻ ആഗതനാകുന്നു ശാലോം വേൾഡിൽ!

ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധൻ ദേവസഹായം ജീവിതം പങ്കുവെക്കാൻ ആഗതനാകുന്നു ശാലോം വേൾഡിൽ!

ടെക്സസ്: ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് പഴയ ആരാധനാ മൂർത്തികളിലേക്ക് തിരിച്ചെത്തിയാൽ നിനക്ക് രാജ ബഹുമതികൾ ലഭിക്കും, അതിന് തയാറായില്ലെങ്കിൽ മരണശിക്ഷ ഏറ്റുവാങ്ങേണ്ടി വരും? ഒരേസമയം പ്രലോഭനവും ഭീഷണിയും നിറയുന്ന ഈ ചോദ്യത്തിന് കൃത്യം ഉത്തരമുണ്ടായിരുന്നു അയാൾക്ക്: ‘തിരിച്ചറിഞ്ഞ സത്യദൈവത്തെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല; മരണം വരിക്കേണ്ടിവന്നാലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽനിന്ന് ഞാൻ പിന്തിരിയില്ല.’ എഴുതപ്പെട്ട സാഹിത്യകൃതിയിലെ നായകകഥാപാത്രത്തിന്റെ സംഭാഷണമല്ല, മറിച്ച്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധനായി ഉയർത്തപ്പെടുന്ന ധീരരക്തസാക്ഷി ദേവസഹായത്തിന്റെ ക്രിസ്തുസാക്ഷ്യമത്രേ ഈ വാക്കുകൾ.

ബ്രാഹ്‌മണ്യം വെടിഞ്ഞ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച, ക്രിസ്തുവിനെപ്രതി ധീരമരണം തിരഞ്ഞെടുത്ത, തിരുവിതാംകൂർ കൊട്ടാരത്തിലെ ഈ കാര്യദർശിയുടെ ജീവിതവഴികൾ സംഭവബഹുലമത്രേ. വത്തിക്കാനിൽവെച്ച് മേയ് 15ന് വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന 10 മഹാരഥന്മാരുടെ കൂട്ടത്തിൽ ഭാരതസഭയുടെ അഭിമാനമായി വിരാജിക്കുന്ന ദേവസഹായത്തിന്റെ ഐതിഹാസിക ജീവിതം ഇതാദ്യമായി പ്രേക്ഷകരിലേക്കെത്തുന്നു, ‘ശാലോം വേൾഡി’ന്റെ ‘ഗ്ലോറിയസ് ലൈവ്സി’ലൂടെ. ജീവിതംകൊണ്ട് സഭയ്ക്കും സമൂഹത്തിനും മഹത്തായ സംഭാവനകൾ നൽകി കടന്നുപോയ ശ്രേഷ്ഠ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താൻ ‘ശാലോ വേൾഡ്’ ഒരുക്കുന്ന പരമ്പരയാണ് ‘ഗ്ലോറിയസ് ലൈവ്സ്’.

മേയ് 15 രാത്രി 9.00നാണ് (ET/BST/AEST/IST) ‘ഗ്ലോറിയസ് ലൈവ്സ്’ പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡായ ‘ബ്ലസ്ഡ് ലാസറസ് ദേവസഹായം’ സംപ്രേഷണം ചെയ്യുക. മേയ് 14 ഇന്ത്യൻ സമയം രാവിലെ 9.00മുതൽ (11.30 PM ET/4.30 AM BST/1.30 PMAEST ) 15 ഉച്ചയ്ക്ക് 1.00വരെ (3.30 AM ET/8.30 AM BST/5.30 PM AEST ) യൂടൂബിൽ പ്രീമിയറായി ലഭ്യമാക്കും. കൂടാതെ ടെലിവിഷനിൽ സംപ്രേഷണത്തിനുശേഷം SHALOM WORLD വെബ്‌സൈറ്റിലും എപ്പിസോഡ് കാണാൻ സൗകര്യമുണ്ടാകും. ഭാരതത്തിന് വെളിയിൽ അധികമാരും അറിയാത്ത നീലകണ്ഠ പിള്ളയിൽനിന്ന് ദേവസഹായമായി മാറിയ ആ ധീരരക്തസാക്ഷിയുടെ ഐതിഹാസിക ജീവിതം ലോകം മുഴുവൻ അറിയാൻ വഴിയൊരുക്കും അദ്ദേഹത്തിന്റെ ജീവിതം ഇതിവൃത്തമാകുന്ന ഈ ഡോക്യുഫിക്ഷൻ.

1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ (അന്ന് കേരളത്തിന്റെ ഭാഗം) നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠ പിള്ള എന്നായിരുന്നു നാമധേയം. തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസം പുൽകിയത്. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം പിടികൂടിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാൻ ദേവസഹായത്തെ പ്രചോദിപ്പിച്ചത്.

ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠ പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങൾ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകർന്നത്. വിശിഷ്യാ, പഴയനിയമത്തിലെ ജോബിന്റെ പുസ്തകം അദ്ദേഹത്തെ സ്പർശിച്ചു. ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠ പിള്ള മാമ്മോദീസ സ്വീകരിക്കാൻ തയാറെടുക്കുകയായിരുന്നു. ഒൻപതു മാസത്തെ വിശ്വാസപരിശീലനത്തിനുശേഷം തിരുവിതാംകൂറിൽ മിഷണറിയായിരുന്ന ഈശോ സഭാ വൈദീകനിൽനിന്ന് 1745 മേയ് 17നാണ് ‘ലാസർ’ എന്നർത്ഥം വരുന്ന ‘ദേവസഹായം’ എന്ന പേരിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്.

തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിള്ളയ്‌ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞ അവർ രാജദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ്ട് നാല് വർഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ക്യൂൻ എലിസബത്തിന്റെ കിരാത ഭരണത്തിനെതിരെ ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയെ ധീരമായി നയിച്ച കർദിനാൾ വില്യം അലൻ, ദൈവശാസ്ത്ര പണ്ഡിതരിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന വിശുദ്ധ ഹെൻറി ന്യൂമാൻ, അമേരിക്കയിലെ സഭാ ചരിത്രത്തിൽ നിർണായ സ്ഥാനമുള്ള കർദിനാൾ ഫ്രാൻസിസ് ജോർജ്, ലൈംഗീക വിശുദ്ധി കാത്തുസൂക്ഷിക്കാൻ രക്തസാക്ഷിയാകേണ്ടിവന്ന 13 വയസുകാരിയായ ആഫ്രിക്കൻ പെൺകൊടി എയ്ഞ്ചലീന ലിയാക്ക’, വിശ്വപ്രസിദ്ധ മരിയൻ സംഘടനയായ ലീജിയൻ ഓഫ് മേരിയുടെ സ്ഥാപകൻ ഫ്രാങ്ക് ഡഫ് തുടങ്ങിയവരുടെ ജീവിതം പ്രതിപാദിച്ച ‘ഗ്ലോറിയസ് ലൈവ്സ്’ പരമ്പരയിലേക്ക് ഇതാദ്യമായി ഒരു അൽമായ രക്തസാക്ഷികൂടി ഇടം പിടിക്കുന്നു എന്നതാണ് പുതിയ എപ്പിസോഡിന്റെ മറ്റൊരു സവിശേഷത.

*******

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

*******

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?