Follow Us On

03

July

2022

Sunday

കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചതിലാണ് ഏറ്റവും വലിയ അഭിമാനം: സിനിമാതാരം സിജോയ് വർഗീസ്

സച്ചിൻ എട്ടിയിൽ

കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചതിലാണ് ഏറ്റവും വലിയ അഭിമാനം: സിനിമാതാരം സിജോയ് വർഗീസ്

ജീവിതത്തിൽ എന്തെല്ലാം നേടാനാകും എന്നതല്ല, ഒരു കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചു എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അഭിമാനമെന്ന് സാക്ഷിച്ച്‌ പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ്. ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ പിതാവുകൂടിയായ സിജോയ് വർഗീസ്.

കത്തോലിക്കാ വിശ്വാസത്തിന്റെ വിശുദ്ധിയും പാരമ്പര്യവും നന്മയും ജന്മനാ കിട്ടിയതിന്റെ സന്തോഷത്തിലാണ് താൻ ജീവിക്കുന്നതെന്നും സിജോയ് പറഞ്ഞു. തന്റെ 16-ാം വയസിൽ മാതാപിതാക്കൾക്ക് സംഭവിച്ച വാഹനാപകടത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. അപകടത്തിൽ സിജോയ് വർഗീസിന്റെ അമ്മ മരണപ്പെടുകയും പിതാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

‘എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന ചിന്ത ഞങ്ങളെ അസ്വസ്ഥരാക്കി. ഈ ദിനങ്ങളിൽ കന്യാസ്ത്രീകൂടിയായ, പിതാവിന്റെ സഹോദരിയാണ് എന്നെയും സഹോദരങ്ങളെയും ശക്തിപ്പെടുത്തിയത്. വിശുദ്ധരെല്ലാം ജീവിത വിശുദ്ധി നേടിയത് കടുത്ത സഹനത്തിലൂടെയാണെന്ന സിസ്റ്ററിന്റെ വാക്കുകളാണ് മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായത്,’ തകർന്നുപോകുമായിരുന്ന ജീവിതങ്ങൾ ദൈവത്തോട് ചേർന്നുനിന്നതുകൊണ്ടു മാത്രമാണ് തിരിച്ചുപിടിക്കാനായതെന്നും സിജോയ് കൂട്ടിച്ചേർത്തു.

ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനായിരുന്നു, രൂപതയിലെ എല്ലാ സംഘടനകളെയും സംയോജിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടകൻ. പ്രശസ്ത പൾമനോളജിസ്റ്റും അറിയപ്പെടുന്ന പ്രോ ലൈഫ് പ്രവർത്തകനുമായ ഡോ. അബ്രാഹം ജോസഫ് ക്ലാസ് നയിച്ചു. മാർ പോളി കണ്ണൂക്കാടന്റെ ഷഷ്ഠിപൂർത്തി സ്മരണയ്ക്കായി കഴിഞ്ഞ വർഷമാണ് ഇരിങ്ങാലക്കുട രൂപതയിൽ ‘പ്രോ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്’ പ്രവർത്തനമാരംഭിച്ചത്. കൂടുതൽ മക്കളെ സ്വീകരിക്കാൻ ദമ്പതികളെ പ്രോത്‌സാഹിപ്പിക്കുക, കൂടുതൽ മക്കളുള്ള കുടുംബങ്ങളെ സഹായിക്കുക എന്നിവയാണ് ‘പ്രോ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ലക്ഷ്യങ്ങൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?