Follow Us On

19

April

2024

Friday

ജ്ഞാനപ്പൂവും ദേവസഹായവും

ജ്ഞാനപ്പൂവും ദേവസഹായവും

മാത്യു സൈമണ്‍

വിനയാന്വിതനും ഏവര്‍ക്കും മാതൃകയുമായി ജീവിച്ച ദേവസഹായത്തെ മരുമകനായി കിട്ടാന്‍ നിരവധി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരിശ്രമിച്ചിരുന്നു. അവസാനം തിരുവിതാംകൂറിന്റെ പടിഞ്ഞാറ് അമരാവതിക്കുളത്തിന്റെ അടുത്തുള്ള മേക്കോടു കുടുംബത്തിലെ ഭാര്‍ഗവിയമ്മ അദ്ദേഹത്തിന്റെ വധുവായി. ഉത്തമ കുടുംബിനിയായ അവരോടൊപ്പം ദേവസഹായം തന്റെ ജീവിതം ആരംഭിച്ചു. പിന്നീട് ദേവസഹായം സത്യദൈവത്തെ തിരിച്ചറിയുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു. അന്ന് ദേവസഹായം ഈ മാറ്റെത്തക്കുറിച്ച് ഭാര്യയോടു ഇങ്ങനെ പറഞ്ഞു.

”ഭാര്‍ഗവീ, സകല നന്മകള്‍ക്കും ഉറവിടമായ ദൈവം പാപങ്ങളില്ലാത്തവനാണ്. ആ നല്ല ദൈവത്തെ ആരാധിക്കുന്നത് നമുക്ക് കിട്ടുന്ന ഭാഗ്യമാണ്. അതിനാല്‍ നീയും സത്യദൈവത്തെ മനസിലാക്കി എന്നെന്നും സന്തോഷം നിറഞ്ഞ ജീവിതം നയിക്കണമെന്നാണ് എന്റെ ആഗ്രഹം.” അങ്ങനെ വളരെയേറെ ആലോചനകള്‍ക്കുശേഷം വിശ്വാസം സ്വീകരിക്കാന്‍ അവരും സന്നദ്ധയായി. ദേവസഹായത്തോടൊപ്പം വടക്കന്‍കുളത്തുചെന്ന് ത്രേസ്യാമ്മ എന്ന അര്‍ത്ഥം വരുന്ന ജ്ഞാനപ്പൂ എന്ന പേരില്‍ അവര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. രണ്ടുപേരും അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും സത്യദൈവത്തെ മനസിലാക്കി കൊടുക്കാന്‍ തീവ്രമായി ശ്രമിച്ചു. വിശുദ്ധരെപ്പോലെയായിരുന്നു പിന്നീടവരുടെ ജീവിതം.

ഒരു ദിവസം ജ്ഞാനപ്പൂ തന്റെ അമ്മയോട് താന്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയതായി അറിയിച്ചു. ഇതുകേട്ട അമ്മ ആകുലപ്പെടുകയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആ സമയം അമ്മയ്ക്ക്് ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള സത്യം വിശദീകരിച്ചു കൊടുക്കുകയാണ് മകള്‍ ചെയ്തത്. ദേവസഹായവും ഭാര്യയും ലോകത്തിലെ സുഖഭോഗങ്ങളെല്ലാം വെറുത്തുപേക്ഷിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ സ്വത്തും ധനവും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തു. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ ക്ഷമയോടെ സഹിച്ച് സ്വന്തക്കാരുടെയും ബന്ധുക്കളുടെയും മനസുമാറ്റി. ദേവസഹായത്തിന് ഭാര്യയുടെ പിന്തുണ എപ്പോഴും ആശ്വാസം നല്‍കുന്നതായിരുന്നു.

വിശ്വാസത്തെ മുറുകെപ്പിടിച്ചവള്‍
തടവിലാക്കപ്പെട്ട ദേവസഹായത്തെ ഭാര്യ ജ്ഞാനപ്പൂ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കുമായിരുന്നു. പൊട്ടിക്കരയുന്ന അവരെ ദേവസഹായം എപ്പോഴും ആശ്വസിപ്പിച്ചിരുന്നു. പല സ്ഥലങ്ങളിലായി മൂന്ന് വര്‍ഷത്തോളം ജയില്‍വാസവും പീഡകളും ദേവസഹായം അനുഭവിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അടുത്തെത്തി ജ്ഞാനപ്പൂ ദിവസവും അദ്ദേഹത്തെപ്പറ്റി ചോദിക്കുമായിരുന്നു. അദ്ദേഹത്തെ കണ്ടവര്‍ പലതും പറയുന്നതുകേട്ട് അവര്‍ വളരെയധികം വേദനിച്ചു.

ദേവസഹായത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന ക്യാപ്റ്റന്‍ ഡിലനോയിയും ഭാര്യ മാര്‍ഗരറ്റും ജ്ഞാനപ്പൂവും ഒരുമിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ച് ജ്ഞാനപ്പൂ നടത്തിയ നീണ്ട യാത്രയ്ക്കു ശേഷം ഭര്‍ത്താവിനെ അടുത്ത് കാണാന്‍ അവസരം ലഭിച്ചു. തിരുവനന്തപുരം പാളയത്ത് അദ്ദേഹത്തെ ഒരു പൂവരശ് മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതാണ് അവര്‍ കണ്ടത്. ഇതുകണ്ട് സംസാരിക്കാന്‍പോലും ശക്തിയില്ലാതെ ജ്ഞാനപ്പൂ സങ്കടപ്പെട്ടു. അപ്പോള്‍ ദേവസഹായം ദൈവിക ചൈതന്യത്തോടെ ഭാര്യയെ നോക്കി സന്തോഷിച്ചു. കാരണം തന്റെ ഭാര്യയും സര്‍വവും ദൈവത്തിനു സമര്‍പ്പിച്ച് യേശുവിന്റെ കുരിശ് കഴുത്തില്‍ ധരിച്ചാണ് ജീവിക്കുന്നത്.

”ദൈവത്തിനായി നമ്മള്‍ എല്ലാം സഹിക്കുമ്പോള്‍ ദൈവം നമുക്കു തുണയായിരിക്കും. നമ്മള്‍ രണ്ടുപേരെയും ദൈവം അവസാനം വരെ കാത്തുസൂക്ഷിക്കും. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ അമ്മയുടെ പക്കല്‍നിന്നും നിനക്ക് ആശ്വാസം ലഭിക്കും.” ദേവസഹായം ഭാര്യയെ ആശ്വസിപ്പിച്ചു.
ഭര്‍ത്താവിന്റെ ശാന്തതയോടെയുള്ള സംസാരം കേട്ട് ഭാര്യ ജ്ഞാനപ്പൂ മുട്ടുകുത്തി കൈകൂപ്പി പ്രാര്‍ത്ഥിച്ചു, ”ദൈവമേ ഞങ്ങളുടെ മനസ് ചഞ്ചലപ്പെടാതിരിക്കാനും ദേവസഹായത്തെ സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും കൃപതരണമേ.”

സ്വര്‍ഗത്തില്‍ ഒന്നാകാന്‍
പിന്നീട് തന്റെ മരണത്തെ മുന്‍കൂട്ടികണ്ട ദേവസഹായത്തിന്റെ പ്രാര്‍ത്ഥനാ രീതിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. വരുന്നവരോടെല്ലാം തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ താഴ്മയായി അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേവസഹായത്തെ കാണാന്‍ വന്ന ജ്ഞാനപ്പൂ വീങ്ങിപ്പൊട്ടി സംസാരിക്കാന്‍ കഴിയാതെ ചലനമറ്റുനിന്നു.
അദ്ദേഹം ഭാര്യയോട് പറഞ്ഞു. ”എന്നെ ഭര്‍ത്താവായി സ്വീകരിച്ചതു മുതല്‍ നിനക്ക് ദുഃഖമാണ്. എന്നാല്‍ അതൊന്നും ഓര്‍ത്ത് നീ സങ്കടപ്പെടേണ്ട. ഇതെല്ലാം ദൈവത്തിനു സമര്‍പ്പിക്കണം. അങ്ങനെ സ്വര്‍ഗഭാഗ്യത്തിന് അര്‍ഹയാകണം” ഇതുകേട്ട ജ്ഞാനപ്പൂ തേങ്ങികരഞ്ഞു. ”നീ ഭയപ്പെടേണ്ട, നമ്മെ കാത്തുസൂക്ഷിക്കുന്ന ദൈവം നമ്മോടുകൂടെ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം. നമുക്കു രണ്ടു പേര്‍ക്കും സ്വര്‍ഗത്തില്‍ ദൈവത്തിന്റെ അടുത്ത് ഒന്നിച്ചു ജീവിക്കാം. ആ ദിവസത്തെ ലക്ഷ്യമാക്കി നീയും ജീവിക്കണം” ദേവസഹായം പറഞ്ഞു. ജ്ഞാനപ്പൂവിന്റെ മുഖത്തുനിന്ന് ദുഃഖഭാവം നീങ്ങി. അവര്‍ മുട്ടുകുത്തി മനസംതൃപ്തിയോടെ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു.

ദേവസഹായത്തിന്റെ മരണശേഷം ജ്ഞാനപ്പൂ തന്റെ അമ്മയോടുകൂടി വടക്കന്‍കുളത്ത് താമസിച്ചു. 14 വര്‍ഷം അവിടെ ദൈവകാരുണ്യത്തിലും ഭക്തിയിലും ജീവിച്ചശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വടക്കന്‍കുളം ഹോളി ഫാമിലി ദൈവാലയ സെമിത്തേരിയില്‍ അവരുടെ ശരീരം അടക്കം ചെയ്തു. അവരുടെ കല്ലറയിലും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിനായി എത്തുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?