വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ നിർദേശ പ്രകാരം വത്തിക്കാൻ വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഘർ യുക്രൈനിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള പേപ്പൽ ചർച്ചയ്ക്ക് വഴിയൊരുക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രേനിയൻ തലസ്ഥാനമായ കീവിലെത്തി യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി മേയ് 20നാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. ഈസ്റ്ററിനു മുമ്പേതന്നെ ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും ആർച്ച്ബിഷപ്പ് ഗല്ലാഘർ കോവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മേയ് 18ന് ലിവിലെത്തുന്ന ആർച്ച്ബിഷപ്പ് അഭയാർത്ഥികളുമായും പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് കീവിലെത്തുന്ന അദ്ദേഹം, റഷ്യൻ ആക്രമണത്തിന് ഇരയായ സ്ഥലങ്ങളും സന്ദർശിക്കും. യുക്രൈനുമായി വത്തിക്കാൻ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 30-ാം വാർഷികത്തിൽ നടത്തുന്ന ഈ സന്ദർശനം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംവാദത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ട്വീറ്റ് ചെയ്തു.
രക്തസാക്ഷികളായ യുക്രേനിയൻ ജനതയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി, റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം സജീവമായി നിലനിർത്താൻ പരിശുദ്ധ സിംഹാസനം നടത്തുന്ന ശ്രദ്ധേയ നീക്കമാണ് ഈ യാത്ര. യുക്രേനിയൻ ദൗത്യവുമായി ബന്ധപ്പെട്ട് പാപ്പ നിയോഗിക്കുന്ന മൂന്നാമത്തെ പ്രതിനിധിയാണ് ആർച്ച്ബിഷപ്പ് ഗല്ലാഹർ. അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യുക്രൈനിലേക്കും അയൽ രാജ്യങ്ങളിലേക്കും മുമ്പ് രണ്ട് പ്രതിനിധികളെ പാപ്പ നിയോഗിച്ചിരുന്നു.
പ്രമുഖ ഇറ്റാലിയൻ ദിനപത്രമായ ‘കൊറിയേറെ ദേല്ല സേര’യ്ക്ക് മേയ് ആദ്യം അനുവദിച്ച അഭിമുഖത്തിലാണ്, യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കാൻ റഷ്യൻ തലസ്ഥാനമായ മോസ്ക്കോയിലെത്തി പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത പാപ്പ പരസ്യമാക്കിയത്. പുടിനുമായുള്ള ചർച്ചയ്ക്ക് നാളുകൾക്കുമുമ്പേ, വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ മുഖേന അതിനുള്ള ശ്രമം ആരംഭിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *