കീവ്: യുക്രൈനിൽ റഷ്യൻ ഭരണകൂടം നടത്തുന്നത് വംശഹത്യയാണെന്നും സഭയ്ക്ക് നിക്ഷ്പക്ഷത പാലിക്കാനാവില്ലെന്നും ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതി. റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, അവിടത്തെ ജനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുക്രേനിയൻ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷേവ്ചുക്കിന് അയച്ച കത്തിലാണ് ഓസ്ട്രേലിയൻ മെത്രാൻ സമിതി ഇപ്രകാരം വ്യക്തമാക്കിയത്. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ഓസ്ട്രേലിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ് ചൂണ്ടിക്കാട്ടി.
‘ഇത് ഒരു വിദൂര രാജ്യത്തിലെ പ്രാദേശിക സംഘർഷം മാത്രമല്ല. ഇത് യൂറോപ്പിനും ലോകത്തിനാകമാനവും ഓസ്ട്രേലിയയ്ക്കുപോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ജനാധിപത്യത്തിനുവേണ്ടി സ്വേച്ഛാധിപത്യത്തിനെതിരെ നടത്തുന്ന പോരാട്ടം മാത്രമല്ല; ഇത് സ്വാതന്ത്ര്യത്തിനു വേണ്ടി അടിമത്തത്തിനെതിരായ പോരാട്ടമാണ്, അസത്യത്തിനെതിരെ സത്യത്തിനുവേണ്ടി, മരണത്തിനെതിരെ ജീവിതത്തിനുവേണ്ടി, തിന്മയ്ക്കെതിരെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. അപ്രകാരമൊരു പോരാട്ടത്തിൽ, സഭയ്ക്ക് നിഷ്പക്ഷരാവാനാവില്ല. അതിനാലാണ് നിങ്ങളോടും നിങ്ങളുടെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞങ്ങൾ ഈ കത്തെഴുതുന്നത്,’ ഓസ്ട്രേലിയൻ മെത്രാൻ സമിതി വ്യക്തമാക്കി.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ വംശഹത്യ എന്നുതന്നെയാണ് റഷ്യൻ ബിഷപ്പുമാർ വിളിക്കുന്നത്. യുക്രൈന്റെ നിലനിൽപ്പിനുള്ള അവകാശം നിഷേധിക്കുന്ന പഴയ മാതൃകയുമായി പൊരുത്തപ്പെടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. എന്നാൽ, തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുകൊണ്ട് യുക്രൈൻ നിലനിൽക്കുന്നു. ആക്രമണകാരിയെ യുക്രേനിയൻ ജനത എതിർക്കുമ്പോൾ അതേ അദമ്യമായ മനോഭാവം ഇപ്പോഴും പ്രകടമാണ്. അത് പ്രചോദനാത്മകവുമാണ്.
യുക്രേനിയൻ ജനതയ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രാർത്ഥിച്ചുകൊണ്ട് മെത്രാൻ സമിതി കത്ത് ചുരുക്കുന്നത്: ‘മുൻകാലങ്ങളിലേതു പോലെ ദൈവമാതാവ് യുക്രൈനെ സംരക്ഷിക്കണമെന്ന് ഞങ്ങൾ പൂർണഹൃദയത്തോടെ പ്രാർത്ഥിക്കുന്നു. അമ്മയുടെ ഉത്ഥിതനായ പുത്രന്റെ ശക്തിയാൽ യുക്രേനിയൻ ജനത ഇരുട്ടിന്റെ ആക്രമണത്തെ പരാജയപ്പെടുത്തട്ടെ. സത്യവും സ്വാതന്ത്ര്യവും ജീവിതവും വിജയിക്കട്ടെ.’ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 250ൽപ്പരം കുട്ടികൾ ഉൾപ്പെടെ ഏതാണ്ട് 4000 പേരാണ് യുക്രൈനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 14 മില്യൺ ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. ഇതിൽ ഒന്നര മില്യൺ കുട്ടികളും ഉൾപ്പെടും.
Leave a Comment
Your email address will not be published. Required fields are marked with *