Follow Us On

03

July

2022

Sunday

പണം ജീവിതത്തിന്റെ മുഖ്യലക്ഷ്യമാകരുത്; ദരിദ്രർക്ക് ആവശ്യമുള്ളത് പ്രസംഗമല്ലെന്നും പാപ്പ

പണം ജീവിതത്തിന്റെ മുഖ്യലക്ഷ്യമാകരുത്; ദരിദ്രർക്ക് ആവശ്യമുള്ളത് പ്രസംഗമല്ലെന്നും പാപ്പ

വത്തിക്കാൻ സിറ്റി: പണം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറരുതെന്നും പണത്തോടുള്ള ആവേശം മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു മുന്നിൽ നമ്മെ അന്ധരാക്കുമെന്നും മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ. ദരിദ്രർക്ക് ആവശ്യമുള്ളത് പ്രസംഗമല്ല, മറിച്ച്, നേരിട്ടുള്ള ഇടപെടലുകളിലൂടെ നമ്മുടെ വിശ്വാസം പ്രാവർത്തികമാക്കുകയാണ് വേണ്ടതെന്നും പാപ്പ പറഞ്ഞു. ആഗോള കത്തോലിക്കാ സഭ ക്രമീകരിച്ചിരിക്കുന്ന ദരിദ്രർക്കുവേണ്ടിയുള്ള ദിനാചരണത്തിത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നവംബർ 22നാണ് ഈ വർഷത്തെ ദിനാചരണം.

അവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൊറിന്തോസിലെ ആദിമ ക്രൈസ്തവരെ പ്രോൽസാഹിപ്പിക്കുന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പാപ്പ സന്ദേശം ആരംഭിക്കുന്നത്. പണമല്ല പ്രശ്‌നം, അത് നമ്മുടെ അനുദിന ജീവിതത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും ഭാഗമാണ്. എന്നാൽ അതിന് നാം കൊടുക്കുന്ന മൂല്യത്തെ പരിശോധിക്കേണ്ടതുണ്ട്. സമ്പത്താകുന്ന വിഗ്രഹത്തിൽ കണ്ണുറപ്പിച്ചാൽ പാപ്പരത്വം നിറഞ്ഞ ഒരു കാഴ്ചപ്പാടിന്റെ ചങ്ങലകളാൽ നാം ബന്ധിതരാകും. ദരിദ്രരോടുള്ള നിസംഗത വിശ്വാസത്തിന്റെ ദൗർബല്യവും സങ്കുചിതമായ പ്രത്യാശയുമാണ് വെളിവാക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.

ആരും ഒന്നുമില്ലാതെ പോകാതിരിക്കാൻ നമുക്കുള്ളത് കുറച്ചാണെങ്കിലും അത് അവരുമായി പങ്കിടുന്നതാണ് ഐക്യദാർഢ്യം. സമൂഹബോധവും പങ്കുവെപ്പും ഒരു ജീവിതരീതിയാക്കുമ്പോൾ ഐക്യദാർഢ്യത്തിന്റെ അർത്ഥം ഉയരുകയും ബോധ്യം പക്വത പ്രാപിക്കുകയും ചെയ്യും. ദരിദ്രരോടു കാണിക്കുന്ന ഔദാര്യത്തിന്റെ അടിസ്ഥാനം ദരിദ്രനാകാൻ തീരുമാനിച്ച ദൈവപുത്രന്റെ മാതൃക തന്നെയാണ്. തനിക്ക് സ്വന്തമായിരുന്നവയെല്ലാം വിട്ടുപേക്ഷിച്ച ഈശോയെപ്പോലെ ഒരു വിട്ടുകൊടുക്കലിന് നാം തയാറാകുമ്പേഴേ നമ്മുടെ വിശ്വാസത്തിന് മൂർത്തവും സുസ്ഥിരവുമായ ആവിഷ്‌കാരം നൽകാനാകൂ.

ദരിദ്രരായ ഓരോരുത്തരും, നാം വീണിരിക്കുന്ന അലസതയിൽനിന്ന് നമ്മെ കരകയറാൻ സഹായിക്കുന്നവരാണെന്ന ആത്മാർത്ഥവും ഉദാരവുമായ താൽപ്പര്യമാകണം അവരെ സമീപിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്. അപ്രകാരം ദരിദ്രരോടുള്ള സമീപനത്തിന് നാം ഉദ്ദേശ്യശുദ്ധി വരുത്തണം. ദരിദ്രരെ ഉൾക്കൊള്ളിക്കാത്ത, ദരിദ്രരുടേതുമാകാത്ത, ദരിദ്രർക്കായി രൂപീകരിക്കുന്ന നമ്മുടെ സാമൂഹിക പദ്ധതികൾക്ക് പരിഹാരം കാണേണ്ട സമയമാണിതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

അതോടൊപ്പം, ഈ അടുത്ത നാളുകളിൽ മധ്യ കിഴക്കൻ പ്രദേശത്തും മധ്യ ആഫ്രിക്കയിലും യുക്രൈനിലും യുദ്ധം അഭയാർത്ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളെ ഔദാര്യപൂർവം സ്വീകരിച്ച സംഭവങ്ങളും പാപ്പ എടുത്തു പറഞ്ഞു. ഈ കഴിഞ്ഞ വർഷങ്ങളിൽ നാം കടന്നുപോയ പരിമിതികളുടെ അനുഭവങ്ങളും ഇപ്പോഴത്തെ യുദ്ധ ദുരന്തങ്ങളും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും നമ്മെ പഠിപ്പിക്കേണ്ട സുപ്രധാന കാര്യവും പാപ്പ ഓർമിപ്പിച്ചു: ‘നാം ഈ ലോകത്തിൽ ആയിരിക്കുന്നത് അതിജീവനത്തിനായല്ല മറിച്ച്, അന്തസ്സും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കാനാണ്.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?