Follow Us On

14

April

2021

Wednesday

ഇംഗ്ലീഷിന്റെ 'വളർത്തമ്മ' വിശുദ്ധ ഹിൽഡ

ഇംഗ്ലീഷിന്റെ 'വളർത്തമ്മ' വിശുദ്ധ ഹിൽഡ

ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റിൽ ജീവിച്ച ഒരു വനിതാരത്‌നമാണ് വിശുദ്ധ ഹിൽഡ. 33 വയസുവരെ രാജകൊട്ടാരത്തിൽ ജീവിച്ച ഹിൽഡയെ വിശുദ്ധ ഐഡനാണ് ദൈവിക വഴിയിലേക്ക് നയിച്ചത്. ഹാർടെൽപൂൾ ആശ്രമത്തിന്റെ അധിപയായി ശുശ്രൂഷ ആരംഭിച്ച ആരംഭിച്ച ഹിൽഡയുടെ ആത്മീയമണ്ഡലത്തിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന വേഗത്തിലായിരുന്നു.
എ.ഡി. 657ൽ നോർത്ത് ഈസ്റ്റിൽ, വൈറ്റ്‌ബൈ ആബെ എന്നറിയപ്പെടുന്ന ഡബിൾ മോണസ്ട്രി സ്ഥാപിച്ചുകൊണ്ട് ചരിത്രത്തിൽ സ്ഥാനം നേടിയ ഹിൽഡ, യൂറോപ്പിൽ വിശിഷ്യാ, ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയ്ക്കും ഇംഗ്ലീഷ് സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ അവർണനീയമാണ്.
വിശുദ്ധ ഹിൽഡയുടെ ആശ്രമത്തിൽനിന്നാണ് ഇംഗ്ലണ്ടിലെ പല രാജാക്കന്മാരും ഭരണാധികാരികളും ആത്മീയമൂല്യങ്ങൾ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രതിഫലിപ്പിക്കാൻ പ്രാപ്തി നേടിയത്. വിശുദ്ധ ഹിൽഡയുടെ കഴിവും നേതൃത്വപാടവും ദൈവീകാഭിഷേകവും മനസ്സിലാക്കണമെങ്കിൽ അവരുടെ ശിഷ്യന്മാരെക്കൂടി പരിചയപ്പെടണം. ഡോർചെസ്റ്റർ ബിഷപ്പായിരുന്ന അലേറ്റ, വോർചെസ്റ്റർ ബിഷപ്പായിരുന്ന ഓഫ്ട്‌ഫോർ, ഹാക്‌സ്ഹാം ബിഷപ്പായിരുന്ന ജോൺ ഓഫ് ബിവർലി, വിൻചെസ്റ്റ് ബിഷപ്പായിരുന്ന ഹെഡ്ഡ, വ്യത്യസ്ഥ കാലങ്ങളിൽ യോർക്ക് ബിഷപ്പുമാരായിരുന്ന ബോസ, വിൽഫ്രഡ്… ഇപ്രകാരം നീളുന്നു വിശുദ്ധ ഹിൽഡയ്ക്കു കീഴിൽ വൈറ്റ്‌ബൈ മോണസ്ട്രിയിലെ പരിശീലനം നേടിയ സന്യാസിവര്യരുടെ നിര.
സെന്റർ ഓഫ് എക്‌സലൻഡ് ഇൻ യൂറോപ്പ്
എഡ്വിൻ രാജാവിന്റെ പിൻതുടർച്ചക്കാരിയായ ഹിൽഡയുടെ ജനനം എ.ഡി 614ലായിരുന്നു. ഹെർവ, മാബ്രഗുസ്വിത്ത് എന്നിവരായിരുന്നു മാതാപിതാക്കൾ. ഹിൽഡ അധികാരിയായ മോണസ്ട്രിയിലെ സ്ത്രീ പുരുഷന്മാർ ഒരു സമൂഹമായാണ് ജീവിച്ചിരുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പഠനത്തിന് സൗകര്യമുണ്ടായിരുന്നു എന്നതുതന്നെയായിരുന്നു ഡബിൾ മോണസ്ട്രിയുടെ വ്യത്യസ്ഥത.
