Follow Us On

18

April

2024

Thursday

തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിക്കുറിച്ച ധീരസൈന്യാധിപന്‍

തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിക്കുറിച്ച ധീരസൈന്യാധിപന്‍

രഞ്ജിത് ലോറന്‍സ്

ദേവസഹായത്തിന്റെ സുഹൃത്തും തിരുവിതാംകൂറിന്റെ സൈന്യാധിപനുമായിരുന്ന ക്യാപ്റ്റന്‍ ഡിലനോയിയുടെ ജീവിതം കേരള ചരിത്രത്തിന്റെ ഭാഗമാണ്‌. ഭാരതസഭയുടെ പ്രഥമ അല്മായ വിശുദ്ധനായി ദേവസഹായം ഉയര്‍ത്തപ്പെടുമ്പോള്‍ പ്രത്യേകമായി ഓര്‍മിക്കപ്പെടേണ്ട പേരാണ് ദേവസഹായത്തോട് ആദ്യമായി സുവിശേഷം പ്രസംഗിച്ച ക്യാപ്റ്റന്‍ ഡിലനോയി എന്ന് വിളക്കപ്പെടുന്ന എസ്താഷ്യസ് ബനഡിക്ട് ഡിലനോയി. ദേവസഹായത്തെ മാനസാന്തരത്തിലേക്ക് നയിച്ച സുവിശേഷകന്‍ എന്നതിനൊപ്പം തിരുവതാംകൂര്‍ സൈന്യത്തെയും അതുവഴി കേരളക്കരെയും ശക്തിപ്പെടുത്തിയ തന്ത്രജ്ഞനായ സൈന്യാധിപന്‍ എന്ന നിലയിലും ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട പേരാണ് ഡിലനോയിയുടേത്.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ തിരുവിതാംകൂറിന്റെ ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഈ കത്തോലിക്ക സൈന്യാധിപന്റെ ജീവിതകഥ ബോധപൂര്‍വമോ അല്ലാതെയോ കേരളചരിത്രത്തില്‍ തമസ്‌ക്കരിക്കപ്പെട്ടു എന്നത് ഖേദകരമാണ്. അര്‍ഹമായ പരിഗണന ലഭിക്കാതെ കിടക്കുന്ന അദ്ദേഹത്തെ സംസ്‌കരിച്ച കല്ലറയെക്കുറിച്ച് വിവരിക്കുന്ന ഒരു ചരിത്രപുസ്തകത്തില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു – ‘തിരുവിതാംകൂറിന്റെ ചരിത്രം കുറച്ചെങ്കിലും അറിയാവുന്നവര്‍ ഈ കല്ലറ കാണുമ്പോള്‍ രണ്ട് തുള്ളി കണ്ണീരെങ്കിലും ഒഴുക്കാതിരിക്കില്ല.’

വഴിത്തിരിവായ കുളച്ചല്‍ യുദ്ധം
മലബാറിലെ നാട്ടുരാജ്യങ്ങളില്‍നിന്നുള്ള കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും യൂറോപ്യന്‍ കമ്പോളത്തില്‍ ഉയര്‍ന്ന വിലക്ക് വിറ്റ് അക്കാലത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകമ്പനിയായിരുന്ന ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി വലിയ ലാഭം കൊയ്തിരുന്നു. ഈ കുത്തകാവകാശം തങ്ങള്‍ക്ക് മാത്രമായി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യം 1741 ല്‍ കേരളതീരത്ത് എത്തുന്നത്. കിഴക്കന്‍ തിരുവതാംകൂറിലെ ഒരു പഴയ തുറമുഖമായ കുളച്ചലാണ് തിരുവിതാംകൂര്‍ ആക്രമിച്ച് കീഴടക്കാനുള്ള പദ്ധതിക്ക് അവര്‍ തിരഞ്ഞെടുത്തത്.

ക്യാപ്റ്റന്‍ ഡിലനോയിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ സൈന്യം യുദ്ധസാമഗ്രികളുടെയും വെടിക്കോപ്പുകളുടെയും കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നെങ്കിലും തിരുവിതാംകൂര്‍ സൈന്യത്തിന്റെ യുദ്ധതന്ത്രങ്ങളുടെയും ആക്രമോത്സുകതയുടെയും മുമ്പില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ ഡിലനോയി ഉള്‍പ്പെടെ 24 സൈനികര്‍ യുദ്ധതടവുകാരായി പിടിക്കപ്പെട്ടു. യുദ്ധത്തടവുകാരാനായ ഡിലനോയിയെ തിരുവതാംകൂര്‍ സൈന്യത്തിന്റെ ഒരു റെജിമെന്റിനെ യൂറോപ്യന്‍ യുദ്ധ തന്ത്രങ്ങളും ചിട്ടയും പഠിപ്പിക്കുന്നതിനായി നിയോഗിച്ചു. ഈ ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഡിലനോയിയുടെ ജ്ഞാനവൈഭവത്തിലും തന്ത്രജ്ഞതയിലും മാര്‍ത്തണ്ഡവര്‍മ രാജാവ് ആകൃഷ്ടനാകുന്നത്. തന്റെ ജനറല്‍മാരിലൊരാളായി രാജാവ് നിയമിച്ച ഡിലനോയിയുടെ വളര്‍ച്ച സൈന്യത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന സര്‍വ്വസൈന്യാധിപന്‍ (വലിയ കപ്പിത്താന്‍) എന്ന പദവിയിലെത്തുന്നത് വരെ തുടര്‍ന്നു.

ചരിത്രം വഴിമാറുന്നു
തിരുവിതാംകൂര്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി വിവിധ കോട്ടകളുടെ നിര്‍മാണത്തിലും സൈന്യത്തിന്റെ പുനര്‍രൂപീകരണത്തിലും ഡിലനോയി വ്യാപൃതനായി. തിരുവിതാംകൂര്‍ സൈന്യത്തിന് പരിചിതമല്ലാതിരുന്ന യൂറോപ്യന്‍ ആയുധസാമഗ്രികളും വെടിക്കോപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ ഭാഗമായി മാറി. ഇവ ഉപയോഗിക്കാന്‍ വേണ്ട ചിട്ടയായ പരിശീലനവും സൈന്യം സ്വന്തമാക്കിയതോടെ തിരുവിതാംകൂര്‍ സൈന്യത്തിന്റെ ശക്തി വര്‍ധിച്ചു. ഡിലനോയിയുടെ യുദ്ധതന്ത്രജ്ഞതയും തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യന്‍ ദളവയുടെ കൗശലവും മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ഭരണനിപുണതയും ഒത്തുചേര്‍ന്നപ്പോള്‍ കൊച്ചിവരെയുള്ള വടക്കന്‍ നാട്ടുരാജ്യങ്ങളായ കൊല്ലം, കായംകുളം, കൊട്ടാരക്കര, പന്തളം, അമ്പലപ്പുഴ, ഇടപ്പള്ളി, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവയെല്ലാം തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

നെടുംകോട്ട എന്ന പേരില്‍ 40 കിലോമീറ്റര്‍ നീണ്ട ഒരു കോട്ട നിര്‍മിച്ച ഡിലനോയി തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തി സുശക്തമാക്കി. ടണലുകളും പടക്കോപ്പുകളും സാധനസാമഗ്രികള്‍ സൂക്ഷിക്കുവാനുള്ള ഇടങ്ങളും അടങ്ങിയ ഈ കോട്ട പില്‍ക്കാലത്ത് ടിപ്പു സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള വടക്കുനിന്നുള്ള രാജാക്കന്‍മാരുടെ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1789 ഡിസംബര്‍ 28 ന് രാത്രി ടിപ്പുവിന്റെ സൈന്യം നടത്തിയ ആക്രമണത്തെ തിരുവിതാംകൂറിലെ 20 നായര്‍ ഭടന്‍മാര്‍ മാത്രം അടങ്ങിയ സംഘമാണ് ഈ കോട്ടയുടെ സഹായത്തോടെ ചെറുത്തു നിന്നത്.

