Follow Us On

03

July

2022

Sunday

ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം സാക്ഷി; വാഴ്ത്തപ്പെട്ട ദേവസഹായവും ‘ഒൻപത് സുഹൃത്തു’ക്കളും ഇനി നവവിശുദ്ധർ!

ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം സാക്ഷി; വാഴ്ത്തപ്പെട്ട ദേവസഹായവും ‘ഒൻപത് സുഹൃത്തു’ക്കളും ഇനി നവവിശുദ്ധർ!

വത്തിക്കാൻ സിറ്റി: ജീവിതയാത്രയ്ക്കിടയിൽ തിരിച്ചറിഞ്ഞ ക്രിസ്തുസ്‌നേഹം മാറോട് ചേർത്ത, വധശിക്ഷയ്ക്കു മുന്നിൽപ്പോലും പതറാതെ ക്രിസ്തുവിനെ മുറുകെപ്പിടിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇനി വിശുദ്ധൻ. നിരവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായ വത്തിക്കാൻ ചത്വരത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയാണ്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധൻ ദേവസഹായത്തെ ഉൾപ്പെടെ 10 പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയത്. ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതുതായി നാമകരണം ചെയ്യപ്പെട്ട മറ്റു വിശുദ്ധർ.

നവ വിശുദ്ധരുടെ നാട്ടുകാർ ഉൾപ്പെടെ ഏതാണ്ട് അര ലക്ഷം പേരാണ് ഈ തിരുക്കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വത്തിക്കാനിൽ എത്തിയത്. ഇവർക്കൊപ്പം വിവിധ മാധ്യമങ്ങളിലെ
തത്സമയ സംപ്രേഷണത്തിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹവും ഈ ചരിത്രനിമിഷത്തിന് സാക്ഷിയായി. വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ ‘ശാലോം വേൾഡ്’ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 2019 ഒക്ടോബറിൽ സെന്റ് ജോൺ ഹെൻറി ന്യൂമാനും മറ്റ് നാല് പേർക്കും ശേഷം തിരുസഭയിൽ നടന്ന ആദ്യ വിശുദ്ധ പദവി പ്രഖ്യാപനമായിരുന്നു ഇത്.

പരിശുദ്ധാത്മാവിനെ ക്ഷണിക്കുന്ന ‘വേനി ക്രെയാത്തോർ സ്പിരിത്തൂസ്’ എന്ന വിഖ്യാത ഗീതത്തോടെയായിരുന്നു തിരുക്കർമങ്ങളുടെ ആരംഭം. പാപ്പയുടെ ആരോഗ്യനില കണക്കിലെടുത്ത് പ്രാരംഭ പ്രദക്ഷിണം ഒഴിവാക്കി. നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദിനാൾ മർചെല്ലോ സെമെറാറോ, വാഴ്ത്തപ്പെട്ട 10 പേരുടെ ലഘു ജീവചരിത്രം വായിച്ച് അവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തണമെന്ന് പാപ്പയോട് അഭ്യർത്ഥിച്ചു. സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ച ശേഷം പാപ്പ നടത്തിയ പ്രഖ്യാപനത്തെ നീണ്ട കരഘോഷത്തോടെയാണ് ജനം വരവേറ്റത്.

മദ്ബഹയിൽ, നവവിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന പീഠത്തിങ്കലെ ധൂപാർച്ചനയായിരുന്നു അടുത്തഘട്ടം. വിശുദ്ധരുടെ നാടുകളിൽനിന്നുള്ള പ്രതിനിധികളാണ് ദൂപാർച്ചന നടത്തിയത്. ഡി.എം.ഐ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ലളിതയായിരുന്നു ഭാരത സഭാ പ്രതിനിധി. തുടർന്ന് നടത്തിയ വചന പ്രഘോഷണത്തിൽ, ‘വിശുദ്ധി എന്നത് അപ്രാപ്യമായ ഒരു വിദൂരലക്ഷ്യമല്ല,’ എന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു: ‘തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്‌നം നിറവേറ്റിയവരാണ് വിശുദ്ധർ. നമ്മെക്കുറിച്ചും ദൈവത്തിന് ഒരു സ്വപ്‌നമുണ്ട്. ആ സ്വപ്‌നം സന്തോഷത്തോടെ സഫലമാക്കാൻ അനുദിന ജീവിതത്തിൽ നാം ശ്രമിക്കണം.’

ഭാരത സഭയിൽനിന്നുള്ള വിശുദ്ധരുടെ എണ്ണം ഏഴായി ഉയർന്ന അഭിമാന നിമിഷത്തെ ആവേശത്തോടെയാണ് വത്തിക്കാൻ ചത്വരത്തിലെത്തിയ ഭാരത സഭാമക്കൾ വരവേറ്റത്. പേപ്പൽ പതാകകൾക്കൊപ്പം ഇന്ത്യൻ പതാകയും വീണ്ടും വത്തിക്കാനിൽ ചത്വരത്തിൽ ഇടംപിടിച്ചു. വിശ്വാസികളുടെ പ്രാർത്ഥനയിൽ ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയൻ ഭാഷകൾക്കൊപ്പം തമിഴും മുഴങ്ങി. കോയമ്പത്തൂരിൽനിന്നുള്ള ലീമയാണ് ലോകസമാധാനത്തിനു വേണ്ടി തമിഴ് ഭാഷയിൽ പ്രാർത്ഥിച്ചത്. ഗൊൺസാലോ ഗാർഷ്യ, അൽഫോൻസ, ചാവറ കുര്യാക്കോസ്, എവുപ്രാസ്യ, കൊൽക്കത്തയിലെ മദർ തെരേസ, മറിയം ത്രേസ്യ എന്നിവരാണ് മറ്റ് ഭാരതീയ വിശുദ്ധർ.

ബോംബെ ആർച്ച്ബിഷപ്പ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിലാണ് ഭാരത സഭാ പ്രതിനിധികൾ വത്തിക്കാനിൽ എത്തിയത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ എന്നിവരെ കൂടാതെ ഇന്ത്യയിൽന്ന് 22 ബിഷപ്പുമാരും നിരവധി വൈദികരും സന്യസ്തരും ആയിരത്തിലേറെ അൽമായരും തിരുക്കർമങ്ങളിൽ പങ്കെടുത്തു. മന്ത്രി കെ.എസ്. മസ്താനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധി.

ഭാരതസഭയുടെ പ്രഥമ അൽമായ രക്തസാക്ഷി!

1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ (അന്ന് കേരളത്തിന്റെ ഭാഗം) നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു നാമധേയം. തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസം പുൽകിയത്. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം പിടികൂടിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാൻ ദേവസഹായത്തെ പ്രചോദിപ്പിച്ചത്.

ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠ പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങൾ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകർന്നത്. വിശിഷ്യാ, പഴയനിയമത്തിലെ ജോബിന്റെ പുസ്തകം അദ്ദേഹത്തെ സ്പർശിച്ചു. ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠ പിള്ള മാമ്മോദീസ സ്വീകരിക്കാൻ തയാറെടുക്കുകയായിരുന്നു. ഒൻപതു മാസത്തെ വിശ്വാസപരിശീലനത്തിനുശേഷം തിരുവിതാംകൂറിൽ മിഷണറിയായിരുന്ന ഈശോ സഭാ വൈദീകനിൽനിന്ന് 1745 മേയ് 17നാണ് ‘ലാസർ’ എന്നർത്ഥം വരുന്ന ‘ദേവസഹായം’ എന്ന പേരിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്.

തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിള്ളയ്‌ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞ അവർ രാജദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ്ട് നാല് വർഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?