Follow Us On

29

March

2024

Friday

പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ നൈജീരിയൻ കത്തോലിക്ക ദൈവാലയത്തിൽ തീവ്രവാദി ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പെടെ 50ൽപ്പരം പേർക്ക് ദാരുണാന്ത്യം

പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ നൈജീരിയൻ കത്തോലിക്ക ദൈവാലയത്തിൽ തീവ്രവാദി ആക്രമണം; കുഞ്ഞുങ്ങൾ ഉൾപ്പെടെ 50ൽപ്പരം പേർക്ക് ദാരുണാന്ത്യം

അബൂജ: പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 50ൽപ്പരം പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർ ബന്ധികളാക്കപ്പെട്ടെന്നും സ്ഥിരീകരിച്ച റിപ്പോർട്ടുകൾ.  നൈജീരിയയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഓവോയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് ദൈവാലയത്തിലാണ് ആയുധധാരികൾ അക്രമം അഴിച്ചുവിട്ടത്. കൊല്ലപ്പെട്ടവരിൽ നിരവധി കുഞ്ഞുങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

പന്തക്കുസ്താ തിരുനാൾ ദിനത്തിലെ ശുശ്രൂഷാമധ്യേ ദൈവാലയത്തിൽ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി, റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ദൈവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായുള്ള ദൃക്‌സാക്ഷി വിവരണങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൈവാലയത്തിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. അൻപതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ ‘ഫെഡറൽ മെഡിക്കൽ സെന്ററി’ലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റിയിട്ടുണ്ട്.

ദൈവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച ഫ്രാൻസിസ് പാപ്പ, ഇരകളാക്കപ്പെട്ടവരെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. നിരപരാധികൾക്ക് നേരെ നടന്നത് ‘നീചവും പൈശാചികവുമായ ആക്രമണ’മാണെന്ന് വ്യക്തമാക്കിയ ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു, ജനങ്ങളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു.

പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന വ്യാപകമായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൊക്കോ ഹറാം, ഫുലാനി ഹെഡ്‌സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്.

നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെമാത്രം ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളാലും ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളുടെ അതിക്രമങ്ങളിലുമാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനം നടത്തുന്ന സന്നദ്ധ സംഘടനയാണ് ‘ഇന്റർ സൊസൈറ്റി.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?