ആ ഒറ്റ രാത്രിയില്‍ ടിപ്പുവിന്റെ രണ്ടായിരത്തോളം ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ കന്യാകുമാരിക്കടുത്ത് കടലിന് അഭിമുഖായി പണിത വട്ടക്കോട്ട, പത്മനാഭപുരത്തിനടുത്തുള്ള ആയുധശേഖരം സൂക്ഷിക്കാനുള്ള മരുന്നു കോട്ട, സാവക്കോട്ട എന്നിവയും ഡിലനോയിയുടെ വൈദഗ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. ഉദയഗിരി കോട്ടയോടുനബന്ധിച്ചുള്ള ആയുധനിര്‍മാണശാലയില്‍ പീരങ്കികളും തോക്കുകളും നിര്‍മിക്കുവാന്‍ അദ്ദേഹം നേതൃത്വം നല്‍കി. യുദ്ധത്തടവുകാരാനായി കഴിഞ്ഞ ഉദയഗിരി കൊട്ടയില്‍ത്തന്നെ കുടുംബസമേതം താമസിക്കുവാനും ദൈവാലയം പണിയുവാനും പിന്നീട് രാജാവ് ഡിലനോയിക്ക് അനുമതി നല്‍കി എന്നത് അദ്ദേഹത്തിന്റെ വിശ്വസ്തതയ്ക്ക് രാജാവ് നല്‍കിയ അംഗീകാരമായിരുന്നു.

ആത്മാവിന്റെ വേദന തിരിച്ചറിഞ്ഞ ഉറ്റസ്‌നേഹിതന്‍
നീലകണ്ഠപ്പിള്ളയും ഡിലനോയിയും സുഹൃത്തുക്കളായിരുന്നു. സഹോദരങ്ങളെപ്പോലെ പരസ്പരം ആലോചിച്ചാണ് അവര്‍ രാജ്യകാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്. ഒരു ദിവസം തന്റെ കുടുംബത്തിലുള്ള ദുഃഖങ്ങളെയും വേദനകളെയും കുറിച്ച് പങ്കുവച്ച നീലകണ്ഠപ്പിള്ളയോട് ക്ഷണികമായ ഭൗതികസുഖങ്ങളെക്കാള്‍ ഉപരിയായി ആത്മാവിന്റെ സുസ്ഥിതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഡിലനോയി പറഞ്ഞു.

ദൈവം സ്‌നേഹമുള്ള പിതാവാണെന്നും ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നവര്‍ ഈ ലോകത്തിലെ സുഖദുഃഖങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കില്ലെന്നും ബൈബിളിലെ ജോബിന്റെ കഥയുടെ വെളിച്ചത്തില്‍ അദ്ദേഹം നീലകണ്ഠപ്പിള്ളയെ പറഞ്ഞു മനസിലാക്കി. മനുഷ്യകുലത്തെ പാപത്തില്‍ നിന്ന് മോചിപ്പിച്ച യേശുക്രിസ്തുവിനെക്കുറിച്ചും ജാതിമതവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്ന പിതാവായ ദൈവത്തെക്കുറിച്ചുമുള്ള ഡിലനോയിയുടെ വാക്കുകള്‍ കേട്ട് ജാതിവ്യവസ്ഥതിയുടെ തിക്തഫലങ്ങള്‍ അനുദിനം കണ്ടുകൊണ്ടിരുന്ന പിള്ളയുടെ ഉള്‍ക്കണ്ണുകള്‍ തുറന്നു.