വിശുദ്ധിക്കും പഠനത്തിനുമായിരുന്നു വിശുദ്ധ ഹിൽഡ ഏറ്റവും പ്രാധാന്യം കൽപ്പിച്ചത്. വിശുദ്ധ ഗ്രന്ഥം പരിപൂർണമായി പഠിക്കുകയെന്നതും പ്രധാന ലക്ഷ്യംതന്നെ. ലാറ്റിനിലും ഗ്രീക്കിലുമായുള്ള ആത്മീയഗ്രന്ഥങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തിനായി ഒരുക്കിയിരുന്നു. പഠനത്തിലെ ഉന്നതനിലവാരത്തിന്റെ പേരിൽ ഹിൽഡയുടെ മോണസ്ട്രി ഇംഗ്ലണ്ടിൽ മാത്രമല്ല യൂറോപ്പിലാകമാനം പ്രശസ്തമായി. അക്കാലത്ത്, ദൈവശാസ്ത്രപഠന ത്തിനുള്ള യൂറോപ്പിലെ സെന്റർ ഓഫ് എക്‌സലൻസ് പദവിക്കും അർഹമായിരുന്നു പ്രസ്തുത മൊണസ്ട്രി.
ഹിൽഡയുടെ പ്രശസ്തി യൂറോപ്പിലെങ്ങും വ്യാപിച്ചു. രാജാക്കന്മാർ, ഭരണാധികാരികൾ, ബിഷപ്പുമാർ എന്നിവർ ഉൾപ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഉപദേശം തേടി ഹിൽഡയുടെ പക്കലെത്തി. ആത്മീയകാര്യങ്ങൾക്കു പുറമെ രാഷ്ട്രീയകാര്യങ്ങളിലും ഹിൽഡയ്ക്ക് ഉന്നതമായ ജ്ഞാനം ഉണ്ടായിരുന്നു. അവളുടെ ബുദ്ധിശക്തിയും ഉചിത തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ഹൃദ്യമായ പെരുമാറ്റവും സവിശേഷമായ സ്വഭാവഗുണങ്ങളായിരുന്നു. ഉന്നതശ്രേണിയിൽപ്പെട്ടവരോടെന്നപോലെ സാധാരണക്കാർക്കും സമീപസ്ഥയായിരുന്നു അവൾ.
രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നതിനാൽ ഹിൽഡയുടെ മൊണസ്ട്രിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സന്ദർശകരാലും സമ്പന്നമായിരുന്നു മോണസ്ട്രി. ഒട്ടേറെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ശവകുടീരങ്ങൾ മൊണസ്ട്രിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്നു എന്നതാണ് സന്ദർശന ബാഹുല്യത്തിന് കാരണം.
കർദിനാൾ ഹ്യൂമിന്റെ സാക്ഷ്യം
സന്യസ്തരല്ലാത്ത സാധാരണക്കാർക്കും പ്രാർത്ഥിക്കാൻ അവസരം ഒരുക്കിയിരുന്നു എന്നത് ഹിൽഡയുടെ മൊണസ്ട്രിയുടെ സവിശേഷതയായിരുന്നു. ആത്മീയ ജീവിതത്തിൽ ഏകാന്തവാസം നയിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കി. വിവാഹം കഴിക്കാത്ത രാജകുമാരിമാരും വിധവകളായ രാജ്ഞിമാരും ഹിൽഡയുടെ മൊണസ്ട്രിയിൽവന്ന് ശിഷ്ടകാലം പ്രാർത്ഥനാജീവിതം തിരഞ്ഞെടുക്കുക പതിവായിരുന്നു.
മൊണസ്ട്രിയിൽ കൃഷിപ്പണി ചെയ്‌യും കന്നുകാലികളെ മോയ്ച്ചുംനടന്ന ഒരാളായിരുന്നു ഇംഗ്ലീഷിലെ ആദ്യകാല കവികളിൽ സ്ഥാനംപിടിച്ച കെയ്‌ഡൊമോൻ. അദ്ദേഹത്തിൽ ഒളിഞ്ഞുകിടന്നിരുന്ന സംഗീതവാസനയെ ഉണർത്തിയത് വിശുദ്ധ ഹിൽഡയുടെ ഇടപെടലായിരുന്നു. പിന്നീട് അദ്ദേഹം ഹിൽഡയുടെ മൊണസ്ട്രിയിൽ ചേർന്നു. തന്റെ കഴിവുകൾ കത്തോലിക്കാ സഭയ്ക്കുമാത്രമല്ല ഇംഗ്ലീഷ് സാഹിത്യത്തിനുതന്നെയും ഒരു മുതൽക്കൂട്ടായിമാറി എന്നത് ചരിത്രം.
‘ഹെൽഡയുടെ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഭാഷയ്ക്കുതന്നെ ഒരു മുതൽക്കൂട്ടായിരുന്നു,’ എന്ന കർദിനാൾ ബെസിൽ ഹ്യൂമിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. തന്റെ കൃതിയായ ‘ഫുട് പ്രിന്റ്‌സ് ഓഫ് ദ നോർത്തേൻ സെയിന്റ്‌സ്’ എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ഹിൽഡയെപ്പോലുള്ള സ്ത്രീകളുടെ സംഭാവനകൾ കത്തോലിക്കാ സഭയെ എല്ലാവിധത്തിലും സമ്പന്നമാക്കി വിശിഷ്യാ, വിദ്യാഭ്യാസത്തിലും മറ്റു പഠനങ്ങളിലും.
സിനഡ് ഓഫ് വൈറ്റ്‌ബൈ
വൈറ്റ്‌ബൈ സിനഡിന് കാനോനിക്കൽ അംഗീകാരം ലഭിച്ചിരുന്നോ എന്നത് തെളിയിക്കുന്ന രേഖകൾ കണ്ടെത്താനായിട്ടില്ല. എ.ഡി. 664ൽ വൈറ്റ്‌ബൈയിൽ സമ്മേളിച്ച സിനഡിന്റെ മേൽനോട്ടം അന്നത്തെ രാജാക്കൻമാരും ആത്മീയ നേതൃത്വവും വിശുദ്ധ ഹിൽഡയെയാണ് ഏൽപ്പിച്ചിരുന്നത്. ഇയോണയിൽനിന്നും എത്തിയ ക്രിസ്ത്യൻ മിഷനറിമാർ സെൽറ്റിക് പാരമ്പര്യവും കാന്റർബറിയിൽനിന്നുവന്ന മിഷണറിമാർ റോമൻ പാരമ്പര്യവുമായിരുന്നു പിൻതുടർന്നിരുന്നത്.
ഈ രണ്ടു പാരമ്പര്യങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന കാലമായിരുന്നു അത്. ഏത് പാരമ്പര്യം തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കാൻ സമ്മേളിച്ച സിനഡിന് മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരുന്നു. ഈസ്റ്റർ ആഘോഷം നടത്താനുള്ള ദിവസം തീരുമാനിക്കുക എന്നതായിരുന്നു അത്. റോമൻ പാരമ്പര്യം പിൻതുടരാമെന്നായിരുന്നു, നീണ്ട ചർച്ചകൾക്കും വാദഗതികൾക്കുംശേഷം ഉണ്ടായ തീരുമാനം. ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിലെന്നപോലെ ലോകത്താകമാനം റോമിനെ അംഗീകരിച്ച് പത്രോസിന്റെ പിൻതുടർച്ചക്കാരായ പാപ്പമാരെ അംഗീകരിക്കാനുള്ള ശക്തമായ ഒരു തീരുമാനം കൂടിയായിരുന്നു ഇത്.
ഏതാണ്ട് 28 വർഷം വൈറ്റ്‌ബൈ മൊണസ്ട്രിയുടെ നേതൃത്വം വഹിച്ചു വിശുദ്ധ ഹിൽഡ. 60 വയസായപ്പോൾ അതികഠിനമായ പനിയെ തുടർന്ന് അവളുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. പിന്നീട് ആറു വർഷം രോഗപീഡകളുമായി മല്ലിട്ട അവൾ 66^ാം വയസിൽ ഇഹലോകവാസം വെടിഞ്ഞു. റോമൻ ആരാധനക്രമപ്രകാരം നവംബർ 19നാണ് വിശുദ്ധ ഹിൽഡയുടെ തിരുനാൾ.
ആറു വർഷം നീണ്ട രോഗപീഡയുടെ ദിനങ്ങളിലെല്ലാം ദൈവത്തിന് നന്ദി അർപ്പിക്കാൻ ഹിൽഡ മറന്നിരുന്നില്ല. അതുപോലെതന്നെ തന്റെ ശിഷ്യർക്ക് പൊതുവായിട്ടും സ്വകാര്യമായും പ്രബോധനങ്ങൾ നൽകാനും ഏറെ ശ്രദ്ധിച്ചു. വിശുദ്ധ ഹിൽഡയുടെ മരണശേഷം രണ്ടു നൂറ്റാണ്ടുകൾക്കൂടി വൈറ്റ്‌ബൈയുടെ പ്രശസ്തി നിലനിന്നു. ഈ കാലയളവിൽ ഒട്ടേറെ സന്യാസികളെയും സന്യാസിനിമാരെയും സഭയ്ക്ക് ലഭിക്കുകയും ചെയ്തു.
കടൽ കൊള്ളക്കാരുടെ ആക്രമണത്തിൽ 867ൽ മൊണസ്ട്രി ഭാഗികമായി തകർക്കപ്പെട്ടു. പിന്നീട് ഹെൻറി എട്ടാമന്റെ കാലഘട്ടത്തിൽ ഭരണകൂടത്തിന്റെ പ്രതികാര നടപടികൾക്ക് വിധേയമായി 1539ൽ വീണ്ടും തകർക്കപ്പെട്ടു.
ഇപ്രകാരമൊക്കെ സംഭവിച്ചെങ്കിലും വൈറ്റ്‌ബൈയുടെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകമായി ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും നമുക്ക് കാണാനാകും. ഈ സ്ഥലം മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1920, 1999, 2000 വർഷങ്ങളിൽ നടന്ന ഭൂഗർഭഗവേഷണത്തിന്റെ ഫലമായി 1819 നൂറ്റാണ്ടുകളിലെ 1000ൽപ്പരം മൃതകുടീരങ്ങൾ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
കടൽകൊള്ളക്കാരുടെയും ഹെൻറിഎട്ടാമന്റെയും ആക്രമണങ്ങൾക്കു പിന്നിലെ പ്രധാന ലക്ഷ്യം ഇത്തരത്തിലുള്ള വിലയേറിയ സംസ്‌കാരശേഷിപ്പുകൾ തച്ചുടയ്ക്കുക എന്നതുതന്നെയായിരുന്നു. വർഷങ്ങളിലൂടെ കത്തോലിക്കാ സഭയുടെ കെട്ടിപ്പെടുക്കപ്പെട്ട പഠനങ്ങളും ഇതിലൂടെ നശിപ്പിക്കപ്പെട്ടു. ഇത്തരുണത്തിൽ, ശാലോം സ്പിരിച്വൽ ഡയ്‌റക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പറഞ്ഞ വാക്കുകൾ സ്മരണീയമാണ്:
‘ക്രൈസ്തവസംസ്‌കാരത്തിന് സംഭവിച്ച ജീർണതയാണ് എല്ലാവിധ തിന്മകളും യൂറോപ്പിലേക്ക് കടന്നു കയറാൻ കാരണമായത്. വ്യത്യസ്ഥ കാലഘട്ടങ്ങളിലായി ലോകത്തിലെ വിവിധഭാഗങ്ങളിൽ ഉണ്ടായ സംസ്‌കാരങ്ങളിൽ നന്മകൾമാത്രം സംഭാവന ചെയ്ത പുണ്യം മാത്രം പകർന്ന ക്രൈസ്തവസംസ്‌കാരം നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന യൂറോപ്പിന്റെ രക്ഷ സാധ്യമാകണമെങ്കിൽ യൂറോപ്പിന്റെ ക്രൈസ്തവ സംസ്‌കാരം പുനരുജ്ജീവിക്കപ്പെടുകതന്നെ വേണം.’
സിബി തോമസ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?