വാഴ്ത്തപ്പെട്ട ദേവസഹായം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കണമെന്ന അതിയായ ആഗ്രഹത്തോടെ അതിനായി കഠിനാധ്വാനം ചെയ്ത ഈശോസഭാംഗമാണ് ബ്രദര്‍ പോള്‍ ചിന്നപ്പ എസ്.ജെ. മറവിയിലാണ്ടുപോയ ദേവസഹായത്തിന്റെ ധീരോദാത്തമായ ക്രൈസ്തവ ജീവിതം ഇന്ത്യയിലെങ്ങും അറിയപ്പെടാനും ചര്‍ച്ചചെയ്യപ്പെടാനും ഇടയാക്കിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. ദേവസഹായത്തിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ഭൂമിയില്‍വച്ച് സാക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കിലും സ്വര്‍ഗത്തിലിരുന്ന് അതുകണ്ട് ബ്രദര്‍ ചിന്നപ്പ സന്തോഷിക്കുന്നുണ്ടെന്ന് തീര്‍ച്ച. ദേവസഹായത്തിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് സാക്ഷ്യംവഹിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2014 മെയ് 14 ന് 87-ാം വയസിലാണ് ബ്രദര്‍ ചിന്നപ്പ നിത്യസമ്മാനത്തിനായി യാത്രയായത്.
1928 ജൂണ്‍ 28 ന് കന്യാകുമാരി ജില്ലയിലെ മുളകുമൂടിനടുത്ത് കൂട്ടമ്മാവ് അപ്പട്ടുവിളയില് അധ്യാപകനും വൈദ്യരും ഉപദേശിയുമായ സ്വാമിനാഥന്റെയും ശബരിയമ്മയുടെയും ഏഴ് ആണ്മക്കളില് ആറാമനായാണ് പോള്‍ ചിന്നപ്പയുടെ ജനനം. പതിനഞ്ചാം വയസിലാണ് ദേവസഹായത്തെക്കുറിച്ച് ആദ്യമായി കേട്ടതെങ്കിലും അതു ജീവിതത്തിന്റെ പ്രത്യേക നിയോഗമായി മാറിയത് എഴുപതാം വയസിലായിരുന്നു. അദ്ദേഹം രാമനാഥപുരത്തിനടുത്തുള്ള ഓരിയൂരിലെ ആശ്രമത്തില്‍ കഴിയുമ്പോഴാണ് ഡിണ്ടിഗലില്നിന്നും പ്രസിദ്ധീകരിച്ചിരുന്ന തിരുഹൃദയ ദൂതന്’ മാസികയില്‍ വന്ന ദേവസഹായത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചത്. വായിച്ചുതീര്‍ന്നപ്പോഴേക്കും അതില്‍ പ്രതിപാതിച്ചിരുന്ന ദേവസഹായത്തിന്റെ ജീവിതം അദ്ദേഹത്തിന്റെ മനസില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു.
ദേവസഹായത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ഉള്‍പ്രേരണ അദ്ദേഹത്തിന് ഉണ്ടായി. അധികം താമസിക്കാതെ ആശ്രമത്തിന്റെ സുപ്പീരിയര്‍ ഉള്‍പ്പടെ ഒരു സംഘം കാറ്റാടിമലയില്‍ സന്ദര്‍ശനത്തിന് പോയി. അതിനടുത്ത് ഒരു ദിവസം താമസിക്കുകയും ചെയ്തു. തിരിച്ചുപോയ ബ്രദര്‍ ചിന്നപ്പയ്ക്ക് കാറ്റാടിമലയിലേക്ക് മടങ്ങണമെന്ന് ഹൃദയത്തിലിരുന്ന് ആരോ മന്ത്രിക്കുന്നതുപോലെ അനുഭവപ്പെട്ടു.
