Follow Us On

18

April

2024

Thursday

ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ കൊന്നുതള്ളിയ ക്വാരഘോഷിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 172 കുഞ്ഞുങ്ങൾ

ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ കൊന്നുതള്ളിയ ക്വാരഘോഷിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 172 കുഞ്ഞുങ്ങൾ

നിനവേ: ക്രിസ്തുവിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ഇസ്ലാമിക തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖീ നഗരമായ ക്വാരഘോഷിലെ വിശ്വാസീസമൂഹത്തിന് പ്രത്യാശ പകർന്ന് വീണ്ടും കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഇക്കഴിഞ്ഞയാഴ്ച നടന്ന ദിവ്യബലിമധ്യേ 172 കുഞ്ഞുങ്ങളാണ് ദിവ്യകാരുണ്യനാഥനായ ഈശോയെ ആദ്യമായി രുചിച്ചറിഞ്ഞത്- 99 ആൺകുട്ടികളും 73 പെൺകുട്ടികളും. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമത്രേ ഈ സദ്വാർത്ത.

ഐസിസ് ഭീകരരുടെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയ ഇറാഖിലെ നിനവേ സമതലത്തിൽ ഉൾപ്പെടുന്ന ടൽസ്‌കുഫിൽ സേവനം ചെയ്യുന്ന ഫാ. കരം ഷമാഷയാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘ഏതാനും വർഷംമുമ്പ് ഐസിസിന്റെ ആക്രമണത്തിന് ഇരയായ സ്ഥലമാണിത്. എന്നാൽ ഇന്ന് അത്യുച്ചത്തിൽ പ്രഘോഷിക്കുന്നു, ഞങ്ങളുടെ വിശ്വാസവും കുരിശും വിജയം വരിച്ചിരിക്കുന്നു,’ എന്ന കുറിപ്പുസഹിതമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വൈകാരികമായ ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സമീപ പ്രദേശത്തുനിന്ന് അനേകർ ദൈവാലയത്തിൽ എത്തിയതും ശ്രദ്ധേയമായി. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇറാഖീസഭയുടെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ആദ്യകുർബാന സ്വീകരണം വലിയ ആവേശമാണ് വിശ്വാസീസമൂഹത്തിന് നൽകുന്നത്. ഐസിസ് അധിനിവേശത്തിന്റെ മുറിപ്പാടുകളിൽനിന്ന് മുക്തിതേടി പുതിയ ജീവിതം കെട്ടിപ്പടുക്കുന്ന ക്വാരഘോഷിൽ 2021ലും 2022 മേയിലും പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങൾ നടന്നിരുന്നു.

ഏതാണ്ട് 400 കുഞ്ഞുങ്ങളാണ് 2021ൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. പ്രസ്തുത വിവരങ്ങളും ഫാ. കരം ഷമാഷതന്നെയാണ് അക്കാലത്ത് പുറംലോകത്തെ അറിയിച്ചത്. യുദ്ധകാലഘട്ടത്തിൽ ജനിച്ച കുട്ടികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയതും ശ്രദ്ധേയമായിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് ഇതിനുമുമ്പ് ക്വാരഘോഷിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നത്. അൽക്വിഷ്, ടൽസ്‌കുഫ് പ്രദേശങ്ങളിൽ നിന്നുള്ള 126 കുഞ്ഞുങ്ങളാണ് അന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.

വടക്കൻ ഇറാഖിലെ നിനവേ സമതലത്തിൽ സ്ഥിതിചെയ്യുന്ന, കുർദിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ക്വാരഘോഷ് നഗരം 2014 ഓഗസ്റ്റ് മുതൽ 2016 ഒക്ടോബർവരെ ഐസിസ് അധിനിവേശത്തിലായിരുന്നു. ഇക്കാലയളവിൽ അനേകായിരം ക്രൈസ്തവരാണ് മേഖലയിൽനിന്ന് പലായനം ചെയ്തത്. ഐസിസിന്റെ പതനത്തെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ക്വാരഘോഷിൽ പുനർനിർമാണ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ നിരവധി െ്രകെസ്തവ കുടുംബങ്ങൾ മേഖലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?