Follow Us On

03

July

2022

Sunday

മുത്തശ്ശീമുത്തച്ഛന്മാരെ പരിപാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം: ഫ്രാൻസിസ് പാപ്പ

മുത്തശ്ശീമുത്തച്ഛന്മാരെ പരിപാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മുത്തശ്ശീമുത്തച്ഛന്മാരെ പരിപാലിക്കാനും അവർക്കരികിലേക്ക് പോകാനും കുട്ടികളെ പഠിപ്പിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കുട്ടികളും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലുള്ള ആശയവിനിമയം സമൂഹത്തിന് സുപ്രധാനമാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിൽ, വാർധക്യത്തിന്റെ മൂല്യത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പര തുടരുകയായിരുന്നു അദ്ദേഹം. കുട്ടികളും വയോധികരും തമ്മിലുള്ള സംവാദങ്ങൾ ഇല്ലാതായാൽ വേരുകളില്ലാത്ത ഒരു തലമുറ വളരുന്ന സാഹചര്യമുണ്ടാകുമെന്നും പാപ്പ മുന്നറിയിപ്പു നൽകി.

പനിമൂലം രോഗക്കിടക്കയിലായിരുന്ന, ശിമയോൻ പത്രോസിന്റെ അമ്മായിയമ്മയെ ഈശോ സുഖപ്പെടുത്തുന്ന തിരുവചന ഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. വൃദ്ധജന പരിപാലനത്തിൽ യേശു നൽകുന്ന മാതൃകയായാണ് ഈ സംഭവത്തെ പാപ്പ അവതരിപ്പിച്ചത്. ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്ഥമായ രീതിയിലാണ് രോഗം വയോധികരെ അലട്ടുക. വിഷമാവസ്ഥയിൽ ആയിരിക്കുമ്പോൾ കിട്ടുന്ന കഠിന പ്രഹരം പോലെയാണത്. ഇനി സൗഖ്യപ്പെടില്ലെന്ന സംശയം വർദ്ധിതമാകുന്നു. എന്നാൽ നാം ശ്രവിച്ച സുവിശഷ ഭാഗം നമുക്ക് ഒരു പാഠം നൽകുന്നുണ്ട്.

യേശു രോഗിയായ ആ വൃദ്ധയെ കാണാൻ പോയത് തനിച്ചല്ല, മറിച്ച് തന്റെ ശിഷ്യരെയും കൂട്ടിയാണ്. ഇത് നമ്മെ ചിന്തിപ്പിക്കണം. യേശു രോഗിയായ വൃദ്ധസ്ത്രീയെ കൈപിടിച്ച് സുഖപ്പെടുത്തി, മരിച്ചുപോയ പെൺകുട്ടിയെ ഉയർപ്പിച്ചപ്പോൾ കൈപിടിച്ച് ഉയർത്തിയതു പോലെയുള്ള അതേ പ്രവൃത്തി! സ്‌നേഹത്തിന്റെ ആർദ്രമായ ഈ പ്രവൃത്തിയിലൂടെ ശിഷ്യർക്ക് ആദ്യപാഠം നൽകുകയായിരുന്നു യേശു, രക്ഷ അറിയിക്കുന്നത് രോഗിയായ ആ വ്യക്തിക്ക് നൽകുന്ന പരിഗണനയിലൂടെയാണെന്ന ആദ്യ പാഠം.

ഉപഭോക്തൃസംസ്‌കാരം വയോധികരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. തങ്ങൾ വഹിക്കേണ്ടിവരുന്ന ഒരു ഭാരമെന്നതുപോലെ അവരെ മറയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത പ്രബലപ്പെടുന്നു. ജീവിതത്തെ അതായിരിക്കുന്ന രീതിയിൽ ഉൾക്കൊള്ളുന്നതിന് പകരം, പ്രയോജനം അനുസരിച്ച് ജീവിതത്തെ തിരഞ്ഞെടുക്കുക എന്നത് മനുഷ്യത്വത്തോടുള്ള വഞ്ചനതന്നെയാണ്. വയോധികർക്ക് പ്രായത്തിന്റേതായ ജ്ഞാനമുണ്ട്, നമ്മോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ട് എന്നത് വിസ്മരിക്കരുത്.

ആദ്യ പാഠം നൽകിയത് യേശുവാണെതങ്കിൽ, രണ്ടാമത്തെ പാഠം നൽകുന്നത്, എഴുന്നേറ്റ്, അവരെ ശുശ്രൂഷിച്ച ആ വൃദ്ധ സ്ത്രീയാണ്. വൃദ്ധർക്കും സമൂഹത്തെ സേവിക്കാനാകുമെന്ന് വ്യക്തമാക്കപ്പെടുകയാണ് ഇതിലൂടെ. ഒഴിഞ്ഞുമാറാനുള്ള പ്രലോഭനത്തെ അതിജീവിച്ച്, സേവിക്കാനുള്ള ഉത്തരവാദിത്വം മുതിർന്നവർ വളർത്തിയെടുക്കണം. അതുപോലെ, ജീവിതസ്മരണകളും ജീവിതാനുഭവങ്ങളും പങ്കുവെക്കപ്പെടാൻ വയോധികർക്ക് സമീപസ്ഥരാകാൻ കുട്ടികളെ അനുവദിക്കുകയും വേണം. ‘ചെറുപ്പക്കാരും വയോധികരും തമ്മിൽ ആശയവിനിമയം നടത്താൻ എത്രമാത്രം നാം അനുവദിക്കുന്നോ അത്രമാത്രം പ്രതീക്ഷാ നിർഭരമാകും സമൂഹത്തിന്റെ ഭാവി,’ പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?