അവസാനം വരെ തുടര്‍ന്ന സൗഹൃദം
പിന്നീട് ദേവസഹായം എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നീലകണ്ഠപിള്ളയെ ക്രൈസ്തവവിശ്വാസിയായതിന്റെ പേരില്‍ രാജാവ് ജയിലിലടച്ചു. അക്കാലത്ത് തിരുവതാംകൂറിലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ക്രിസ്തുമതം സ്വീകരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. രാജാവിന്റെ അപ്രീതിക്ക് പാത്രമാകാന്‍ സാധ്യയുണ്ടായിട്ടും ഡിലനോയി ദേവസഹായത്തെ സന്ദര്‍ശിക്കുകയും എല്ലാ സഹായങ്ങളും ചെയ്തു നല്‍കുകയും ചെയ്തു. രാജാവിന് അഹിതമായി പ്രവര്‍ത്തിച്ച ദേവസഹായത്തിനെ സഹായിക്കരുതെന്ന് രാജകല്‍പന ഉണ്ടായിട്ടുപോലും അദ്ദേഹം പീഡനത്തിനിരയായ കാലങ്ങളില്‍ കുടുംബത്തിലുള്ളവര്‍ക്കും ക്രൈസ്തവവിശ്വാസം സ്വീകരിച്ച ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന വിധത്തില്‍ ഈ സൈന്യാധിപന്‍ പെരുമാറി.

ദേവസഹായത്തിന്റെ അന്ത്യദിനങ്ങളില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് മനോധൈര്യം പകര്‍ന്നു നല്‍കി. 1752 ജനുവരി 14 ന് ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിക്കുംവരെയുള്ള സമയങ്ങളില്‍ അദ്ദേഹം ദേവസഹായത്തിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹത്തിന്റെ മൃതശരീരം തിരുസഭയുടെ ആശിര്‍വാദത്തോടെ സംസ്‌കരിക്കുവാന്‍ കൊച്ചി ബിഷപ്പുമായും മധുരയിലെ ഈശോസഭാ പ്രൊവിന്‍ഷ്യാളുമായും ബന്ധപ്പെട്ടതും ഡിലനോയിയായിരുന്നു.

‘നില്‍ക്കൂ യാത്രക്കാരാ! തിരുവിതാംകൂര്‍ സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപനായി സേനാനായകത്വം വഹിക്കുകയും 37 വര്‍ഷക്കാലം രാജാവിനെ ഏറ്റവും വിശ്വസ്തതയോടെ സേവിക്കുകയും ചെയ്ത ഈസ്താഷ്യസ് ഡിലനോയിയെ ഇവിടെ സംസ്‌കരിച്ചിരിക്കുന്നു. കരങ്ങളുടെ കരുത്തിനാലും തന്റെ നാമത്തെക്കുറിച്ചുള്ള ഭയത്താലും കായംകുളം മുതല്‍ കൊച്ചി വരെയുള്ള എല്ലാ രാജ്യങ്ങളും അദ്ദേഹം തന്റെ രാജാവിന്റെ അധീനതയിലാക്കി. 62 വര്‍ഷവും അഞ്ച് മാസവും ജീവിച്ച അദ്ദേഹം 1777 ജൂണ്‍ ഒന്നാം തിയതി അന്തരിച്ചു.” – ശത്രുസൈന്യത്തിന്റെ തലവനായി എത്തി പിന്നീട് തിരുവിതാംകൂര്‍ സൈന്യത്തിന്റെ സൈന്യാധിപനായി മാറിയ ഡിലനോയി എന്ന ഡച്ച് സൈന്യാധിപന്റെ മൃതകുടീരത്തില്‍ ലത്തീന്‍ ഭാഷയിലും തമിഴ് ഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളാണിത്. കന്യാകുമാരി ജില്ലയിലുള്ള ഉദയഗിരി കോട്ടയിലാണ് അദ്ദേഹത്തിന്റെ മൃതകുടീരം സ്ഥിതി ചെയ്യുന്നത്.

ദേവസഹായംപിള്ള ഭൂമിയില്‍ അനുഭവിച്ച പീഡനങ്ങള്‍ കണ്ട് ഏറെ വേദനിച്ച ഡിലനോയി ഇന്ന് ദൈവസന്നിധിയിലായിരുന്നുകൊണ്ട് തന്റെ ഉറ്റസുഹൃത്തിന്റെ വിശുദ്ധപദി പ്രഖ്യാപനത്തില്‍ സന്തോഷിക്കുന്നുണ്ടാവും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?