Follow Us On

28

March

2024

Thursday

ദൈവാലയ ആക്രമണത്തിന് പിന്നാലെ നൈജീരിയയിൽ വീണ്ടും ഭീകരാക്രമണം; 32 പേർ കൊല്ലപ്പെട്ടു, ദൈവാലയം ഉൾപ്പെടെ അഗ്‌നിക്കിരയാക്കി

ദൈവാലയ ആക്രമണത്തിന് പിന്നാലെ നൈജീരിയയിൽ വീണ്ടും ഭീകരാക്രമണം; 32 പേർ കൊല്ലപ്പെട്ടു, ദൈവാലയം ഉൾപ്പെടെ അഗ്‌നിക്കിരയാക്കി

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനം തുടരുന്ന നൈജീരിയയിൽ വീണ്ടും തീവ്രവാദി ആക്രമണം. കടൂണ സംസ്ഥാനത്തെ കജൂരു മേഖലയിലെ ഗ്രാമങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 32 പേർ അരുംകൊല ചെയ്യപ്പെട്ടെന്നും ദൈവാലയം ഉൾപ്പെടെ നിരവധി വീടുകൾ അഗ്‌നിക്കിരയാക്കിയെന്നും സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ. പന്തക്കുസ്താ തിരുനാൾ ദിവ്യബലിമധ്യേ 50ൽപ്പരം പേർ കൊല്ലപ്പെടാൻ കാരണമായ തീവ്രവാദി ആക്രമണത്തിൽ രാജ്യം ഉഴലുമ്പോൾതന്നെയാണ്, കടൂണയിൽ നടന്ന പുതിയ ആക്രമത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

പന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ അഞ്ച് ഞായറാഴ്ച തന്നെയായിരുന്നു കടൂണയിലെ തീവ്രവാദി അക്രമണം. എന്നാൽ, ഇക്കഴിഞ്ഞ ദിവസമാണ് അവിടെ നടന്ന സംഭവങ്ങൾ പുറം ലോകം അറിഞ്ഞത്. കടൂണയിലെ ആഭ്യന്തര സുരക്ഷാ കമ്മീഷ്ണർ സാമുവൽ അറുവാൻ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഉങ്വാൻ ഗാമു, ഡോഗോൺ നോമ, ഉങ്വാൻ സർക്കി, മൈകോരി തുടങ്ങിയ ഗ്രാമങ്ങളിലുടനീളം തീവ്രവാദികൾ നിരവധി വീടുകൾ കത്തിച്ചതായി പ്രാദേശിക ടെലിവിഷൻ ചാനലിനോട് സംസാരിച്ച കുഫെന ജില്ലാ മേധാവി ടൈറ്റസ് ദൗദയും വ്യക്തമാക്കി.

അക്രമികൾ ഹെലികോപ്റ്ററിൽനിന്ന് വെടിയുതിർത്തെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെയെല്ലാം കൊലപ്പെടുത്തിയെന്നും പ്രദേശവാസിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അക്രമികൾ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും ഇത് ആക്രമികളെ തുരത്താനെത്തിയ സൈനീകരാണെന്നും ആഭ്യന്തര സുരക്ഷാ കമ്മീഷണർ വിശദീകരിച്ചു. സൈനീകർ കരമാർഗവും വായുമാർഗവും ആക്രമികളെ തുരത്താൻ ഇടപെട്ടെന്നും സൈനിക ഉറവിടങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചെങ്കിലും ഗ്രാമങ്ങളിലെ ഭൂരിഭാഗം ആളുകളും മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ആഗോള മനുഷ്യാവകാശ നീരീക്ഷണ സംഘടനയായ ‘ആംനെസ്റ്റി ഇന്റർനാഷണൽ’ ആക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. ഈ സംഭവം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പശ്ചിമാഫ്രിക്കയിലെ തീവ്രവാദ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ തെക്കൻ കടൂണയിലെ ആക്രമണങ്ങൾക്ക് അറുതിവരുത്തണമെന്നും അവർ നൈജീരിയൻ ഭരണകൂടത്തോട് ആവവശ്യപ്പെട്ടു.

ഒൻഡോ സംസ്ഥാനത്തെ ഒവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിലായിരുന്നു പന്തക്കുസ്താ തിരുനാൾ ദിനത്തിലെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കുട്ടികളും ഗർഭിണികളും ഉൾപ്പെട്ടിട്ടുണ്ട്. ആയുധധാരികൾ നിരവധി പേരെ ബന്ധികളാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണങ്ങൾ വ്യാപിക്കുകയാണ്.

2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് ഈയിടെ പുറത്തുവന്നിരുന്നു. നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെ കുറിച്ച് പഠനം നടത്തുന്ന ‘ദ ഇന്റർനാഷണൽ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ (ഇന്റർ സൊസൈറ്റി) എന്ന സന്നദ്ധ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. തീവ്രവാദികൾക്കെതിരായ യുദ്ധം അന്ത്യഘട്ടത്തിലാണെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറയുമ്പോഴും രാജ്യത്ത് തീവ്രവാദികൾ പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?