Follow Us On

20

May

2022

Friday

22 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയായ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയം

22 ദിവസങ്ങള്‍കൊണ്ട്  പൂര്‍ത്തിയായ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയം

ദേവസഹായംപിള്ള ജനിച്ച് 310-ാം വര്‍ഷവും ധീരരക്തസാക്ഷിത്വം വരിച്ചതിന്റെ 270-ാം വര്‍ഷവും തികയുന്ന 2022-ല്‍ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ അത്യാഹ്ലാദ നിറവില്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയാണ് നെയ്യാറ്റിന്‍കര രൂപതയിലലെ പാറാങ്കാല ഫൊറോനയില്‍പെട്ട ചാവല്ലൂര്‍പൊറ്റ ഇടവകയിലെ വിശ്വാസിസമൂഹം. ദേവസഹായംപിള്ളയുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദൈവാലയമാണിത്.
വെറും 22 ദിവസങ്ങള്‍കൊണ്ടാണ് ഈ ദൈവാലയ നിര്‍മാണം പൂത്തിയായത്. ദേവസഹായത്തിന്റെ മാധ്യസ്ഥത്താലാണ് ഇത്രയും വേഗത്തില്‍ ദൈവാലയ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നാണ് ഇടവകക്കാരുടെ ഉറച്ച വിശ്വാസം.

റോഡിനോട് ചേര്‍ന്ന് ദൈവാലയത്തിന്റെ വലതുവശത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന, ചങ്ങലകളാല്‍ ബന്ധിതനായി മുട്ടുകുത്തി ഇരു കരങ്ങളും മാറോട് ചേര്‍ത്തുവച്ചിരിക്കുന്ന ദേവസഹായത്തിന്റെ രൂപം ആ വഴി കടന്നുപോകുന്ന എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കും. ദൈവാലയത്തിനുള്ളിലും അള്‍ത്താരയുടെ വശത്തായി അത്തരമൊരു രൂപവും തിരുശേഷിപ്പും പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസംഗപീഠത്തിലും ചങ്ങലകളാല്‍ ബന്ധിതനായ ദേവസഹായംപിള്ളയുടെ രൂപം കൊത്തിവച്ചിരിക്കുന്നു.

2014 ജനുവരി 15-ന് ദേവസഹായത്തിന്റെ തിരുനാള്‍ ദിവസം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവേലാണ് ദൈവാലയം ആശീര്‍വദിച്ചത്. അതിനുമുമ്പ് അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ ചെറിയൊരു കുരിശടി ഇവിടെ ഉണ്ടായിരുന്നു. 2014 നവംബര്‍ 21-ന് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഇവിടെ പ്രതിഷ്ഠിച്ചതും ബിഷപ് വിന്‍സെന്റ് സാമുവേലായിരുന്നു. അതിനുശേഷം നാനാ ജാതി മതസ്ഥര്‍ പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കുമായി ഇവിടെ എത്തിച്ചേരുന്നു. ദൈവാലയം സ്ഥാപിച്ചതുമുതല്‍ അത്ഭുതങ്ങളുടെ സാക്ഷ്യങ്ങളുമായാണ് നിരവധി ആളുകള്‍ ഇവിടെ വരുന്നത്. ദീര്‍ഘനാളായി കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് കുഞ്ഞുങ്ങള്‍ ലഭിച്ചതായും രോഗങ്ങള്‍ സുഖപ്പെട്ടതായും ജീവിതസ്വപ്‌നമായിരുന്ന ഭവനം ലഭിച്ചതായുമൊക്കെ സാക്ഷ്യങ്ങളേറെയുണ്ട്.

ദേവസഹായത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ചാവല്ലൂര്‍പൊറ്റയെന്ന കൊച്ചുഗ്രാമത്തിലും ആഘോഷങ്ങള്‍ തുടങ്ങി. വിശുദ്ധ പദവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ രൂപതകളിലെ മെത്രാന്മാര്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ പദവി ആഘോഷങ്ങളുടെ ആരംഭദിനമായ ഏഴിന് 101 സ്ത്രീകള്‍ പങ്കെടുത്ത മെഗാ മാര്‍ഗംകളി ഉണ്ടായിരുന്നു.


വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള വിളംബര ദീപശിഖാ ബൈക്ക് റാലി നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ഫൊറോനകളിലൂടെ പ്രയാണം ചെയ്ത് ചാവല്ലൂര്‍പൊറ്റ ദൈവാലയത്തില്‍ സമാപിച്ചു. പര്യടനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസിന് മുന്നില്‍ നിര്‍വഹിച്ചു. എം. വിന്‍സെന്റ് എംഎല്‍എ ദീപശിഖാ പ്രയാണം ഫഌഗ് ഓഫ് ചെയ്തു. ആറയൂര്‍ സെന്റ് എലിസബത്ത് ദൈവാലയ വികാരി ഫാ. ജോസഫ് അനിലും സഹവികാരി ഫാ. വിപിന്‍രാജുമാണ് ചാവല്ലൂര്‍പൊറ്റ ദൈവാലയത്തിലെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറയൂര്‍ ഇടവകയുടെ സബ് സ്റ്റേഷനാണിത്.

സ്വപ്നം ദൈവാലയമായപ്പോള്‍
ദേവസഹായത്തോടുള്ള ഭക്തിയും ഒരു സ്വപ്‌നവുമാണ് ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തിന്റെ നാമധേയത്തില്‍ ദൈവാലയം നിര്‍മിക്കുന്നതിന് സ്ഥലം നേര്‍ച്ചയായി നല്‍കാന്‍ വില്‍സണ്‍ പുത്തന്‍പുരയില്‍ എന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രേരണയായത്. അസിസ്റ്റന്റ് ഡിസ്ട്രിക് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ ആയി വിരമിച്ച അദ്ദേഹം ദൈവാലയത്തിലെ ഇപ്പോഴത്തെ കപ്യാരാണ്. ആദ്യം നല്‍കിയ രണ്ടുസെന്റ് ഭൂമിയില്‍ അമലോത്ഭവ മാതാവിന്റെ കുരിശടി സ്ഥാപിച്ചു. അവിടെ പ്രാര്‍ത്ഥിക്കാനും നേര്‍ച്ചകള്‍ നേരാനും ആളുകള്‍ ധാരാളമായി എത്തിത്തുടങ്ങി. പിന്നീടാണ് ദൈവാലയം നിര്‍മിക്കാന്‍ ഏഴുസെന്റ് സ്ഥലംകൂടി നല്‍കിയത്. അതിന് കാരണം സ്വപ്‌നത്തില്‍ ലഭിച്ച ദേവസഹായത്തിന്റെ ഒരു ദര്‍ശനമായിരുന്നു. ”എന്റെ പള്ളി ദൈവത്തിന്റെ ആലയമാണ്. ജനങ്ങള്‍ അവിടെ വിളിച്ചുകൂട്ടപ്പെടും.” എന്നൊരു ശബ്ദവും അതില്‍ കേട്ടിരുന്നു. ദൈവാലയത്തിന്റെ സമീപത്താണ് വില്‍സന്റെ വീട്. വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് ദൈവാലയത്തോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ദേവസഹായത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് പറയാന്‍ ഈ 77-കാരന് ഏറെ സന്തോഷമാണ്. ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന അനര്‍ഘ നിമിഷത്തിന് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വില്‍സനും ഭാര്യ പുഷ്പവല്ലിയും മക്കളായ ജിജുവും സിബിയും. ചാവല്ലൂര്‍ പൊറ്റ ദൈവാലയത്തില്‍ കോ-ഓര്‍ഡിനേറ്ററായും അക്കൗണ്ടന്റ് ആയും വില്‍സണ്‍ സേവനം ചെയ്തിട്ടുണ്ട്.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?