Follow Us On

19

April

2024

Friday

മെക്സിക്കോയിൽ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു; സംഭവം അപരിചിതനെ അക്രമിയിൽ നിന്ന് രക്ഷിക്കുന്നതിനിടെ

മെക്സിക്കോയിൽ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു; സംഭവം അപരിചിതനെ അക്രമിയിൽ നിന്ന് രക്ഷിക്കുന്നതിനിടെ

മെക്‌സിക്കോ സിറ്റി: അക്രമിയെ ഭയന്ന് പ്രാണരക്ഷാർത്ഥം ദൈവാലയത്തിലേക്ക് ഓടിക്കയറിയ ഒരാളെ ആയുധധാരിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവേ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ പർവതമേഖലയായ താരഹുമാരയിൽ സേവനം ചെയ്യുന്ന ജെസ്യൂട്ട് സഭാംഗങ്ങളായ ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം ആയുധധാരികളുടെ അരുംകൊലയ്ക്ക് ഇരയായത്.

വിശ്വാസീസമൂഹത്തെ ഒന്നടങ്കം നടുക്കുന്ന ഈ വാർത്ത മെക്‌സിക്കോയിലെ ജെസ്യൂട്ട് സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ലൂയിസ് ജെറാർഡോ മോറോ മാഡ്രിഡാണ് പുറത്തുവിട്ടത്. സംഭവത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ അദ്ദേഹം, ഇവരുടെ ദാരുണമായ കൊലപാതകങ്ങൾ മെക്‌സിക്കോ ഇപ്പോൾ നേരിടുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്നും വ്യക്തമാക്കി.

ജസ്യൂട്ട് സഭാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂട സംവിധാനങ്ങളുമായി ചേർന്ന് സഭാനേതൃത്വം പ്രവർത്തിക്കുകയാണെന്ന് ഫാ. മാഡ്രിഡ് അറിയിച്ചു. അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്നും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ട അദ്ദേഹം, വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന പ്രസ്താവനയിൽ അഭ്യർത്ഥിക്കുകയും ചെയ്തു.

സഭാംഗങ്ങളായ വൈദീകരുടെ ദാരുണാന്ത്യത്തിൽ ജെസ്യൂട്ട് സഭാ സുപ്പീരിയർ ജനറൽ ഫാ. ആർതുറോ സോസയും ദുഃഖം അറിയിച്ചു. അക്രമ സംഭവങ്ങളിൽ അറുതി വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തന്റെ ചിന്തകളും പ്രാർത്ഥനകളും മെക്‌സിക്കോയിലെ ജെസ്യൂട്ട് സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്നും പറഞ്ഞു.

തലസ്ഥാന നഗരിയായ മെക്‌സിക്കോ സിറ്റിയിൽ ജനിച്ച ഫാ. ജാവിയർ കാംപോസ് 1972ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. നിരവധി സ്ഥലങ്ങളിൽ മിഷണറി ശുശ്രൂഷ നിർവഹിച്ച ഇദ്ദേഹം 2019ലാണ് താരഹുമാരയിലെ സെറോകാഹുയിൽ സേവനം ആരംഭിച്ചത്. ജെസ്യൂട്ട് മിഷന്റെ സുപ്പീരിയർ ചുമതലയ്‌ക്കൊപ്പം താരഹുമാര രൂപതയ്ക്കു കീഴിൽ, തദ്ദേശീയ ജനതയ്ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷയിലും വ്യാപൃതനായിരുന്നു. 1971ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോവാക്വിൻ മോറ 2007ലാണ് സെറോകാഹുയിൽ നിയുക്തനായത്.

ലോകത്ത് വൈദീകർക്കുനേരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന രാജ്യമാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്‌സിക്കോ. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടെ ഏതാണ്ട് 60 വൈദീകർ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാഫിയാ സംഘങ്ങളും ലഹരി കടത്തുകാരും ഉൾപ്പെടെയുള്ളവരിൽനിന്നാണ് വൈദീകരും സഭാ ശുശ്രൂഷകരും പ്രധാനമായും ഭീഷണി നേരിടുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?