Follow Us On

04

June

2023

Sunday

പ്രഥമ അല്മായ വിശുദ്ധന്‍ പ്രാര്‍ത്ഥനകളോടെ ഭാരതം

പ്രഥമ അല്മായ വിശുദ്ധന്‍ പ്രാര്‍ത്ഥനകളോടെ ഭാരതം

സ്വന്തം ലേഖകന്‍ കോട്ടാര്‍

അല്മായ വിശുദ്ധനുവേണ്ടിയുള്ള ഭാരതത്തിന്റെ നീണ്ട കാത്തിരിപ്പിനും നൂറ്റാണ്ടുകളായുള്ള പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിശ്വസിസമൂഹം. 15ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ഭാരതത്തിലെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായംപിള്ള എന്ന വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ വിശുദ്ധപദവി പ്രഖ്യാപനം നടക്കുന്നത്. വിശുദ്ധ ദേവസഹായം എന്നായിരിക്കും ഇനി അറിയപ്പെടുക. ജാതിപ്പേര് വത്തിക്കാന്‍ ഒഴിവാക്കിയിരുന്നു. വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്ക് സ്വര്‍ഗം നല്‍കുന്ന ഉത്തരംകൂടിയാണ് ഈ വിശുദ്ധ പദവി. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇരുട്ടിന്റെ മറവില്‍ അതീവ രഹസ്യമായി ദേവസഹായത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച് ശരീരം പാറക്കൂട്ടങ്ങളിലേക്ക് വലിച്ചെറിയുമ്പോള്‍ അവരുടെ ചിന്ത ആരും ഇതറിയില്ലെന്നായിരുന്നു.

15-ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ക്ക് തത്സമയം സാക്ഷിയാകുന്നത് ലോകം മുഴുവനുമാണ്. അധികാരത്തിനും ഇരുളിനും മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല കത്തോലിക്ക വിശ്വാസം എന്നൊരു ഓര്‍മപ്പെടുത്തല്‍ക്കൂടി ഈ വിശുദ്ധപദവി പ്രഖ്യാപനം നല്‍കുന്നുണ്ട്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കൊട്ടാരത്തിലെ കാര്യസ്ഥനായിരുന്ന ദേവസഹായം ചെയ്ത കുറ്റം ക്രിസ്തുവില്‍ വിശ്വസിക്കുകയും ആ വിശ്വാസം പരസ്യമായി ഉദ്‌ഘോഷിക്കുകയും ചെയ്തു എന്നതായിരുന്നു.
വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം 2020 ഫെബ്രുവരി 21-ന് വത്തിക്കാന്‍ അംഗീകരിച്ചിരുന്നു. ദേവസഹായത്തിന്റെ ജന്മസ്ഥലമായ നട്ടാലത്തുള്ള അധ്യാപക ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവിന് ലഭിച്ച അത്ഭുത സൗഖ്യമാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം. കന്യാകുമാരി ജില്ലയില്‍ പഴയ തെക്കന്‍ തിരുവിതാംകൂറില്‍ 1712 ഏപ്രില്‍ 23-ന് നട്ടാലത്ത് മരുതക്കുളങ്ങര എന്ന നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായിട്ടാണ് നീലകണ്ഠപിള്ളയുടെ ജനനം. നീലകണ്ഠപിള്ളയുടെ ജ്ഞാനസ്‌നാനപ്പേരാണ് ദേവസഹായം.

മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരുന്ന നീലകണ്ഠപിള്ള രാജാവിന്റെ വിശ്വസ്തനായിരുന്നു. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയില്‍നിന്നാണ് യേശുവിനെക്കുറിച്ച് നീലകണ്ഠപിള്ള അറിയുന്നത്. 1745 മെയ് 17-ന് വടക്കന്‍കുളത്തുവച്ച് ഈശോസഭാ വൈദികന്‍ ഫാ. ജോണ്‍ ബുത്താരിയില്‍നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി 1749 ഫെബ്രുവരി 23-ന് ദേവസഹായത്തെ കാരാഗൃഹത്തിലടച്ചു. മൂന്നുവര്‍ഷം കഠിനപീഡനങ്ങള്‍ ഏറ്റിട്ടും അദ്ദേഹം യേശുവിനെ തള്ളിപ്പറയാന്‍ തയാറായില്ല.
രാജകല്പനയനുസരിച്ച് 1752 ജനുവരി 14-ന് സന്ധ്യയ്ക്ക് ആരല്‍വായ്‌മൊഴിയ്ക്കു സമീപം കാറ്റാടിമലയിലെ ഉയരമുള്ള പാറയില്‍ കയറ്റിനിര്‍ത്തി മൂന്നു ഭടന്മാര്‍ ചേര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു അദേഹത്തെ. മരിക്കുമ്പോള്‍ 40 വയസും ക്രിസ്തുമതം സ്വീകരിച്ചിട്ട് ഏഴുവര്‍ഷവുമായിരുന്നു. 2012 ഡിസംബര്‍ രണ്ടിന് കോട്ടാറില്‍വച്ചാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തിയത്. കോട്ടാര്‍, കുഴിത്തുറ രൂപതകളുടെ കീഴില്‍ വരുന്ന ആയിരത്തോളം വിശ്വാസികള്‍ വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?