കാറ്റാടിമലയിലേക്ക് പോകാനുള്ള ആഗ്രഹം അദ്ദേഹം അധികാരികളെ അറിയിച്ചു. ഒരാഴ്ചക്കകം അനുവാദം ലഭിച്ചു. 1999 മെയ് 28ന് കാറ്റാടിമലക്കടുത്തുള്ള നാഗര്‍കോവിലിലെ കാര്‍മല്‍ സ്കൂളിലെത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം കാറ്റാടിമലയോട് ചേര്‍ന്നായിരുന്നു.
പുതിയൊരു നിയോഗം അവിടെ തുടങ്ങുകയായിരുന്നു. ദേവസഹായത്തിന്റെ ജീവചരിത്രം തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായി ബ്രദര്‍ പോള്‍ ചിന്നപ്പ പ്രസിദ്ധീകരിച്ചു. അത് ദൈവപദ്ധതിയായിരുന്നു എന്നതിന്റെ വലിയ തെളിവാണ് ആ പുസ്തകങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത. മൂന്നു ലക്ഷം കോപ്പികളാണ് വിതരണം ചെയ്തത്. പുസ്തകങ്ങള്‍, കാസറ്റുകള്‍ എന്നിവയില്‍ മാത്രം ഒതുങ്ങാതെ നാടകം, വില്‍പ്പാട്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയും ദേവസഹായത്തിന്റെ പുണ്യജീവിതം ജനഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം നല്കിയ പ്രത്യേക നിയോഗമായിട്ടായിരുന്നു ബ്രദര്‍ ചിന്നപ്പ തന്റെ ദൗത്യത്തെ കണ്ടിരുന്നത്.
മുമ്പെങ്ങും ഇല്ലാത്തവിധത്തില്‍ ദേവസഹായത്തിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദേവസഹായത്തിന്റെ മാധ്യസ്ഥ ശക്തിക്ക് സ്വര്‍ഗം അടിവരയിടാന്‍ തുടങ്ങി. കുറഞ്ഞകാലംകൊണ്ട് ബ്രദര്‍ പോള്‍ ചിന്നപ്പ 10 ലക്ഷത്തിലധികം പേരുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു എന്നാണ് കണക്ക്. പിന്നീടുള്ള ബ്രദര്‍ ചിന്നപ്പയുടെ ജീവിതം ദേവസഹായത്തെ ചുറ്റിപ്പറ്റിയായിരുന്നു. ടിവി കാണുന്നതുപോലും വേണ്ടെന്നുവച്ചു. ഈ കാലങ്ങളില്‍ ആകെ കണ്ടത് ദേവസഹായത്തെക്കുറിച്ചുള്ള സിഡികള്‍ മാത്രമായിരുന്നു. ആ സമയംകൂടി പ്രാര്‍ത്ഥിക്കുന്നതിനും ദേവസഹായത്തിന്റെ വിശുദ്ധ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും കഴിയുമല്ലോ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്.
ദേവസഹായത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത് 2012 ഡിസംബര്‍ രണ്ടിനായിരുന്നു. നാഗര്‍കോവില്‍ കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള കമ്മീഷന് പ്രീ ഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ ദേവസഹാത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തുന്ന നിമിഷങ്ങളില്‍ അതിന് സാക്ഷ്യംവഹിക്കാന്‍ 85-ാം വയസില്‍ ബ്രദര്‍ പോള്‍ ചിന്നപ്പ ഉണ്ടായിരുന്നു. അതിന് കൃത്യം ഒരു വര്‍ഷംമുമ്പ് ഓര്മ നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടെങ്കിലും ദൈവം വീണ്ടും ആയുസ് നീട്ടിനല്‍കുകയായിരുന്നു. അതിനുവേണ്ടി ദേവസഹായം ഒരുപക്ഷേ ദൈവതിരുമുമ്പില്‍ മാധ്യസ്ഥം വഹിച്ചിട്ടുണ്ടാകാം.
Leave a Comment
Your email address will not be published. Required fields are marked with *