വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തുമ്പോള്‍ കന്യാകുമാരി ജില്ലയിലെ നട്ടാലം ഗ്രാമത്തിന്റെ സന്തോഷം ഇരട്ടിക്കുകയാണ്. ദേവസഹായത്തിന്റെ ജന്മംകൊണ്ട് നട്ടാലം ലോകപ്രശസ്തിയിലേക്ക് ഉയരുന്നു എന്നതിനൊപ്പം അവര്‍ക്ക് ആനന്ദം പകരുന്ന മറ്റൊന്നുകൂടിയുണ്ട്. ആ പുണ്യപുരുഷനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം നടന്നത് നട്ടാലത്തായിരുന്നു. നട്ടാലത്തുള്ള അധ്യാപക ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവിന് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത സൗഖ്യം മെഡിക്കല്‍ സയന്‍സിന് ഇപ്പോഴും വിശദീകരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്.
2012-ല്‍ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയ സമയത്തായിരുന്നു അധ്യാപകരായ വിനിഫ്രഡും ഹേമയും വിവാഹിതരായത്. അവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറംപകര്‍ന്നുകൊണ്ട് അധികം താമസിയാതെ ഹേമ ഗര്‍ഭിണിയായി. ചില ശാരീരിക പ്രശ്നങ്ങള്‍മൂലം സുഖപ്രസവം നടക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അവരെ അറിയിച്ചു. ദേവസഹായത്തിന്റെ മാധ്യസ്ഥം തേടിയുള്ള പ്രാര്‍ത്ഥന ആ കുടുംബത്തിന് പാരമ്പര്യമായി കൈമാറി കിട്ടിയതായിരുന്നു. ഇങ്ങനെയൊരു കാര്യം ഡോക്ടര്‍മാര്‍ പറഞ്ഞതുമുതല്‍ അവര്‍ തീക്ഷ്ണതയോടെ ദേവസാഹയത്തിന്റെ മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥന ആരംഭിച്ചു. ദേവസഹായത്തിന്റെ അത്ഭുത നീരുറവയില്‍നിന്നുള്ള ജലം വിശ്വാസത്തോടെ കുടിക്കുകയും ചെയ്തു.
എട്ടാം മാസം അവസാനമായപ്പോള്‍ പെട്ടെന്ന് കലശലായ വയറുവേദന അനുഭവപ്പെട്ട ഹേമയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായ ഡോക്ടര്‍മാര്‍ ഉടന്‍ സ്കാന്‍ ചെയ്തു. റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു- അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് മരിച്ചു കിടക്കുന്നു. ഡോക്ടര്‍മാരുടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടെങ്കിലും ആ കുടുംബത്തിന്റെ വിശ്വാസത്തിന് ഇളക്കംതട്ടിയില്ല. ദേവസഹായത്തിന്റെ മാധ്യസ്ഥം തേടി അവര്‍ പ്രാര്‍ത്ഥന ആരംഭിച്ചു. ഒപ്പം അവിടുത്തെ അത്ഭുത നീരുറവയില്‍നിന്നുള്ള വെള്ളം ഹേമയ്ക്ക് കുടിക്കാനും നല്കി. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ഓപ്പറേഷന് തിയേറ്ററില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ ഉദരത്തില്‍ ഒരനക്കം കണ്ടു. ജീവന്റെ ചെറുതുടിപ്പ്. ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ച് അത് ഉറപ്പാക്കി. കുഞ്ഞ് ജീവനോടെയിരിക്കുന്നു! സങ്കടം സന്തോഷത്തിന് വഴിമാറി. നിറമിഴികളോടെ ദൈവത്തിന് നന്ദിപറഞ്ഞവര് ഭവനത്തിലേക്ക് മടങ്ങി. അനുഗ്രഹം അവിടെയും ഒതുങ്ങിനിന്നില്ല. സുഖപ്രസവം അസാധ്യമെന്ന് പറഞ്ഞ വൈദ്യശാസ്ത്രത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് ഒരു മാസത്തിനുശേഷം ഹേമ സാധാരണ പ്രസവത്തിലൂടെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ദേവിന് ജോ എന്നാണ് അവന് പേര് നല്‍കിയത് (ദേവസഹായത്തിന്റെ ആദ്യാക്ഷരങ്ങളാണ് ‘ദേവി’ന്). 2013-ല്‍ പിറന്ന ദേവിന് ജോയ്ക്ക് ഇപ്പോള്‍ ഒമ്പതു വയസ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. നാല് വയസായ ഒരു അനുജത്തികൂടി ദേവിന് ജോയ്ക്ക് കൂട്ടായുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *