Follow Us On

18

April

2024

Thursday

നൈജീരിയ: ക്രിസ്ത്യൻ പെൺകുട്ടിയെ ഇസ്ലാം മത മൗലീക വാദികൾ ചുട്ടുകൊന്നു; പ്രതികളെ പിടികൂടിയതിനെ തുടർന്ന് ദൈവാലയത്തിനുനേരെ ആക്രമണം

നൈജീരിയ: ക്രിസ്ത്യൻ പെൺകുട്ടിയെ ഇസ്ലാം മത മൗലീക വാദികൾ ചുട്ടുകൊന്നു; പ്രതികളെ പിടികൂടിയതിനെ തുടർന്ന് ദൈവാലയത്തിനുനേരെ ആക്രമണം

സോകോട്ടോ: മതനിന്ദ ആരോപിച്ച് നൈജീരിയയിൽ ക്രിസ്ത്യൻ പെൺകുട്ടിയെ അരുംകൊല ചെയ്തതിന് പിന്നാലെ കത്തോലിക്കാ ദൈവാലയത്തിനുനേരെ അക്രമം അഴിച്ചുവിട്ട് ഇസ്ലാം മത മൗലീക വാദികൾ. ക്രിസ്ത്യൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ രണ്ടുപേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം കലാപ സമാനമായ അക്രമങ്ങളാണ് വടക്കൻ നൈജീരിയയിലെ സോകോട്ടോയിൽ അഴിച്ചുവിട്ടത്. സോകോടോ കത്തോലിക്ക രൂപതയുടെ കത്തീഡ്രൽ ഉൾപ്പെടെ രണ്ട് ദൈവാലയങ്ങൾ അക്രമികൾ തല്ലിത്തകർത്തു.

സോകോടോ മെട്രോപോളിസിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ദബോറ സാമുവൽ എന്ന വിദ്യാർത്ഥിയെ മേയ് 12നാണ് മുസ്ലീം മതസ്ഥരായ ഒരു സംഘം വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് കൊലപ്പെടുത്തിയത്. ഇസ്ലാമിനെ നിന്ദിക്കുന്ന പ്രസ്താവനകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു അക്രമം. സ്‌കൂളിലെ സുരക്ഷാമുറിയിൽ ഒളിച്ച പെൺകുട്ടിയെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ചശേഷം മർദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കെട്ടിടം ഉൾപ്പെടെ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

കൊലപാതകത്തിന് നേതൃത്വം നൽകിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തതോടെ പ്രദേശത്തെ ഒരുകൂട്ടം മുസ്ലീം മതസ്ഥരും വിദ്യാർത്ഥികളും സംഘടിച്ചെത്തി ദൈവാലയങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോളി ഫാമിലി കത്തീഡ്രൽ, ഗിദാൻ ഡെയർ ഏരിയയിലെ സെന്റ് കെവിൻ ദൈവാലയം എന്നിവയാണ് അക്രമിക്കപ്പെട്ടത്. ബിഷപ്പ് ഹൗസിന്റെ ചില്ലുകൾ നശിപ്പിക്കുകയും ദൈവാലയ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം അടിച്ചു തകർക്കുകയും ചെയ്തു.

സെന്റ് കെവിൻ ദൈവാലയ പരിസരത്ത് നിർമാണത്തിലിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിനു നേരെയും ആക്രമണമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ ചിതറിച്ചത്. അക്രമം വ്യാപിക്കുന്നത് തടയാൻ പ്രദേശത്ത് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. സംയമനം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച സോകോടോ ബിഷപ്പ് മാത്യു ഹസൻ കുക്ക, കുറ്റകൃത്യത്തിന്റെ പ്രേരണ എന്തുതന്നെയായാലും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കുറ്റവാളികൾക്ക് ഉറപ്പാക്കണമെന്ന് ബിഷപ്പ് മാത്യു ഹസൻ കുക്ക ആവശ്യപ്പെട്ടു.

‘കൊലപാതകത്തിന് മതവുമായി ബന്ധമില്ല. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും വർഷങ്ങളായി ഇവിടെ സമാധാനപരമായി ജീവിക്കുകയാണ്. ഇത് ഒരു ക്രിമിനൽ നടപടിയാണ്. വിശ്വാസികൾ വിഷയത്തിൽ വൈകാരികമായി പ്രതികരിക്കരുത്.’ കർഫ്യൂ പിൻവലിക്കുംവരെ സോകോട്ടോ മെട്രോപോളിസിലെ ദൈവാലയങ്ങളിൽ ദിവ്യബലി അർപ്പണം താൽക്കാലികമായി നിർത്തിവെക്കുന്നതായും അദ്ദേഹം അറിയിച്ചു.

നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സൊകോട്ടോ മുസ്ലീം ഭൂരിപക്ഷ നഗരമാണെങ്കിലും അത്രതന്നെ തുല്യമായ ക്രിസ്ത്യൻ പ്രാതിനിധ്യവും അവിടുണ്ട്. ബോക്കോ ഹറാം, ഫുലാനി മിലിഷ്യ എന്നീ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയുള്ള പ്രദേശമാണിവിടം. എന്നാൽ, ജനക്കൂട്ടത്തിന്റെ സംഘടിതമായ ആക്രമണങ്ങൾ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ, മേഖലയിൽ ഇസ്ലാമിക മതമൗലീക വാദം ശക്തിയാർജിക്കുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ സംഭവങ്ങൾ നിരീക്ഷപ്പെടുന്നുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?