Follow Us On

03

July

2022

Sunday

പ്രേഷിതദൗത്യം തുടരുക; സീറോ മലബാർ യുവജന പ്രതിനിധികളെ നേരിൽക്കണ്ട്, അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പ

പ്രേഷിതദൗത്യം തുടരുക; സീറോ മലബാർ യുവജന പ്രതിനിധികളെ നേരിൽക്കണ്ട്, അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്തമസാക്ഷികളായി പ്രേഷിതദൗത്യം തീക്ഷ്ണതയോടെ തുടരാൻ സീറോ മലബാർ യുവജനങ്ങൾക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ തോമാശ്ലീഹ സുവിശേഷവുമായി ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തിയതും, ഈ വർഷം തോമാ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷം ആചരിക്കുന്നതും പരാമർശിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ആഹ്വാനം.

‘അപ്പസ്‌തോലന്മാരുടെ വിശ്വാസ ജീവിത സാക്ഷ്യത്തിൽ സ്ഥാപിതമായ സഭ മതപരിവർത്തനത്തിലൂടെയല്ല, മറിച്ച് സാക്ഷ്യത്താലാണ് വളരുന്നത്. മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരും ഉത്തമ സാക്ഷികളായി സഭയെ പടുത്തുയർത്തേണ്ടവരാണ്. നിങ്ങളും അതിനായി വിളിക്കപ്പെട്ടിരിക്കുന്നു. സീറോ മലബാർ രൂപതകളിലെ സമപ്രായക്കാർക്കിടയിൽ മാത്രമല്ല, നിങ്ങളുടെ സമൂഹത്തിന് പുറത്തുള്ളവർക്കിടയിലും ക്രിസ്തുവിനെ അറിയാത്തവർക്കിടയിലും നിങ്ങൾ ക്രിസ്തുവിന്റെ സാക്ഷികളായി മാറണം,’ പ്രവാസികളായ സീറോ മലബാർ യുവജന പ്രതിനിധികളെ പാപ്പ ഉദ്‌ബോധിപ്പിച്ചു.

യേശുവിനെ അനുഗമിക്കുകയും അവിടുത്തെ സ്‌നേഹത്തിന്റെ പാതയിലൂടെ നടക്കുകയും ചെയ്യുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും വിളി. എളുപ്പമല്ലെങ്കിലും, ഈ പാത ആവേശകരവും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നതുമാണ്. സേവനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ജീവിതത്തോട് ‘യേസ്’ എന്നും പൊള്ളയായതിനോട് ‘നോ’ എന്നും പറയാനുള്ള ശക്തി ഇത് നമുക്ക് പ്രധാനം ചെയ്യും. യേശുവിനോട് ചേർന്നുനിന്നാൽ പൊള്ളയായ ഇന്നത്തെ സാംസ്‌ക്കാരിക സാഹചര്യങ്ങളിലും അർത്ഥപൂർണമായ ജീവിതം നയിക്കാനാകുമെന്നും പാപ്പ പറഞ്ഞു.

പരിശുദ്ധ കന്യാമറിയം എലിസബത്തിന്റെ സന്ദർശിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി, ‘ലോക യുവജനസംഗമം 2022’ പ്രമേയമാക്കിയിരിക്കുന്ന ‘മേരി തിടുക്കത്തിൽ യാത്രയായി,’ എന്ന ആപ്തവാക്യം പരാമർശിച്ചുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ മാതൃക പിന്തുടരാനും പാപ്പ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. മറിയവും എലിസബത്തും തമ്മിലുള്ള കണ്ടുമുട്ടൽ യുവജനങ്ങളും മുതിർന്നവരും തമ്മിലുള്ള കണ്ടുമുട്ടലിന്റെ പ്രാധാന്യത്തിന്റെയും ഫലപ്രാപ്തിയുടെയും പ്രചോദനാത്മക ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാശ്ചാത്യനാടുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 17മുതൽ 22വരെ സംഘടിപ്പിച്ചിരിക്കുന്ന ‘എറൈസ് 2022’ൽ 70 യുവജന ശുശ്രൂഷകരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോ മലബാർ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം അതത് രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യവും സംഗമത്തിലുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?