Follow Us On

01

December

2022

Thursday

വിശ്വാസീസമൂഹത്തിന് പാപ്പയുടെ ക്ഷണം: ‘ഒരുമിച്ചു നടക്കാം’

സോണി ജെ. മാത്യു സി.എം.ഐ

വിശ്വാസീസമൂഹത്തിന് പാപ്പയുടെ ക്ഷണം: ‘ഒരുമിച്ചു നടക്കാം’

സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലന പദ്ധതികൾക്ക് കാതോർക്കാൻ സുപ്രധാനമായ സിനഡ് നടപടികൾ സഭയിൽ പുരോഗമിക്കുമ്പോൾ, നിർണായകമായ ചില വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ- സി.എം.ഐ സഭാംഗമായ ഫാ. സോണി ജെ. മാത്യു മൂന്ന് ഭാഗങ്ങളായി എഴുതുന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം.

ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? (ലൂക്കാ 12:56-57). ഈ വാക്കുകളിലൂടെ ഈശോ തന്റെ വർത്തമാനകാല സമകാലികർക്ക് ആത്മവഞ്ചന എന്ന അപകടത്തിനെതിരെ മുന്നറിയിപ്പ് നൽകി: അത് ഒരു സാധാരണ വർത്തമാനകാല നിമിഷമല്ല. മറിച്ച്, എല്ലാം അപകടത്തിലായ അവസാന നിമിഷമായിരുന്നു.

ചരിത്രത്തിൽ ഈശോ ജീവിച്ച നിമിഷം തുടങ്ങി ഉത്ഥാനത്തിലൂടെ പരിശുദ്ധാത്മാവിനെ സഭയിൽ നിവേശിപ്പിച്ചുകൊണ്ട് നാം ഇന്ന് ജീവിക്കുന്ന ചരിത്രനിമിഷത്തെ തിരിച്ചറിയുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമുള്ള സാധ്യതകളെ അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ദൈവവും ദൈവജനവുമായുള്ള സമാഗമനത്തിന്റെ ‘നിഷ്‌കപടമായ യാത്ര’ നടത്തുക എന്ന ആഗ്രഹത്താൽ ഫ്രാൻസിസ് പാപ്പ 2021 ഒക്ടോബർ 9, 10 തിയതികളിൽ സിനഡാലിറ്റിയെ സംബന്ധിച്ച ആഗോള മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്തു.

ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ (ശ്രവിക്കൽ), പങ്കാളിത്തം, ദൗത്യം (വിവേചനാധികാരം); മൂന്ന് തൂണുകൾ (communion, participation, mission / discernment) എന്നതാണ് സിനഡിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന സഭയുടെ പിരമിഡിക്കൽ ചട്ടക്കൂടിൽനിന്ന് പുറത്തുകടന്ന് ദൈവജനം മുഴുവൻ ഒന്നിച്ച് ചുവടുവയ്ക്കുന്നു എന്ന ബോധ്യത്തെ വീണ്ടെടുക്കുക എന്നതാണ് ഈ സിനഡിന്റെ പ്രഥമലക്ഷ്യം.

തന്റെ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, 2013 മാർച്ച് 13ന് വൈകിട്ട് വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തിൽ തിങ്ങി നിറഞ്ഞവരോട് ഫ്രാൻസിസ് പാപ്പ സംസാരിച്ച ആദ്യ വാക്കുകൾ ഈ അവസരത്തിൽ നമുക്ക് ഓർക്കാം: ‘ഇനി, നമുക്ക് ഈ യാത്ര ആരംഭിക്കാം: മെത്രാനും ദൈവജനവും. സ്‌നേഹകൂട്ടായ്മയിൽ എല്ലാ സഭകൾക്കും നേതൃത്വം നൽകുന്ന റോമിലെ സഭയുടെ ഈ യാത്ര; നമ്മൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഒരു യാത്ര.’

മൂന്ന് പ്രാവശ്യമാണ് അദ്ദേഹം ‘യാത്ര’ എന്ന പദം പ്രയോഗിച്ചത്. റോമിലെ മെത്രാൻ ശുശ്രൂഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയുടെ പ്രധാന പദമാണ് ‘സിനഡാലിറ്റിയെന്നും’ ഒപ്പം അദ്ദേഹത്തിന്റെ സഭാദർശനത്തെ രൂപപ്പെടുത്തിയിരിക്കുന്ന അടിത്തറ ‘സിനഡാലിറ്റിയുടെ പാതയാണ്’ എന്നും ഈ ആമുഖ വാക്കുകളിൽനിന്ന് വായിച്ചെടുക്കാം.

ഈ സിനഡൽ പ്രക്രിയയുടെ ആദ്യ ഘട്ടം പ്രാദേശിക സഭകളുടെ കൂടിയാലോചനയാണ്. 2021 ഒക്ടോബറിൽ ആരംഭിച്ച് മൂന്ന് ഘട്ടങ്ങളിലായി അവസാനം വത്തിക്കാനിൽ നടക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ സിനഡിലെ ആദ്യഘട്ടം നടക്കേണ്ടിയിരുന്നത് ഒക്ടോബർ 2021- ഏപ്രിൽ 2022 മാസങ്ങളിലായിരുന്നു. ‘ദൈവജനവുമായുള്ള’ കൂടിയാലോചനയായിരുന്നു ഈ രൂപതാ ഘട്ടത്തിന്റെ ലക്ഷ്യം.

വിശ്വാസികൾക്കായി സഭ നൽകുന്ന വിശ്വാസത്തിന്റെ ‘അപ്രമാദിത്വ വിഷയങ്ങളിൽ’ വിശ്വാസികളേവരെയും ശ്രവിക്കുന്നു എന്നതാണ് ഇത്തവണത്തെ സിനഡൽ പ്രക്രിയയുടെ പ്രത്യേകത. മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും തുല്യ അന്തസ്സും സഹ ഉത്തരവാദിത്വവും ഉറപ്പിച്ചുപറഞ്ഞുകൊണ്ട് വിശ്വസികളെല്ലാവരുമായുള്ള കൂടിയാലോചനയും പങ്കാളിത്തവും ദൈവം ആഗ്രഹിക്കുന്ന വഴിയാണെന്ന് പറഞ്ഞ് ഫ്രാൻസിസ് പാപ്പ ഈ സിനഡിന് തുടക്കം കുറിച്ചു.

സഭാംഗങ്ങൾ എല്ലാവരും ക്രിസ്തുവിനാൽ വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവിനാൽ വിളിക്കപ്പെട്ടവരും വിശുദ്ധരാകുവാൻ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് (റോമ.1: 7). വെളിപാടിന്റെ പുസ്തകത്തിൽ നാം കാണുന്നതുപോലെ: ചെവിയുള്ളവർ സഭകളോട് ആത്മാവ് പറയുന്നത് ശ്രദ്ധിക്കുക (2,7) സഭയുടെ എല്ലാ തലങ്ങളിലും നടത്തുന്ന പരസ്പര ശ്രവണത്തിന്റെ ചലനാത്മകത; അതാണ് പാപ്പ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പരസ്പരം സംസാരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. ഇത് കേവലം ഒരു സാമൂഹ്യശാസ്ത്രപരമായ കൂടിയാലോചനയോ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു അന്വേഷണമോ അല്ല; മറിച്ച് അത് വിവേചനാധികാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രക്രിയയാണ്. ഇത് പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിനുള്ള ഒരു ചോദ്യമാണ്. ദൈവജനത്തിലൂടെ സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം ശ്രദ്ധിക്കുക.

മാമ്മോദീസാ സ്വീകരിച്ച എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ ഫലമായി സഭയിൽ ഒത്തുചേർന്നിരിക്കുന്നതിനാൽ (Sensus fidelium) അവരിൽ ഒരാളും അവന്റെ കാഴ്ചപ്പാടും അനുഭവങ്ങളും പങ്കിടാനുള്ള സാധ്യതയിൽനിന്ന് ഒഴിവാക്കപ്പെടരുത്. അതുകൊണ്ട് ഈ സിനഡൽ പ്രക്രിയയുടെ കാതൽ സമൂഹ വിവേചനമാണ്. ആത്മാവ് സഭയോട് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള കലയാണ് ഇത്.

പിതാവായ ദൈവം തന്റെ മക്കളോട് വ്യക്തിപരമായ രീതിയിൽ ആശയവിനിമയം നടത്തുന്നു. എന്നാൽ അത് പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയുമാണ്. വിടവാങ്ങൽ പ്രസംഗങ്ങൾ എന്ന് വിളിക്കപ്പെടുന്ന സുവിശേഷ ഭാഗങ്ങളിൽ ഈശോ ഇത് സാക്ഷ്യപ്പെടുത്തുന്നു: ഞാൻ നിങ്ങളോട് പറയുന്ന വാക്കുകൾ, ഞാൻ സ്വയം പറയുന്നതല്ല; എന്നാൽ എന്റെ കൂടെയുള്ള പിതാവ് അവന്റെ പ്രവൃത്തി ചെയ്യുന്നു ( cf. യോഹ. 14: 10; 16: 12-15).

പരിശുദ്ധാത്മാവ് സഭയോടാണ് സംസാരിക്കുന്നത്, ഒറ്റപ്പെട്ട വ്യക്തികളോടും മേഖലകളോടും അല്ല. ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ ഒരുവൻ പെരുമാറേണ്ടതെങ്ങനെയെന്നു (1 തിമോത്തി 3:14) പരിശുദ്ധാത്മാവ് സഭയോട് സംസാരിക്കുന്നു. അതുകൊണ്ടു ഒരാളുടെ ശരിയായ വിഷയം സഭയാണ്.  പൗരോഹിത്യ ആധിപത്യ (clericalism) പ്രവണതകൾക്കുള്ള മറുമരുന്നായി ‘ദൈവജനം മുഴുവൻ’ പരസ്പരം അഭിമുഖീകരിക്കാൻ വിളിക്കപ്പെടുന്ന ഒരു സ്ഥലമായി ഈ സിനഡ് മാറുന്നു (അങ്ങനെ ആയിത്തീരാൻ സഭ ആഗ്രഹിക്കുന്നു) എന്നതാണ് 2023ലെ സിനഡിന്റെ പ്രത്യേകത.

വാസ്തവത്തിൽ ഇതൊരു പുതിയ കാര്യമല്ല. സഭയുടെ ആത്മാവും പുരാതനപരമ്പര്യവും സഭാശൈലിയും ‘ദൈവജനം ഒരുമിച്ചു നടക്കുന്നു’ എന്നതായിരുന്നു. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു; ‘ശിഷ്യന്മാർ വഴിയിലായിരുന്നു’. അതായത് ഈശോയെ കണ്ടുമുട്ടിയ ശിഷ്യന്മാർ അവിടുത്തെ വചനങ്ങൾ ശ്രവിച്ചും അവിടുത്തെ തെളിക്കുന്ന പ്രകാശത്തിലും അവനോടൊപ്പം വഴിയിലാണ്; എമ്മാവൂസിലേക്ക് യാത്രചെയ്ത ശിഷ്യന്മാരെപ്പോലെ.

‘ക്രിസ്ത്യാനി ആയിരിക്കുക എന്നതിന്റെ അർത്ഥം തനിക്കു വേണ്ടിയുള്ളതിൽനിന്ന് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുക എന്നതാണ്’; rom being for oneself to being for one another (ബെനഡിക്ട് 16-ാമൻ). ഞാൻ എന്നോട് തന്നെ ചോദിക്കേണ്ട ആദ്യത്തെ ചോദ്യം ‘ഞാൻ ആരാണ്’ എന്നല്ല, മറിച്ച്: ‘ഞാൻ ആർക്കുവേണ്ടിയാണ്?’ എന്നതാണ്. ‘അഹം’ഭാവത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതിൽനിന്ന് ഈശോമിശിഹായുടെ പെസഹായുടെ കുരിശിലെ അസ്തിത്വത്തിലേക്കുള്ള കൂട്ടിച്ചേർക്കപ്പെടലാണത്. സഭാപരമായി നാം ജനിക്കുന്നത് ഇങ്ങനെയാണ്.

സാഹോദര്യജീവിതമാണ് സുവിശേഷത്തിന്റെ രൂപം. അതിനാൽ സമൂഹജീവിതത്തിലെ പ്രഥമസ്ഥാനം ‘പ്രവർത്തനങ്ങളിലേക്കും സൽകർമ്മങ്ങളിലേക്കും’ അല്ല, മറിച്ച് ബന്ധങ്ങളിലേക്കാണ് പോകേണ്ടത്. സഭ; സാഹോദര്യ ബന്ധങ്ങളുടെ ഒരു ശൃംഖലയാണ്: ‘നിങ്ങൾക്ക് ഒരു ഗുരു മാത്രമേയുള്ളൂ, നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്’ (മത്തായി 23, 8). ‘തങ്ങളിൽ നിന്ന്’ സ്വതന്ത്രരായ ആളുകൾക്ക് മാത്രമേ അവനെ കേൾക്കാൻ കഴിയൂ. ക്രിസ്തുവിന്റെ വഴി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നമ്മെ നയിക്കാൻ ക്രിസ്തു നമ്മുടെ മുന്നിലൂടെ നടന്ന് തുടരുന്ന വഴിയാണ്. നമ്മെ പിന്തുണയ്ക്കാൻ നമ്മുടെ അരികിൽ; നമ്മെ പ്രതിരോധിക്കാൻ നമ്മുടെ പിന്നിൽ!

************

പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക

പരമ്പരയുടെ മൂന്നാം  ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യുക

************

ഉയിർത്തെഴുന്നേറ്റ ഈശോയെ സഭയിൽ പിന്തുടരുക എന്നതിനർത്ഥം ഈ സമൂഹത്തിലെ സഹോദരീസഹോദരന്മാർക്കൊപ്പം; ഈ പാവങ്ങൾക്കൊപ്പം; അവരുടെ വേഗതയിൽ സഞ്ചരിക്കുക. ഉയിർത്തെഴുന്നേറ്റവന്റെ ‘പിന്നിൽ’ അണിനിരക്കുക; ‘പിന്നിലേക്ക്’ ഒരു സേവനം വാഗ്ദാനം ചെയ്യുന്നതിന്റെ സന്തോഷത്താൽ സ്വയം നിറയുക എന്നാണ് ഇതിനർത്ഥം. അതിന് മറ്റുള്ളവർ വേഗമെത്താൻ നമ്മുടെ വേഗത കുറയ്ക്കുക; ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വീഴുന്നവരെ ഉണർത്താൻ നമ്മുടെ യാത്ര വേഗത്തിലാക്കുക; യാത്ര നിർത്തിയവരെ പ്രോത്സാഹിപ്പിക്കുക; വീണുപോയവരെ ഉയർത്തുക; നടക്കാൻ പറ്റാത്തവരെ കയ്യിൽ പിടിച്ചും ചുമലിലേറ്റിയും നയിക്കുക.

ഇടവകയെക്കുറിച്ച് ഡോൺ മസ്സോളാരി പറഞ്ഞതുപോലെ, ‘പരിക്കേറ്റ് ഇനി നടക്കാൻ കഴിയാത്തവർക്കുള്ള ആംബുലൻസാ’ണ് ഇടവക. ക്രിസ്തുവിന്റെ മനസ്സിനെയും വികാരത്തെയും സ്വാഗതം ചെയ്യുക എന്നതാണ് ഈ സിനഡിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവം കൂട്ടായ്മയുടെ മനോഭാവമാണ്. അത് ഭിന്നതകളും വ്യക്തിമാഹാത്മ്യവാദങ്ങളും വേർപിരിയലുകളും വിഭജനങ്ങളും സഹിക്കില്ല. ക്രിസ്തുവിന്റെ വികാരം താഴ്മയാണ്, അതായത് നാം എന്തായിരിക്കുന്നുവോ അത് നമ്മുടെ കഴിവുകൊണ്ടല്ല, ദൈവകൃപയാൽ ആണെന്ന് അറിയുന്നതാണ് ആ വികാരം. അതുകൊണ്ടു സിനഡാലിറ്റി ഒരു ചർച്ചയല്ല, മറിച്ച് ഒരു പ്രാർത്ഥനയാണ്. അതിൽ രണ്ട് വശങ്ങൾ ഉൾപ്പെടുന്നു: തുറന്നുപറച്ചിലും ശ്രവണവും.

ഒന്നാമതായി, ക്രിസ്തുവിലൂടെ നാം നമ്മുടെ സാഹചര്യം പിതാവിനോട് തുറന്നുപറയുന്നു. തുടർന്ന്, വചനത്തിലൂടെ, ആരാധനയിലൂടെ, സഭയുടെ ചരിത്രത്തിലൂടെ നമുക്ക് നൽകപ്പെടുന്ന രഹസ്യത്തെ സ്വാഗതം ചെയ്യാൻ സ്വയം തയ്യാറെടുക്കുന്നു. ആദ്യ നൂറ്റാണ്ടു മുതൽ സഭ സിനഡൽ ആണ് (syn = with; hodos = way ഇത് ദൈവജനം ഒരുമിച്ച് സഞ്ചരിക്കുന്ന പാതയെ സൂചിപ്പിക്കുന്നു). സങ്കീർണ്ണ വിഷയങ്ങളിൽ അപ്പോസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും ചർച്ചകളിൽ പങ്കാളികളായി. അതിന്റെ തുടർ നടപടികളിലും ഈ പങ്കാളിത്തം ഉണ്ടായിരുന്നു. (cf. അപ്പ 5:28, 15:23,28).

നാലാം നൂറ്റാണ്ടിൽപ്പോലും ഈ ശൈലി സഭ പിന്തുടരുന്നത് കാണാം. സഭ/പള്ളി എന്നതിന് പര്യായമായി വിശുദ്ധ ജോൺ ക്രിസോസ്റ്റം സിനഡ് എന്ന പദപ്രയോഗം നടത്തി. എന്നാൽ പിന്നീട് ചരിത്രപരമായ സാഹചര്യങ്ങൾ സഭാജീവിതം ശ്രേണീപരമായ മാനത്തിനു പ്രാധാന്യം ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറി. ഇരുപതാം നൂറ്റാണ്ടോടെ, വിശിഷ്യാ, വത്തിക്കാൻ കൗൺസിൽ സഭയുടെ ഈ ‘പിരമിഡ്’ മാനത്തെ സഭയുടെ സിനഡൽ രൂപത്തിലേക്ക് പുനരുജ്ജീവിപ്പിച്ചു.

‘സിനഡ്’ എന്ന വാക്കിൽ നാം മനസ്സിലാക്കേണ്ടതെല്ലാം അടങ്ങിയിരിക്കുന്നു; ‘ഒരുമിച്ചു നടക്കുക’. ജറുസലേമിൽ നിന്ന് ആരംഭിച്ച് സമരിയയും യഹൂദ്യായും കടന്ന് സിറിയയിലും ഏഷ്യാമൈനറിലും ഗ്രീസിലും യാത്ര ചെയ്ത് റോമിൽ അവസാനിക്കുന്ന ഒരു യാത്രയുടെ കഥയാണ് അപ്പസ്‌തോല പ്രവൃത്തികളുടെ പുസ്തകം. ദൈവവചനവും ആ വചനത്തിലേക്ക് ശ്രദ്ധതിരിച്ച് വിശ്വാസത്തോടെ എല്ലാവരും ഒരുമിച്ച് നടക്കുന്ന കഥയാണ് ഈ പാത പറയുന്നത്. ദൈവവചനം നമ്മോടൊപ്പം നടക്കുന്നു. അവിടെ എല്ലാവരും മുഖ്യകഥാപാത്രങ്ങളാണ്, വെറും കാഴ്ചക്കാരല്ല.

പോപ്പ്, കർദിനാൾ, മെത്രാൻ, വികാരി എന്നിവരല്ല പ്രധാനികൾ. നാമെല്ലാവരും പ്രധാന കഥാപാത്രങ്ങളാണ്. ദൈവത്തിന്റെയും ദൈവജനത്തിന്റെയും ‘ശബ്ദം’ കേൾക്കുന്നതിൽനിന്നാണ് അധികാരം ജനിച്ചത്. അവരെ ഒരിക്കലും വേർതിരിക്കരുത്. ഈ ‘ശബ്ദത്തിന്’ നൽകുന്ന ശുശ്രൂഷയാണ് സഭയിൽ പൗരോഹിത്യം. സിനഡൽ യാത്ര/പാത എന്നത് വ്യക്തിപരമായി മാത്രമല്ല, ക്രിസ്തീയ സമൂഹമെന്ന നിലയിൽ ദൈവഹിതത്തിനായുള്ള കാര്യബോധവും വിചാരശീലവുമുള്ള അന്വേഷണമാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

Similar Posts

Latest Posts

Don’t want to skip an update or a post?