Follow Us On

03

July

2022

Sunday

മറന്നുവച്ച സയന്റിഫിക് കാല്‍ക്കുലേറ്ററുകള്‍

മറന്നുവച്ച സയന്റിഫിക് കാല്‍ക്കുലേറ്ററുകള്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രഫസറാണ്).

നിങ്ങള്‍ പശുവിന് പുല്ലരിയാന്‍ പോയിട്ടുണ്ടോ?
പുലര്‍ച്ചെയെണീറ്റ് വീട്ടിലെ പശുവിന്റെ പാല്‍ വീടുകളില്‍ കൊണ്ട് കൊടുത്തിട്ടുണ്ടോ?
പശുവിനെ കുളിപ്പിക്കുകയോ തൊഴുത്തില്‍ നിന്നും ചാണകം വാരുകയോ ചെയ്തിട്ടുണ്ടോ?
കൃഷിസ്ഥലത്തേക്ക് ചാണകപ്പൊടിയും വളവും ചുമന്നുകൊണ്ടു പോയിട്ടുണ്ടോ?
അവധിക്കാലങ്ങളില്‍ കെട്ടിട നിര്‍മാണപ്പണികള്‍ക്ക് പോയിട്ടുണ്ടോ?

ഇപ്പോഴത്തെ വിദ്യാര്‍ത്ഥി-ഉദ്യോഗാര്‍ത്ഥികളില്‍ അധികവും ഇതൊന്നും ചെയ്തു കാണാനിടയില്ല. ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്തും കോളജ് വിദ്യാഭ്യാസ കാലത്തും. എന്തിന്, ബിരുദാനന്തര ബിരുദ പഠനത്തിനിടയിലും അഭിമാനത്തോടെ ഈ പണികള്‍ ചെയ്തിട്ടുണ്ട്. എന്റെ തലമുറയിലെ കുറെയേറെപ്പേര്‍ ഇത്തരത്തില്‍ ആവുംവിധം പഠന കാലത്തു തന്നെ സ്വയം പര്യാപ്തരാകാന്‍ ശ്രമിച്ചിരുന്നു. പുതിയ തലമുറ ഇതേപടി ചെയ്യണമെന്നല്ല ഞാനുദ്ദേശിച്ചത്. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന പലര്‍ക്കും ഇങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നുവെന്ന് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ്.

ഞാനൊരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയുടെയും, ഒപ്പം കര്‍ഷകന്‍ കൂടിയായ പിതാവിന്റെയും മകനാണ്. എന്നും രാവിലെ ജോലിയ്ക്കു പോയി അതോടൊപ്പം കോള്‍പ്പാടത്തെ നെല്‍കൃഷിയും ചെയ്തിരുന്ന സാധാരണക്കാരനായിരുന്നു എന്റെ പിതാവ്. പട്ടിണി കിടക്കേണ്ടിവന്നിട്ടില്ലെങ്കിലും വളരെ സാധാരണ കുടുംബ പശ്ചാത്തലമായതിനാല്‍ ആവശ്യങ്ങള്‍ വീട്ടില്‍പ്പറയാന്‍ ഒരു പരിധിവരെ മടിയായിരുന്നു. അപ്പച്ചന്റെ കൂട്ടത്തിലുള്ള മിക്കവരുടെയും മക്കളൊക്കെ ചെറുപ്രായത്തില്‍ പലവിധ ജോലികളിലേര്‍പ്പെട്ട് വരുമാനമുള്ളവരായപ്പോഴും എന്നെയും ഇപ്പോള്‍ വൈദികനായി സേവനം ചെയ്യുന്ന ചേട്ടനെയും പഠിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുമായിരുന്നു ഞങ്ങളുടെ പിതാവ്. ബന്ധുവീടുകളിലും മറ്റും ആഘോഷങ്ങള്‍ക്കൊക്കെപ്പോകുമ്പോള്‍ അവരില്‍ പലരും ‘നിനക്കു വല്ല ഭ്രാന്തുമുണ്ടോ? ജോസേ, ആണ്‍പിള്ളേരെ ഇങ്ങനെ പഠിപ്പിക്കാന്‍’ എന്നു ചോദിക്കുമ്പോഴൊക്കെ പുഞ്ചിരിച്ചുക്കൊണ്ട് ‘അവര്‍ പഠിക്കട്ടെ’ എന്നു പറയുന്ന അപ്പച്ചന്റെയും അമ്മച്ചിയുടെയും മുഖങ്ങള്‍ ഇപ്പോഴും എന്റെ കണ്ണില്‍നിന്നു മാഞ്ഞിട്ടില്ല. ഇത് എന്നിലുണ്ടാക്കിയ ഉത്തരവാദിത്വബോധമാണ് ഇന്നായിരിക്കുന്ന ഞാന്‍.

ബിരുദ പഠന സമയത്ത് ഒരു സയന്റിഫിക് കാല്‍ക്കുലേറ്റര്‍ വേണമെന്ന് അപ്പച്ചനോട് പറഞ്ഞപ്പോള്‍ അത്യാവശ്യമാണോ എന്നായിരുന്നു അപ്പച്ചന്റെ മറുചോദ്യം. മാതാപിതാക്കളില്‍ നിന്നും അത്തരം ചോദ്യങ്ങള്‍ ഇന്നില്ലാതെ പോകുന്നതും നിയന്ത്രണമില്ലാത്തവിധം പണം നല്‍കുന്നതുമാണ് വിദ്യാര്‍ത്ഥികളുടെ ധാരാളിത്തത്തിന്റെ കാരണം. സാങ്കേതികതയുടെ മാസ്മരികതയിലും, ഊബറിലും സ്വിഗിയിലും സൊമാറ്റോയിലും ആസ്വാദന മികവോടെ വ്യാപരിക്കുന്ന അവരെ, അങ്ങനെയാക്കുന്നതില്‍ മാതാപിതാക്കളുടെ ശൈലി ഉണ്ടെന്നതും പറയാതെ വയ്യ.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളജില്‍ രണ്ടു വര്‍ഷക്കാലം ജോലി ചെയ്തിട്ടുണ്ട്. ആറു ബാച്ചുകളിലായി 300 വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം പഠിച്ചിറങ്ങുന്ന അവിടുത്തെ എഞ്ചിനീയറിംഗ് ഫിസിക്‌സ് ലാബില്‍ ഒരു മാസം ശരാശരി 10 സയന്റിഫിക് കാല്‍ക്കുലേറ്ററുകളെങ്കിലും വിദ്യാര്‍ത്ഥികള്‍ മറന്നുവയ്ക്കാറുണ്ട്. രണ്ടോ മൂന്നോ പേരൊഴികെ മറ്റാരും അന്വേഷിച്ചുവരുന്നതായി ആ രണ്ടു വര്‍ഷക്കാലവും കണ്ടിട്ടില്ല. ഒരിക്കല്‍ രണ്ടുപവനോളം വരുന്ന കൈച്ചെയില്‍ വീണുകിട്ടിയത് ഒരാഴ്ചയോളം എച്ച്ഒഡിയെ സൂക്ഷിക്കാനേല്‍പ്പിച്ചിട്ട് ആരും അന്വേഷിച്ച് വന്നില്ല. ഒടുവില്‍ കോളജ് പ്രിന്‍സിപ്പല്‍ അനൗണ്‍സ് ചെയ്തിട്ടുപോലും ആഭരണത്തിന്റെ ഉടമസ്ഥയായ പെണ്‍കുട്ടി ഒരാഴ്ച കൂടി കഴിഞ്ഞാണ് വന്നത്. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷത്തില്‍ കോളജില്‍ നിന്നും പോകുന്ന വിനോദയാത്രയില്‍ പങ്കെടുക്കാനാഗ്രഹിക്കുകയും അവസാന നിമിഷം വരെയുള്ള അനിശ്ചിതത്വത്തിനൊടുവില്‍ വീട്ടില്‍ നിന്നും അനുമതി ലഭിച്ചപ്പോഴുണ്ടായ അനുഭൂതിയൊന്നും വിനോദയാത്ര എന്നു പറയുമ്പോള്‍ തന്നെ മൊത്തം പാക്കേജിന് 5,000 രൂപ മതിയാകില്ലേയെന്നു ചോദിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്കുണ്ടായെന്നും വരില്ല.

കലാലയങ്ങളില്‍ അത്യാഢംബര പ്രവണതകളും ഒപ്പം ലഹരിയുടെ ഉപയോഗവും കൂടി വരുന്നത് ശുഭകരമല്ല. 100 ഉം 150 ഉം സിലിണ്ടര്‍ കപ്പാസിറ്റിയുളള ബൈക്കുകളില്‍ നിന്നും 350 ഉം 500 ഉം സിസിയില്‍ ചിറിപ്പായുന്ന ഇരുചക്രവാഹനങ്ങളെ പുല്‍കിയ യുവതലമുറയെ തിരുത്തുകയെന്നത് സമൂഹം നേരിടുന്ന വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കലാലയങ്ങളിലേക്ക് ലഹരി മാഫിയ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് കാണാതെ പോകരുത്. കരിയറുകള്‍ തിരഞ്ഞെടുക്കാന്‍ പുതുതലമുറ പരാജയപ്പെടുന്നത് പഠനവിധേയമാക്കേണ്ടതാണ്.

ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിലെ വിമുഖത ഇന്നത്തെ യുവത്വത്തിന്റെ പ്രശ്‌നമാണ്. ഒരു പരിധിവരെ മാതാപിതാക്കള്‍ കൂടിയാണിതിന്റെ ഉത്തരവാദികള്‍. പ്ലസ് വണ്‍ അഡ്മിഷന്‍ മാത്രമല്ല; പ്രായപൂര്‍ത്തിയായ മക്കളുടെ ബിരുദ പ്രവേശത്തിനുള്ള അപേക്ഷാ ഫോം പോലും മാതാപിതാക്കള്‍ പൂരിപ്പിക്കുന്ന രീതി വ്യാപകമായി കാണുന്നു. ഏത് കോഴ്‌സിന്? എവിടെ? ചേരണമെന്നത് കുട്ടികളുടെ ആഗ്രഹവും സ്വപ്‌നവുമെന്നതിനപ്പുറം പലപ്പോഴും മാതാപിതാക്കളുടെ മാത്രം ആഗ്രഹവും ഉത്തരവാദിത്വവും ചിലപ്പോള്‍ നിര്‍ബന്ധവുമാകുന്നു. കൂട്ടിലടക്കപ്പെട്ട ബ്രോയിലര്‍ കോഴി കണക്കെ കേവലം മാംസവും തൂക്കവും മജ്ജയുമുള്ള മക്കളെയല്ല; വകതിരിവും തീരുമാനങ്ങളെടുക്കാനും പ്രാപ്തിയുള്ള യുവത്വത്തെയാണ് ആവശ്യം. ലക്ഷ്യബോധത്തിലും സ്വയംപര്യാപ്തതയിലും മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കണം.

സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒന്നര ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കോളജില്‍ വരുന്ന ന്യൂജെനറേഷന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഇന്നത്തെ കാമ്പസിന്റെ മുഖങ്ങള്‍. ഒഴിവു ദിവസങ്ങളില്‍ കാറ്ററിംഗ് ഉള്‍പ്പടെയുളള രംഗങ്ങളില്‍ സജീവമായിട്ടുള്ളവരും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരും അവരുടെ കൂടെ ഉണ്ടെന്നത് അഭിമാനകരം തന്നെ. നന്മയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മുകുളങ്ങളാണവര്‍. ആ ന്യൂനപക്ഷത്തെ അംഗീകരിക്കാനും സ്‌നേഹിക്കാനും അവരുടെ നന്മയെ ആദരിക്കാനുമുള്ള മഹാമനസ്‌കതയും നമുക്ക് ഉണ്ടാകണം.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?