Follow Us On

28

March

2024

Thursday

ലോക കുടുംബസംഗമം 2022: റോം ഒരുങ്ങി, തത്സമയ സംപ്രേഷണവുമായി ശാലോം വേൾഡ്

ലോക കുടുംബസംഗമം 2022: റോം ഒരുങ്ങി, തത്സമയ സംപ്രേഷണവുമായി ശാലോം വേൾഡ്

വത്തിക്കാൻ സിറ്റി: നൂറ്റമ്പതിൽപ്പരം രാജ്യങ്ങളിൽനിന്നുള്ള 2000 കുടുംബങ്ങളുടെ പങ്കാളിത്തംകൊണ്ടും ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമാകുന്ന ലോക കുടുംബ സംഗമം (വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസ്- ഡബ്ല്യു.എം.ഒ.എഫ്) തത്സമയം കാണാം ശാലോം വേൾഡ് ടി.വിയിൽ. ഇതിനുപുറമെ ശാലോം വേൾഡിന്റെ വെബ്സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് (ജൂൺ 22) വത്തിക്കാൻ സമയം വൈകിട്ട് 6.00ന് ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന ‘ഫെസ്റ്റിവെൽ ഓഫ് ഫാമിലീസ്’ സെഷനോടെ തുടക്കം കുറിക്കുന്ന 10-ാമത് ലോക കുടുംബസംഗമത്തിന് 26ന് സമാപനമാകും.

‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാർഗവും’ എന്നതാണ് ഇത്തവണത്തെ ലോക കുടുംബ സംഗമത്തിന്റെ ചിന്താവിഷയം. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, പോൾ ആറാമൻ ഹാൾ, സാൻജിയോവാനി ഇൻ ലാത്തറാനോ ചത്വരം എന്നിവിടങ്ങളാണ് പ്രധാന വേദികൾ. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുംവിധമുള്ള ചർച്ചകളും ക്ലാസുകളുമാണ് ലോക കുടുംബസംഗമത്തിലുണ്ടാവുക.

സംഗമത്തിൽ പങ്കെടുക്കുന്നവർക്കൊപ്പമുള്ള പേപ്പൽ ദിവ്യബലി 25ന് വൈകിട്ട് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടെ സംഗമത്തിന് തിരശീല വീഴുമെങ്കിലും പിറ്റേന്ന് ജൂൺ 26 ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ ലോക കുടുംബ സംഗമത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവരെ പാപ്പ അഭിസംബോധന ചെയ്യും. സമാപന സന്ദേശത്തോടൊപ്പം, അടുത്ത സംഗമവേദിയെ കുറിച്ചുള്ള പ്രഖ്യാപനവും ഉണ്ടാകും.

കുടുംബബന്ധങ്ങൾ സുദൃഢമാക്കുക, മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന് വഴിയൊരുക്കുക, ഗാർഹികസഭ എന്നനിലയിൽ കുടുംബപ്രേഷിതദൗത്യം സജീവമാക്കുക, നല്ലവ്യക്തികളെ വാർത്തെടുക്കുന്നതിൽ കുടുംബത്തിനുളള സ്ഥാനം ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് ‘ലോക കുടുംബസംഗമ’ത്തിനുള്ളത്. ‘കുടുംബങ്ങൾക്കും അൽമായർക്കും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് മൂന്നു വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന ന്റെ സംഘാടകർ.

ഏതാണ്ട് 150ൽപ്പരം രാജ്യങ്ങളിൽനിന്ന് 2000 കുടുംബങ്ങളാണ് ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുക. മൂന്ന് വർഷംതോറും കൂടുന്ന സംഘടിപ്പിക്കുന്ന ‘ലോക കുടുംബസംഗമ’ത്തിൽ ഇതിനേക്കാളേറെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് 2000 കുടുംബങ്ങൾക്കായി പരിമിതപ്പെടുത്തുകയായിരുന്നു. റോം (1994) ബ്രസീൽ (1997), റോം (2000), ഫിലിപൈൻസ് (2003), സ്പെയിൻ (2006), മെക്സിക്കോ (2009), ഇറ്റലി (2012), അമേരിക്ക (2015), അയർലൻഡ് (2018) എന്നിവയാണ് ലോക കുടുംബ സംഗമത്തിന് ആതിഥേയത്വം വഹിച്ച മറ്റ് രാജ്യങ്ങൾ.

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?