Follow Us On

03

July

2022

Sunday

ജന ഗണ മനയിലെ പരിചിത മുഖങ്ങള്‍

ജന ഗണ മനയിലെ പരിചിത  മുഖങ്ങള്‍

– വിനോദ് നെല്ലയ്ക്കല്‍
നായക – വില്ലന്‍ സങ്കല്‍പ്പങ്ങള്‍ വിട്ട് വ്യവസ്ഥിതിയുടെ അപചയങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാന്‍ ചിലരെങ്കിലും മുന്നോട്ടുവരുന്നു എന്നൊരാശ്വാസം സമീപകാല മലയാളസിനിമകളില്‍ ചിലത് നല്‍കുന്നുണ്ട്. സാംസ്‌കാരികാപചയവും വര്‍ഗീയ ധ്രുവീകരണവും അഴിമതിയും സ്വജനപക്ഷപാതവും തുടങ്ങി ഒരു സമൂഹത്തെ തകര്‍ക്കാന്‍ എന്തൊക്കെ വേണമോ അതിന്റെയെല്ലാം ഉന്നതിയിലെത്തി എന്ന് തോന്നുമാറ് വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാധാരണക്കാരായ മലയാളികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ അനുഭവങ്ങളും കാഴ്ചകളും വിരളമാണ്. പലരും പലതും അറിയുന്നുവെങ്കിലും ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തവിധം സാമൂഹികതിന്മകള്‍ സമൂഹത്തില്‍ വേരാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ നേര്‍ക്കാഴ്ചകളാകുമ്പോള്‍ പലരും നിരാശരാകുന്നു. ആ ഒരു വലിയ വിഭാഗത്തിന് സിനിമകളിലൂടെയുള്ള ഇത്തരം ചോദ്യംചെയ്യലുകള്‍ തെല്ല് ആശ്വാസം പകരുന്നുണ്ട് എന്ന് തീര്‍ച്ച.

ഈ കാലഘട്ടത്തെ ഏറെക്കുറെ വരച്ചുകാണിക്കുന്ന ചില സിനിമകള്‍ കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. മാധ്യമ രംഗത്തെ അപചയങ്ങള്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ച, ആഷിക് അബു സംവിധാനം ചെയ്ത ‘നാരദന്‍’, രാഷ്ട്രീയ രംഗത്തെ ആനുകാലിക പ്രവണതകള്‍ അവതരിപ്പിച്ച വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. ഒടുവില്‍ റിലീസ് ആയ ‘ജന ഗണ മന’ എന്ന ചലച്ചിത്രവും ഈ ശ്രേണിയിലേക്കാണ് കടന്നുവന്നിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ട് രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന വിവിധ ശക്തികളെ തുറന്നുകാണിക്കാന്‍ കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്, സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും സഹപ്രവര്‍ത്തകരും.

മാധ്യമങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന പൊതുബോധങ്ങളും, മാധ്യമങ്ങളുടെ ആ സാധ്യതയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ട് നീതിന്യായ വ്യവസ്ഥിതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളും ജന ഗണ മനയിലെ പ്രധാന പരാമര്‍ശവിഷയങ്ങളാണ്. അനീതിക്കും അതിക്രമങ്ങള്‍ക്കും കാപട്യത്തിനും എതിരെയുള്ള ഒരു ഉറച്ച ശബ്ദമായി ഈ ചലച്ചിത്രത്തെ വായിക്കുന്നതില്‍ തെറ്റില്ല. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ വിവാദങ്ങള്‍ ചര്‍ച്ചകളുമാവുകയും, അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ചില വിഷയങ്ങളെ പരാമര്‍ശവിധേയമാക്കുന്നതോടൊപ്പം അവയ്ക്കെല്ലാം പിന്നില്‍ മറഞ്ഞിരിക്കുന്ന ചില അദൃശ്യകരങ്ങളെക്കുറിച്ചുള്ള ജാഗ്രതാ നിര്‍ദ്ദേശം സമൂഹത്തിന് നല്‍കുകയും ചെയ്യാന്‍ പിന്നണിപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരിക്കുന്നു.

ചങ്കില്‍ തറയ്ക്കുന്നതും ഇരുത്തി ചിന്തിക്കേണ്ടതുമായ ചില വാചകങ്ങള്‍ സിനിമയില്‍ ആദ്യന്തമുണ്ട്. എല്ലാം വ്യവസ്ഥിതികളാല്‍ മണ്ടന്മാരാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ശരാശരി ഇന്ത്യന്‍ പൗരന്മാരോടുള്ളതാണ്. ‘നോട്ടു നിരോധിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ വോട്ട് നിരോധിക്കാനുമാവും’ എന്ന വെല്ലുവിളി ഉദാഹരണമാണ്. കാഴ്ചയ്ക്കപ്പുറവും, കേഴ്‌വികള്‍ക്കും ആഖ്യാനങ്ങള്‍ക്കും അപ്പുറവുമുള്ള സ്വതന്ത്രമായൊരു വീക്ഷണം അനിവാര്യമാണെന്ന് ഈ സിനിമ കാഴ്ചക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗീയ വിഷം പ്രസരിപ്പിച്ച് ഒരുവിഭാഗത്തെ അടിമകളാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ശക്തികളും, അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത മറ്റൊരു വര്‍ഗവും, മേല്പറഞ്ഞവരുടെ തണലില്‍ നിര്‍വിഘ്‌നം വിഹരിക്കുന്ന, ആരെയും ഭയമില്ലാത്തവരും എന്തും ചെയ്യാന്‍ മടിയില്ലാത്തവരുമായ മറ്റൊരു വിഭാഗവും ഇതിലുണ്ട്. പണവും അധികാരവും കയ്യാളുന്നവര്‍ക്കുവേണ്ടി വാര്‍ത്തകളും വിവാദങ്ങളും കൃത്രിമമായി സൃഷ്ടിക്കുകയും ജനങ്ങളെ ഇളക്കിവിട്ട് കലാപമുണ്ടാക്കുകയും, യഥാര്‍ത്ഥ വാര്‍ത്തകളെ തമസ്‌കരിച്ച് അര്‍ഹിക്കുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുകൊണ്ട് തെറ്റായ ദിശയിലേക്ക് സമൂഹത്തെ നയിക്കുന്ന മാധ്യമങ്ങളാണ് പ്രധാനപ്പെട്ട മറ്റൊരു പരാമര്‍ശ വിഷയം.

നായകനും വില്ലനുമായി വേര്‍തിരിക്കാന്‍ കഴിയാത്ത ഈ സിനിമയിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങള്‍ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അധികാരം കരസ്ഥമാക്കാനും നിലനിര്‍ത്താനുമായി എന്തിനും മടിക്കാത്ത ഒരു വിഭാഗത്തിന് മുന്നില്‍ തോറ്റുപോകുന്ന രണ്ടുപേര്‍. വ്യവസ്ഥിതികളാല്‍ പരുവപ്പെട്ട് അത്തരക്കാര്‍ക്കുവേണ്ടി പലതും ചെയ്തുകൊടുക്കേണ്ടിവരികയും ഒടുവില്‍ തോല്‍വികള്‍ പലവിധത്തില്‍ കണ്മുന്നിലെത്തിയപ്പോള്‍ അടിയറവുവയ്ക്കുകയും ചെയ്യുന്നയാളാണ് ആദ്യത്തെയാള്‍. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതിനാല്‍ വലിയ തകര്‍ച്ചകള്‍ ഏറ്റുവാങ്ങേണ്ടിവന്നയാളാണ് രണ്ടാമത്തെയാള്‍. ഈ സമൂഹത്തില്‍ നാം പലപ്പോഴും പലയിടങ്ങളിലും കണ്ടുമറന്നിട്ടുള്ള ചില മുഖങ്ങളുമായുള്ള സാമ്യം ഇരു കഥാപാത്രങ്ങള്‍ക്കും മാത്രമല്ല, ഈ സിനിമയില്‍ ആദ്യന്തമുള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും തോന്നാം. ചില മുഖങ്ങള്‍ തിയേറ്റര്‍ വിട്ടിറങ്ങിയാലും നമ്മെ പിന്തുടരുമെന്നും തീര്‍ച്ച.

അധികാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള കലാപങ്ങള്‍ മുതല്‍ കലാലയങ്ങളില്‍ ബലിയാടുകളായിട്ടുള്ള അനേകര്‍ വരെയും, നിഷ്‌കരുണം എഴുതിത്തള്ളപ്പെടുന്ന നിരാലംബരും നിരാശ്രയരും മുതല്‍, മരണക്കയങ്ങളില്‍ ചവിട്ടിത്താഴ്ത്തപ്പെടുന്ന വിടരാത്ത പൂമൊട്ടുകള്‍ വരെയുള്ള അനേകരും, ജാതി-മത-വര്‍ണ-വര്‍ഗ വേര്‍തിരിവുകള്‍ മൂലം സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന അനേകരുടെ സ്വപ്‌നങ്ങളും സിനിമയില്‍ പരാമര്‍ശ വിധേയമാകുന്നു. എക്കാലവും വലുതും ചെറുതുമായ വാര്‍ത്തകളായിക്കൊണ്ടിരിക്കുന്നതും, അതിലുമേറെ ആരുമറിയാതെ പോകുന്നതുമായ നിരവധി സംഭവങ്ങളെ ഓര്‍മിപ്പിക്കും വിധത്തിലുള്ള ഒരു റേപ്പ് വിക്ടിമിന്റെ കഥയില്‍നിന്നും ആരംഭിക്കുന്ന സിനിമ, സമൂഹത്തിന്റെ അപനിര്‍മ്മിതിക്ക് ചുക്കാന്‍ പിടിക്കുന്ന കപട രാഷ്ട്രീയത്തിന് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന സന്ദേശത്തിലാണ് അവസാനിക്കുന്നത്.

രണ്ടര മണിക്കൂര്‍കൊണ്ട് പറഞ്ഞവസാനിപ്പിക്കാന്‍ എളുപ്പമല്ലാത്ത ഒരുപിടി വിഷയങ്ങളെ ഏറ്റെടുക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. വിഷയപശ്ചാത്തലങ്ങള്‍ അതര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നതിനാല്‍ത്തന്നെ ഈ ചലച്ചിത്രത്തെ ഒരു കുടുംബ ചിത്രമെന്നോ കുട്ടികള്‍ക്ക് കാണാനാവുന്നതെന്നോ വിലയിരുത്താനാവില്ല. സാമൂഹിക പ്രതിബദ്ധതയും ചിന്താശേഷിയും രാഷ്ട്രീയ പ്രബുദ്ധതയും ആര്‍ക്കും പണയംവയ്ക്കാന്‍ മനസില്ലാത്ത ഇനിയും അവശേഷിക്കുന്ന ഒരു വലിയ വിഭാഗത്തിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതാണ് ഈ സിനിമ. പോരായ്മകള്‍ തീരെയുമില്ലെന്ന് പറയാനാവില്ലെങ്കിലും അതിസങ്കീര്‍ണ്ണമായ ഒരു പ്രമേയത്തെ ശക്തവും സ്വീകാര്യവുമായ ഒരു ചലച്ചിത്രമാക്കി ഒരുക്കിയെടുത്ത സംവിധായകനും സഹപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?