എറണാകുളം: കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്. കേരളം മഹത്തായ മതേതര സംസ്കാരം പുലര്‍ത്തി വന്നിരുന്ന സമൂഹമാണ്. എന്നാല്‍ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ അകലം വര്‍ധിച്ചുവരികയാണ്.
ഈ സാഹചര്യത്തില്‍ സമുദായസൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചാരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാര്പോലും ശ്രമിക്കുന്നത്. ഇത്തരത്തില്‍ താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയമാണെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന് യോഗം വ്യക്തമാക്കി.
പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദഭീഷണികള്‍, സ്ത്രീകളും കുട്ടികളും കെണിയില്പെടുന്ന സാഹചര്യങ്ങള്‍, കള്ളപ്പണം- മയക്കുമരുന്നുവ്യാപനം, ന്യൂനപക്ഷ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങള്‍ മുതലായവ മുന്‍വിധിയോടെയല്ലാത്ത ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി ന്യായവും നീതിപൂര്‍വകവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാര്‍ദം യാഥാര്‍ത്ഥ്യമാവുകയുള്ളൂ; യോഗം വ്യക്തമാക്കി.
ഭൂരിപക്ഷവര്‍ഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളിപറഞ്ഞുകൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാര്‍ത്ഥശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന് യോഗം ആവശ്യപ്പെട്ടു.
സീറോമലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, കമ്മീഷന് അംഗങ്ങളായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറി ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബന്ധിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *