ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദ സംഘടനായ ഐസിസിന്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ദൈവാലയത്തിൽനിന്ന് അമൂല്യമായ ആറ് തിരുശേഷിപ്പുകൾ അത്ഭുതാവഹമെന്നോണം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഇറാഖിലെ ക്രിസ്ത്യൻ സമൂഹം. അപ്പസ്തോലനായ യോഹന്നാൻ, അപ്പസ്തോലനായ ശിമയോൻ, ഉണ്ണീശോയെ കരങ്ങളിലെടുത്ത ശിമയോൻ, രക്തസാക്ഷിയായ വിശുദ്ധ തിയഡോർ, തുർക്കിയിലെ തുർഅബ്ദീൻ ബിഷപ്പായിരുന്ന മോർ ഗബ്രിയേൽ, ദൈവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ വിശാരദനുമായ മോർ ഗ്രിഗോറിയോസ് ബാർ ഹെബ്രാവൂസ് എന്നിവരുടേതെന്ന് കരുതപ്പെടുന്ന തിരുശേഷിപ്പുകൾ മൊസ്യൂളിലെ മാർ തോമ സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽനിന്നാണ് വീണ്ടെടുക്കപ്പെട്ടത്.
ചെറിയ കൽപ്പേടകങ്ങളിലാക്കി, ദൈവാലയത്തിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളിൽ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകൾ. ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന തൊഴിലാളികളുടെ സംശയവും സമയോചിതമായ ഇടപെടലുകളുമാണ് ഒരുപക്ഷേ, കണ്ടെത്താൻ സാധ്യതപോലും ഇല്ലാതിരുന്ന അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിന് വഴിയൊരുക്കിയത്. ഇതോടൊപ്പം അറമായ, സുറിയാനി ഭാഷകളിൽ എഴുതിയ ആറ് ചുരുളുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഫടിക കുപ്പികൾക്കുള്ളിൽ അടക്കം ചെയ്ത നിലയിലായിരുന്നു ചുരുളുകൾ. അടക്കം ചെയ്ത തിരുശേഷിപ്പ് ആരുടേതാണെന്ന് തിരിച്ചറിയാൻ കൽപ്പേടകങ്ങൾക്ക് പുറത്ത് പേരുകളും കൊത്തിവെച്ചിരുന്നു.
പുരാതനമായ ദൈവാലയത്തിന്റെ ഭിത്തിയുടെ ചില ഭാഗങ്ങളിൽ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയം ദിവസങ്ങൾക്കുമുമ്പാണ് തൊഴിലാളികൾക്കുണ്ടായത്. അക്കാര്യം ഉടൻതന്നെ അവർ മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് മെത്രാപ്പോലീത്ത മോർ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടർന്ന് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ നടത്തിയ ശ്രമകരമായ പരിശോധനയിലാണ് തിരുശേഷിപ്പുകൾ വീണ്ടെടുത്തത്. ഒരു തൂണിന്റെ ഭിത്തികൾ തുരക്കുന്നതും അവിടെനിന്ന് ഒരു കൽപ്പേടകം മെത്രാപ്പോലീത്ത പുറത്ത് എടുക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വിശുദ്ധ തിയോഡോറിന്റെ അസ്ഥി കഷണങ്ങൾ അടങ്ങിയ പേടകമായിരുന്നു അത്. ആ പേടകത്തിൽ എഴുതിയിരുന്ന പേര് വായിച്ചുകൊണ്ട് അതിൽ ചുംബിച്ച് വികാരനിർഭരനായി മെത്രാപ്പോലീത്ത ആ തിരുശേഷിപ്പുകൾ അവിടെയുണ്ടായിരുന്നവർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മറ്റ് തിരുശേഷിപ്പുകൾ ദൈവാലയത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വീണ്ടെടുത്തത്. തിരുശേഷിപ്പുകൾ കണ്ടെത്തിയ വിവരം സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസ് മോർ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ വീഡിയോ കോളിലൂടെ മെത്രാപ്പോലീത്ത അറിയിക്കുകയും ചെയ്തു.
ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇറാഖിൽനിന്ന് കണ്ടെത്തിയത് വിശ്വാസപരം മാത്രമല്ല ചരിത്രപരമായും ശ്രദ്ധേയമാണ്. ഇറാഖിന്റയും മധ്യപൂർവ ദേശത്തിന്റെയും ചരിത്രവുമായുള്ള ക്രൈസ്തവ പാരമ്പര്യത്തിന്റെ ആഴമേറിയ വേരുകൾ വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തൽ. മാർ തോമ സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിന് ഏതാണ്ട് 1500 വർഷത്തെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഏത് കാലഘട്ടത്തിലാണ് തിരുശേഷിപ്പുകൾ ദൈവാലയ ഭിത്തികൾക്കുള്ളിൽ അടക്കം ചെയ്തതെന്ന് വ്യക്തമല്ല. വിശുദ്ധ നാടുകളിലേക്കുള്ള ഇസ്ലാമിക തേരോട്ടം വർദ്ധിച്ച കാലഘട്ടത്തിൽ അവരുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ വേണ്ടി തിരുശേഷിപ്പുകൾ ദൈവാലയ ഭിത്തികൾക്കുള്ളിൽ ഭദ്രമാക്കുകയായിരുന്നു എന്നാണ് അനുമാനം.
Leave a Comment
Your email address will not be published. Required fields are marked with *